ഞാൻ എന്നെന്നേക്കുമായി അകത്തുപോകുമെന്ന് കരുതിയോ...? സൽമാന്റെ മറുപടിക്ക് വിമർശനം

salman-khan
SHARE

കൃഷ്ണമൃഗ വേട്ടക്കേസിൽ നടൻ സൽമാൻ ഖാന്‍ അഞ്ച് വർഷം ജയിൽ ശിക്ഷ വിധിച്ചപ്പോൾ നെഞ്ചിടിച്ചത് ബോളിവുഡിലെ നിർമാതാക്കളുടേയും സംവിധായകരുടേതുമാണ്. സൽമാനെ നായകനാക്കി കോടികളുടെ പ്രൊജക്ടുകളാണ് അണിയറയിലൊരുങ്ങിയിരുന്നത്.  വിധിയെത്തുടർന്ന് സൽമാന്റെ സിനിമകളിൽ കോടികൾ നിക്ഷേപിച്ച നിർമാതാക്കൾക്ക് ഉറക്കമില്ലാ രാത്രികളായിരുന്നു. ജാമ്യത്തിലിറങ്ങിയ സൽമാൻ സിനിമകളുടെ തിരക്കുകളിലേക്ക് നീങ്ങുകയും ചെയ്തു. സൽമാൻ നായകനായ പുതിയ ചിത്രം റേസ് 3യുടെ ട്രെയിലർ ലോഞ്ചിനിടെ മാൻവേട്ടക്കേസിനെക്കുറിച്ച് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു. ഈ ചോദ്യത്തിന് സൽമാൻ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിനിടയാക്കിയത്.  

റേസ് 3യുടെ ചിത്രീകരണ സമയത്ത് മാൻവേട്ട കേസിലെ കോടതിവിധി സൽമാനെ ഏതെങ്കിലും വിധത്തിൽ സമ്മർദ്ദത്തിലാക്കിയിരുന്നോ എന്നായിരുന്നു ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യം. പരിപാടിയുടെ കോ ഓർഡിനേറ്റർ ഈ ചോദ്യം വിലക്കി; ആദ്യം മടിച്ചെങ്കിലും സൽമാൻ മറുപടി നൽകുകയായിരുന്നു.  ഞാന്‍ എന്നെന്നേക്കുമായി അകത്ത് പോകുമെന്നാണോ നിങ്ങൾ കരുതിയത്?  എന്നാണ് സൽമാൻ ചോദിച്ചത്. ഇല്ല എന്ന് മറുപടി നൽകിയ മധ്യപ്രവർത്തകനോട് നന്ദിയുണ്ട്. ഞാന്‍ വിഷമിച്ചിരിക്കുകയായിരുന്നു എന്ന് സൽമാൻഖാൻ മറുപടി നൽകി. 

സൽമാന്റെ ഈ മറുപടിയെ സമൂഹമാധ്യങ്ങളിൽ പലരും വിമർശിച്ച് രംഗത്തെത്തി. പണവും പ്രശസ്തിയും ഉള്ളയാൾക്ക് എളുപ്പത്തിൽ ഊരിപ്പോകാവുന്ന രാജ്യത്തെ നീതിവ്യവസ്ഥയെയാണ് പലരും കുറ്റപ്പെടുത്തുന്നത്. ഞങ്ങൾ ഇന്ത്യക്കാരാണെന്നും പണത്തിന്റെ ശക്തി ഞങ്ങൾക്കറിയാമെന്നും പോലീസും നീതിയുമെല്ലാം മികച്ച ലേലം വിളിക്കാരന് വിൽക്കപ്പെടുന്നതാണെന്നും വിമർശന ശരങ്ങൾ പ്രവഹിക്കുന്നു. 

നിയമലംഘനങ്ങൾക്കു പലതവണ പിടിയിലായ സൽമാൻ ഖാനെതിരെ മൃഗവേട്ടയ്ക്കു റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള മൂന്നാമത്തെ കേസിലാണ് അഞ്ച് വർഷം തടവു ശിക്ഷ വിധിച്ചത്. 19 കൊല്ലം ‘വേട്ടയാടി’യ ഈ കേസിലാണ് താരം ഒടുവിൽ നിയമത്തിന്റെ വലയിലായത്. കേസിനാസ്പദമായ സംഭവം നടന്നത് 1998 ഒക്ടോബർ ഒന്നിനു രാത്രി. ജോധ്പുരിൽ ‘ഹം സാത് സാത് ഹേ’ സിനിമയുടെ ചിത്രീകരണത്തിനായി താമസിക്കുന്നതിനിടെയാണു താരങ്ങൾ വേട്ടയ്ക്കു പോയത്. കൃഷ്ണമൃഗത്തെ ആരാധനയോടെ കാണുന്ന ബിഷ്ണോയ് വിഭാഗക്കാരുടെ കൻകാനി ഗ്രാമത്തിലാണു രണ്ടു കൃഷ്ണമൃഗങ്ങൾ വെടിയേറ്റു വീണത്. 

MORE IN ENTERTAINMENT
SHOW MORE