പുതിയ വിജയ് ചിത്രം നീറ്റിനെതിരായ പോരാട്ടമോ? സൂചനകള്‍ വിരല്‍ചൂണ്ടുന്നത്

Vijay-new-film
SHARE

അടുത്ത വിജയ് ചിത്രം നീറ്റിനെതിരായ പോരാട്ടമോ? ആശുപത്രി മാഫിയക്കെതിരെയും ഡിജിറ്റല്‍ ഇന്ത്യക്കെതിരെയും ജിഎസ്ടിക്കെതിരെയുമെല്ലാം പ്രതിഷേധവുമായെത്തിയ വിജയ് ചിത്രമായിരുന്നു മെര്‍സല്‍. അതുകൊണ്ടുതന്നെ ചിത്രം വലിയ വിവാദവുമായിരുന്നു. വിജയ്ക്കെതിരെ തമിഴ്നാട്ടില്‍ ജാതിപറഞ്ഞുവരെ അധിക്ഷേപമുയര്‍ന്നു. ബി.ജെ.പി നേതാക്കളായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഡോകടര്‍മാരെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ചില സംഘടനകളും രംഗത്തെത്തിയിരുന്നു. വിവാദ കൊടുങ്കാറ്റില്‍ കുലുങ്ങാതെ ഉറച്ചുനിന്നു വിജയ്​യും സംഘവും. ചിത്രം വലിയ ഹിറ്റിലേക്കും കുതിച്ചു. വിജയാരവം നിലയ്ക്കുന്നതിന് മുമ്പ് അടുത്ത വിജയ് ചിത്രം പ്രഖ്യാപിച്ചിരുന്നു. സണ്‍ പിക്ചേഴ്സ് ആണ് ഇളയദളപതി നായകനാവുന്ന അറുപത്തിരണ്ടാമത്തെ ചിത്രം ചെയ്യുന്ന വിവരം പുറത്തുവിട്ടത്. എന്നാല്‍ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിട്ടില്ല. അതിനിടെയാണ്, ചിത്രം എന്ത് വിഷയമായിരിക്കും ചര്‍ച്ച ചെയ്യുക എന്ന ചോദ്യം ഉയര്‍ന്നത്. 

Vijay-new-film-1

തമിഴ്നാട്ടില്‍ ഉയര്‍ന്നുവന്ന നീറ്റിനെതിയുള്ള പ്രതിഷേധം ചിത്രത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. നീറ്റിനെതിരായുള്ള പ്രതിഷേധമായി സിനിമയിലെ സംഭാഷണങ്ങള്‍ മാറിയാല്‍ വലിയ സ്വീകാര്യത കിട്ടും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. രണ്ടായിരത്തോളം ബൈക്കുകള്‍ അണിനിരത്തിയുള്ള രംഗം കഴിഞ്ഞ ദിവസം ഷൂട്ട് ചെയ്തിരുന്നു. പൂര്‍ണമായും വിജയ് ഫാന്‍സുകാരെ ഉള്‍പ്പെടുത്തിയാണ് രംഗം ചിത്രീകരിച്ചിരിക്കുന്നത്.

നീറ്റ് പരീക്ഷയ്ക്കെതിരെ നിയമ പോരാട്ടം നടത്തി, ഒടുവില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അരിയല്ലൂരിലെ പ്ലസ് ടു വിദ്യാര്‍ഥിനി അനിതയുടെ വീട്ടില്‍ വിജയ് സന്ദര്‍ശനം നടത്തുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ കൊണ്ടാണ് നീറ്റും ചര്‍ച്ച ചെയ്യുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നത്. എ.ആര്‍.മുരുകദാസ് ആണ് സംവിധാനം. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കീര്‍ത്തി സുരേഷ് നായികയാവുന്ന ചിത്രത്തില്‍ എ.ആര്‍.റഹ്മാനാണ് സംഗീതം എന്ന പ്രത്യേകതയും ഉണ്ട്. ദീപാവലി റിലീസ് ലക്ഷ്യമിട്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE