വിഷ് ചെയ്ത് മമ്മൂട്ടി മുതല്‍ ജൂനിയര്‍ എന്‍.ടി.ആര്‍ വരെ; ‘വിശ്വശാന്തി’ സമ്മാനിച്ച് മോഹന്‍ലാല്‍

mohan-blog
SHARE

ഇന്ന് മലയാള സിനിമയുടെ സുവര്‍ണ്ണദിനങ്ങളിലൊന്ന്. മലയാളത്തിന്‍റെ അഭിമാനം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനം. ഇഷ്ടതാരത്തിന്‍റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. പ്രിയതാരത്തിന് സിനിമാ ലോകത്ത് നിന്ന് നിരവധി ആശംസകളാണ് ലഭിച്ചത്. ഹാപ്പി ബര്‍ത് ഡേ ഡിയര്‍ ലാല്‍ എന്ന്  മമ്മൂട്ടി നേര്‍ന്നത് രണ്ട് പേരുടെയും ആരാധകര്‍ക്ക് ആവേശമായി. മലയാള സിനിമയുടെ ഹൃദയം കവർന്ന ‘കൊച്ചുണ്ണി’ക്ക് എന്റെ ഒരായിരം ജന്മദിനാശംസകൾ. എന്നായിരുന്നു സുരേഷ് ഗോപി കുറിച്ചത്. 

ഹാപ്പി ബര്‍ത് ഡേ എല്‍ ഏട്ടന്‍ എന്ന് പ്രിഥ്വിരാജ് കുറിച്ചപ്പോള്‍ പ്രിയ ലാലുവിന് പിറന്നാള്‍ ആശംസകളുമായി സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശന്‍ എത്തി. ടൊവിനോ തോമസ്, ഗോകുല്‍ സുരേഷ്, നിവിന്‍ പോളി, സണ്ണി വെയ്ന്‍, ആന്റണി വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, അനു സിതാര, ജയസൂര്യ തുടങ്ങിയ യുവതാരനിരയും മത്സരിച്ച് ലാലേട്ടന് ആശംസകള്‍ നേര്‍ന്നു. മലയാളത്തില്‍ നിന്നു മാത്രമല്ല തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും ആശംസകളെത്തി. ഹാപ്പി ബര്‍ത്ഡേ മോഹന്‍ലാല്‍ സര്‍ എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ ട്വിറ്ററില്‍ കുറിച്ചത്. ഒടിയന്റെ ലൊക്കേഷനിലെ ചിത്രം പങ്കുവെച്ചാണ് ആക്ഷന്‍ സംവിധായകന്‍ പീറ്റര്‍ ഹെയ്ന്‍ ആശംസ നേര്‍ന്നത്.

പിറന്നാള്‍ ദിനത്തില്‍ മോഹൻലാൽ, ആരാധകർക്ക് നൽകിയത് സർപ്രൈസ് സമ്മാനമായിരുന്നു. മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ തന്റെ പുതിയ ചിത്രമായ നീരാളിയുടെ ട്രെയിലർ ആരാധകർക്കുവേണ്ടി പങ്കുവെച്ചു. വന്‍ സ്വീകരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.  ഇന്ന് ബ്ലോഗ് എഴുതാനും താരം മറന്നില്ല. 'വിശ്വശാന്തി എന്ന പ്രാര്‍ത്ഥന' എന്ന തലക്കെട്ടോടു കൂടിയ ബ്ലോഗാണ് താരം പങ്കുവെച്ചത്. ലണ്ടനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ലാല്‍ ഈ ബ്ലോഗ് എഴുതിയത്. 

പിറന്നാള്‍ ദിനത്തില്‍ താന്‍ ഒരിക്കലും തന്നെക്കുറിച്ച് ചിന്തിക്കാറില്ല, മാതാപിതാക്കളെയാണ് ഓര്‍ക്കുക എന്നാണ് ബ്ലോഗില്‍ ലാല്‍ കുറിച്ചിരിക്കുന്നത്. തന്‍റെ സംരംഭമായ വിശ്വശാന്തി ഡെവലപ്പ്മെന്‍റ് ഫൗണ്ടേഷനെക്കുറിച്ചാണ് ലാല്‍ ബ്ലോഗില്‍ പറയുന്നത്. അച്ഛന്‍റെയും അമ്മയുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ പേരിട്ടിരിക്കുന്നതെന്നും ലാല്‍ എഴുതുന്നു. ' എന്‍റെ എല്ലാ ആരാധകരെയും അഭ്യുദയകാംക്ഷികളെയും ഈ സംരംഭത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കുന്നു. എനിക്കായി നിങ്ങള്‍ക്ക് തരാന്‍ കഴിയുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം അതായിരിക്കും' ലാല്‍ ബ്ലോഗില്‍ കുറിച്ചു.

MORE IN ENTERTAINMENT
SHOW MORE