ഗപ്പി കഴിഞ്ഞ് ‘അമ്പിളി’യുമായി ജോണ്‍പോള്‍; സൗബിനൊപ്പം നായകനായി നസ്രിയയുടെ സഹോദരനും

ambili-soubin
SHARE

മലയാളത്തില്‍ പുതിയ ഭാവുകത്വത്തിന്‍റെ ഒളിമിന്നലുകള്‍ തെളിഞ്ഞ ‘ഗപ്പി’ക്ക് ശേഷം പുതിയ ചിത്രവുമായി ജോണ്‍പോള്‍ ജോര്‍ജ് വീണ്ടും. 

റോഡ് മൂവീയുമായാണ് ഏറെ പ്രശംസകള്‍ സ്വന്തമാക്കിയ ഗപ്പിയുടെ സംവിധായകന്‍ രണ്ടാംചിത്രത്തിലേക്ക് കടക്കുന്നത്. സുഡാനി ഫ്രം നൈജീരിയ്ക്ക് പിന്നാലെ നായകനിരയിലേക്ക് ഉയര്‍ന്ന സൗബിന്‍ ഷാഹിറാണ് ‘അമ്പിളി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നായകന്‍. ടൈറ്റില്‍ റോളിലാണ് സൗബിന്‍. നസ്‌റിയാ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് അമ്പിളി. പുതുമുഖം തന്‍വി റാം ആണ് നായിക. 

thanvi-ram
തന്‍വി റാം

ഗപ്പി ഉള്‍പ്പെടെ മലയാള സിനിമയിലെ പുതുനിര ചിത്രങ്ങള്‍ ഒരുക്കിയ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ ഈ വര്‍ഷം അവസാനത്തോടെ തിയറ്ററുകളിലെത്തും. 

ഗപ്പി തിയറ്ററിലെത്തി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോണ്‍പോളിന്റെ പുതിയ ചിത്രം ഒരുങ്ങുന്നത്. ടൊവിനോയുടെ പിറന്നാള്‍ ദിവസം ആരാധകര്‍ മുന്‍കയ്യെടുത്ത് ഗപ്പി റീ റിലീസ് ചെയ്തിരുന്നു. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെ സംഗീത സംവിധായകന്‍. ഗപ്പിയിലെ പാട്ടുകള്‍ക്ക് വിഷ്ണുവിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ എഡിറ്ററായിരുന്ന കിരണ്‍ ദാസ് ആണ് എഡിറ്റര്‍. വിനേഷ് ബംഗ്ലാന്‍ കലാസംവിധാനവും മഷര്‍ ഹംസ കോസ്റ്റിയൂം ഡിസൈനിംഗും, ആര്‍ ജി വയനാടനാണ് മേക്കപ്പും നിര്‍വഹിക്കുന്നു. പ്രേംലാല്‍ കെകെ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. സൂരജ് ഫിലിപ്പ് ആണ് ലൈന്‍ പ്രൊഡ്യൂസര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

സിനിമയുടെ ആദ്യലുക്ക് ദുല്‍ഖര്‍ സല്‍മാന്‍ അടക്കം പ്രമുഖരാണ് പുറത്തുവിട്ടത്. സിനിമ പ്രഖ്യാപിച്ച് ജോണ്‍പോളിന്‍റെ വാക്കുകള്‍: 

ഗപ്പി പ്രേക്ഷകരിലെത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാവുന്ന സിനിമകളെക്കുറിച്ച് സംസാരമുണ്ടാകുമ്പോള്‍ അക്കൂട്ടത്തിലേക്ക് ഗപ്പി കടന്നുവരുന്നത് കാണുമ്പോഴുള്ള ആഹ്ലാദം ചെറുതല്ല. രണ്ടാമത്തെ സിനിമയുടെ തയ്യാറെടുപ്പിലായിരുന്നു ഇതുവരെ. ആ സിനിമയെക്കുറിച്ചാണ് പറയാനുള്ളത്. അമ്പിളി എന്നാണ് പേര്. 
പേരിലുണ്ട് അമ്പിളി കുറച്ചൊക്കെ. സൗബിന്‍ ഷാഹിറാണ് നായകന്‍. നവിന്‍ നസീം എന്ന നായകനെയും തന്‍വി റാം എന്ന നായികയെയും അമ്പിളിക്കൊപ്പം പരിചയപ്പെടുത്തുന്നുണ്ട്. ഉപാധികളില്ലാത്ത സ്‌നേഹത്തിന് മുന്നില്‍ അതിരുകളില്ലാത്ത ലോകം സാധ്യമാകുമെന്ന ആഗ്രഹത്തെയാണ് ഗപ്പിയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. ജീവിക്കുന്ന കാലത്തോട് ചേര്‍ന്ന് നിന്നാണ് രണ്ടാമത്തെ സിനിമയും ചെയ്യാന്‍ ശ്രമിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്‌നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരുണ്ട്. അവരെക്കുറിച്ച് പറയാനാണ് അമ്പിളിയിലൂടെ ശ്രമിക്കുന്നത്. എല്ലാവര്‍ക്കും സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകള്‍.

MORE IN ENTERTAINMENT
SHOW MORE