മമ്മൂട്ടിച്ചിത്രവുമായി മുന്നോട്ടെന്ന് മിഥുന്‍; ‘കുഞ്ഞച്ചനുനേരെ കാടടച്ച് വെടിവയ്ക്കരുത്’

midhun-kunjachan
SHARE

എല്ലാവരെയും ഞെട്ടിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെ കോട്ടയം കുഞ്ഞച്ചന്‍ വിവാദങ്ങളിലേക്കും കടക്കുന്നു. വിവാദങ്ങള്‍ കാര്യമാക്കുന്നില്ലെന്നും മമ്മൂട്ടിച്ചിത്രവുമായി മുന്നോട്ടുപോകുമെന്നും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് മനോരമ ന്യൂസ്ഡോട്ട്കോമിനോട് പറ‍ഞ്ഞു. കോട്ടയം കുഞ്ഞച്ചന് രണ്ടാംഭാഗം ഒരുങ്ങുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ എതിര്‍പ്പുമായി ആദ്യസിനിമയുടെ സംവിധായകന്‍ ടി.എസ്.സുരേഷ്ബാബുവും നിര്‍മാതാവ് എം.മണിയും രംഗത്തെത്തിയതിന് പിന്നാലെയാണ് മിഥുന്‍റെ വിശദീകരണം. 

മിഥുന്‍ പറഞ്ഞത് ഇങ്ങനെ: കൂടുതൽ പറയേണ്ടത് ഒരു നിർമാതാവെന്ന നിലയിൽ വിജയ്ബാബുവാണ്. അദ്ദേഹം അത് പറയുകതന്നെ ചെയ്യും. ഇപ്പോൾ കാടടച്ച് വെടിവയ്ക്കുന്ന പോലെയാണ് ചില പ്രതികരണങ്ങളും വാർത്തകളും ചിത്രത്തെപ്പറ്റി ഉയരുന്നത്. ഒന്നുമാത്രം പറയാം, എന്തുവന്നാലും മമ്മൂട്ടിച്ചിത്രവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഇപ്പോൾ ഉയരുന്ന ഇൗ പ്രശ്നങ്ങൾക്ക് പിന്നിലെന്താണെന്ന് എനിക്കും അറിയില്ല. പ്രഖ്യാപനത്തിന് മുൻപ് നിർമാതാവ് വിജയ്ബാബു ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. അത് അദ്ദേഹം ഇന്ന് വൃക്തമാക്കിയതുമാണ്. ചിത്രം പ്രഖ്യാപിക്കുന്നതിന് മുൻപ് കോട്ടയം കുഞ്ഞച്ചന്റെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനോട് ഞാനും സംസാരിച്ചതാണ്. അദ്ദേഹം നൂറുശതമാനം സന്തോഷത്തോടെയാണ് അതിനോട് പ്രതികരിച്ചതും. ഇനിയുള്ള കാര്യങ്ങൾ സാങ്കേതികമായുള്ള ചില പ്രശ്നങ്ങളാണെന്നാണ് എനിക്ക് തോന്നുന്നത്. ഇത് ചർച്ചയിലൂടെ പരിഹരിക്കാമെന്നാണ് പ്രതീക്ഷ. വിജയ് ബാബു തീരുമാനിക്കുന്നത് പോലെ കാര്യങ്ങൾ മുന്നോട്ട് പോകും. അവസാന നിമിഷമുണ്ടായ ഇൗ വിവാദങ്ങൾ എന്നെ ബാധിക്കുന്നതല്ല. ഞാൻ ഇൗ സിനിമയുമായി മുന്നോട്ട് പോകും. 

mammootty-kunjachan

സിനിമയുമായി യാതൊരു എതിര്‍പ്പുമില്ലെന്ന് കഴിഞ്ഞ ദിവസം ആദ്യ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മനോരമ ന്യൂസ്ഡോട്ട്കോമിനോട് പറഞ്ഞിരുന്നു. 15 വർഷം മുൻപ് തന്നെ ഇതിന്റെ രണ്ടാംഭാഗത്തിന്റെ ആലോചനകൾ സുരേഷ് ബാബുവിനുണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 

മമ്മൂട്ടിയും വിളിച്ചു; താനും ത്രില്ലില്‍; കുഞ്ഞച്ചന്‍ 2 വൈകിയതിങ്ങനെ: ഡെന്നീസ് ജോസഫ് അഭിമുഖം

mammootty-fb

പകർപ്പവകാശം നൽകിയിട്ടില്ലെന്ന് നിർമാതാവ് എം.മണി വ്യക്തമാക്കിയതോടെയാണ് ചിത്രത്തെക്കുറിച്ചുള്ള വിവാദം ചൂടുപിടിച്ചത്. വിവാദത്തിനെതിരെ രണ്ടാം ഭാഗം പ്രഖ്യാപിച്ച വിജയ്ബാബുവും രംഗത്തെത്തി. ഒരുമാസം മുൻപ് എം.മണിയോട് കോട്ടയം കുഞ്ഞച്ചൻ 2നെ പറ്റി സംസാരിച്ചതാണെന്ന് അദ്ദേഹം മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  സംവിധായകന്റെയും നിർമാതാവിന്റെയും തിരക്കഥാകൃത്തിന്റെയും അനുവാദം വാങ്ങിയിരുന്നതുമാണ്. ചിത്രം പ്രഖ്യാപിച്ചതിന് ശേഷമുള്ള ഇൗ വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. കുഞ്ഞച്ചന്റെ മാനറിസമുള്ള കഥാപാത്രമാണ് പുതിയ ചിത്രത്തിലേതെന്നാണ് വിജയ്ബാബു പറയുന്നത്. ആദ്യഭാഗത്തിന്റെ അണിയറക്കാർക്ക് പ്രശ്നമുണ്ടെങ്കിൽ ഇൗ പേരിൽ ചിത്രം ചെയ്യുന്നില്ലെന്നും വിജയ് പറയുന്നു. ഏതായാലും പ്രഖ്യാപിച്ച മമ്മൂട്ടി ചിത്രത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് മിഥുനും വിജയ്ബാബുവും പ്രതികരിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE