എല്ലാ പട്ടികള്‍ക്കും ഒരു ദിവസമുണ്ട്..! ഈ മണി രജനിക്കൊപ്പം താരമായ കഥ

kala-rajani
SHARE

എവരി ഡോഗ് ഹാസ് എ ഡേ... എല്ലാ പട്ടിക്കും ഒരു ദിവസമുണ്ടെന്നത് പറഞ്ഞുപഴകിയൊരു പറച്ചിലാണ്. ഇനിയത് വെറുതെ പറയുന്നതാണെന്നു കരുതി പുച്ഛിച്ച് തള്ളേണ്ട. മണിയുടെ ജീവിതം ഒന്ന് കേട്ടോളൂ. കുറച്ചുനാൾ മുന്‍പുവരെ ചെന്നൈയിലെ തെരുവിൽ അലഞ്ഞുതിരിഞ്ഞാണ് മണി കഴിഞ്ഞത്. എച്ചിൽകൂമ്പാരങ്ങളുടെ ഇടയിൽ മാലിന്യത്തിന്റെ ഇടയിൽ കടത്തിണ്ണയിൽ മണി അലഞ്ഞു നടന്നു. ഇപ്പോൾ പക്ഷെ അതല്ല അവസ്ഥ. 

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം കാലായുടെ പോസ്റ്ററിൽ ഗമയിൽ താരത്തോടൊപ്പം ചേർന്നുനിൽക്കുന്നത് മണിയാണ്. കാലായിൽ രജനിയുടെ അരുമയായ വളർത്തുനായയാണ് മണി. തെരുവിൽ നിന്നാണ് ഡോഗ് ട്രെയിനർ സൈമണിന് മണിയെ കിട്ടുന്നത്. 

സിനിമയ്ക്കു വേണ്ടി ഒരു നായയെ വേണമെന്ന് സംവിധായകൻ പാ രഞ്ജിത്ത് പറഞ്ഞു. ജര്‍മന്‍ ഷെപ്പേഡ്, ലാബ്രഡോര്‍, ഡാല്‍മേഷന്‍, റോട്ട് വീലര്‍ തുടങ്ങിയ വിദേശ ബ്രീഡുകളെ സൈമൺ രഞ്ജിത്തിനെ കാണിച്ചു. എന്നാൽ രഞ്ജിത്തിനും രജനിക്കും ഒന്നിനെപ്പോലും ഇഷ്ടമായില്ല. മുപ്പതോളം നായ്ക്കളെ രജനി വേണ്ടെന്നു പറഞ്ഞപ്പോള്‍ സൂപ്പര്‍ താരത്തോടൊപ്പം പ്രവർത്തിക്കുവാനുള്ള അവസരം നഷ്ടപ്പെടുമോയെന്ന് സൈമണ്‍ ഭയന്നു തുടങ്ങി.

അങ്ങനെയിരിക്കെയാണ് ആക്‌സ്മികമായി ചെന്നൈയിലെ തെരുവില്‍ വച്ച് സൈമണ്‍ മണിയെ കാണുന്നത്. ഉടന്‍ തന്നെ മണിയുടെ ഒരു ചിത്രം സൈമണ്‍ രജനിക്ക് അയച്ചു. രജനിക്ക് മണിയെ വളരെ ഇഷ്ടമായി. അപ്പോൾ തന്നെ മണിയെ പിടികൂടി വേണ്ട വാക്‌സിനുകള്‍ നല്‍കി. കഷ്ടപ്പെട്ടു പരിശീലിപ്പിച്ചു. ദിവസങ്ങൾക്കുള്ളിൽ തന്നെ മണി പുതിയ ജീവിതവുമായി പരിചയിച്ചു തുടങ്ങി. പരിശീലിച്ച് മിടുക്കനാക്കി മുമ്പിലെത്തിച്ചപ്പോൾ മണിയെ രജനിക്കും റൊമ്പ ഇഷ്ടം. 

സൂപ്പര്‍ താരത്തിനോടൊപ്പം വേഷമിട്ടതിനാല്‍ രണ്ടര വയസ്സുകാരനായ മണിക്കിപ്പോൾ ആവശ്യക്കാര്‍ ഏറെയാണ്. 2 മുതൽ 3 കോടി രൂപ വരെയാണ് അവന്റെ വില. പക്ഷേ മണിയെ ആർക്കും വിട്ടുകൊടുക്കാന്‍ സൈമണിന് മനസ്സ് വരുന്നില്ല. ആയിരത്തോളം സിനിമകളുടെ ഭാഗമായിട്ടുണ്ടങ്കിലും ‘കാലാ’ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണെന്ന് സൈമൺ പറയുന്നു. കാലായ്ക്കു ശേഷം മണി നാലു സിനിമകളിൽ അഭിനയിച്ചു. കുറുമ്പനായ മണിയെക്കുറിച്ച് വിശേഷങ്ങൾ പലതും പറയാനുണ്ട് സൈമണിന്. ‘‘ ഇവൻ അടങ്ങിയിരിക്കുകയില്ല. ഇവനെ കുളിപ്പിക്കുമ്പോള്‍ നമ്മളാണ് കുളിയ്ക്കുക.’’ സൈമണ്‍ ചിരിയോടെ പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE