യേശുദാസിനെപ്പോലെ പാടി..!’ യുവഗായകന് സംസ്ഥാന അവാര്‍ഡ് നഷ്ടമായതിന് ജൂറിയുടെ വിചിത്ര ന്യായം

yesudas-kollm-abhijith
SHARE

യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് യുവഗായകന് സംസ്ഥാന പുരസ്കാരം നിഷേധിച്ചതായി റിപ്പോര്‍ട്ട്.  അഭിജിത്ത് വിജയൻ എന്ന യുവഗായകനാണ് പുരസ്കാരം നഷ്ടമായത്. ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയൻ പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്കാരത്തിനായി അവസാന റൗണ്ടിൽ എത്തിയത്. അവാർഡ് നിർണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങൾക്കു മനസ്സിലായതെന്നാണ് വാര്‍ത്ത. 

അഭിജിത്ത് യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതോടെ അവാർഡ് മായാനദിയുടെ പേരില്‍ ഷഹബാസ് അമന് നൽകാൻ തീരുമാനിച്ചു. ചിത്രത്തില്‍ ഷഹബാസ് അമൻ പാടിയ ‘മിഴിയിൽ നിന്നും മിഴിയിലേക്ക്...’ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം നൽകിയത്. ഇൗ രണ്ട് ഗാനങ്ങളുമായിരുന്നു അവസാനറൗണ്ടിൽ മത്സരിച്ചത്.

ജൂറി അംഗവും സംഗീത സംവിധായകനുമായ ജെറി അമൽ ദേവ് അവാർഡ് നിർണയത്തെക്കുറിച്ച് മനോരമ ഓണ്‍ലൈനിനോട് പറയുന്നതിങ്ങനെ:

‘ഭയാനകത്തിലെ പാട്ടു പാടിയ അഭിജിത്തിന് മികച്ച ഗായകനുള്ള പുരസ്കാരം ലഭിക്കുന്നതിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹം യേശുദാസിന്റെ ശബ്ദം അനുകരിക്കുകയാണെന്നൊരു അഭിപ്രായം ജൂറി അംഗങ്ങൾക്കിടയിലുണ്ടായി. യേശുദാസിനെക്കുറിച്ച് ആർക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ല. അതുകൊണ്ടല്ല അഭിജിത്തിന് അവാർഡ് നൽകാതിരുന്നതും. ഒരു ഗായകൻ അയാളുടെ ശരിക്കുള്ള സ്വരത്തിൽ വേണം പാടാൻ എന്ന അഭിപ്രായം എനിക്കുണ്ട്.’

അഭിജിത്തിന്റെ സ്വരവും യേശുദാസിന്റെ സ്വരവും തമ്മിൽ സാമ്യമുള്ളതിനാൽ അങ്ങനെ തോന്നിയതാവില്ലേ എന്ന ചോദ്യത്തിന്, യേശുദാസ് ഉപയോഗിക്കാറുള്ള ചില ‘സംഗതികൾ’ പോലും അതേ പടി പകർത്താൻ അഭിജിത്ത് ശ്രമിച്ചുവെന്നാണ് ജെറി അമൽ ദേവ് മറുപടി പറഞ്ഞത്. എം.കെ അർജുനൻ മാസ്റ്റർക്ക് ഇത്തവണത്തെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്തതും ഭയാനകത്തിലെ പാട്ടുകളാണ്.

MORE IN ENTERTAINMENT
SHOW MORE