ആദിയും രാമലീലയുമല്ല എന്‍റെ പ്രണവ് ചിത്രം; ലാലേട്ടന്റെ ഒാള്‍ ദ ബെസ്റ്റ് ഊര്‍ജം: അരുണ്‍ ഗോപി പറയുന്നു

arun-gopi-one
SHARE

പ്രണവുമൊത്തുള്ള പുതിയ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ അരുൺ ഗോപി സംസാരിക്കുന്നു

രാജാവിന്റെ മകന്റെ രണ്ടാമൂഴത്തിന് സമയമായി. വിജയമായി മാറിയ ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായിയെത്തുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ഗോപിയാണ്. ചിത്രീകരണം ജൂണില്‍ ആരംഭിക്കുമെന്നും ആദിയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാകും ചിത്രമെന്നും അരുണ്‍ ഗോപി മനോരമ ന്യൂസ്ഡോട്ട്കോമിനോട് പ്രതികരിച്ചു. ഇരുവരുടെയും രണ്ടാമത്തെ ചിത്രമാണെന്ന പ്രത്യേകത സിനിമയുടെ ഹൈലൈറ്റാണ്.  ഏറെ വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടെ തിയറ്ററിലെത്തിയ രാമലീല വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. രാമലീലയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം തന്നെയാണ് പുതിയ ചിത്രവും നിര്‍മിക്കുന്നത്. അരുണ്‍ഗോപി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് 

arun-gopi-1

‘ആദിയുടെ റിലീസിന് ശേഷമാണ് പ്രണവിനോട് ഇൗ കഥ പറയുന്നത്. നന്നായി ആലോചിച്ച് തീരുമാനമെടുക്കുന്ന ആളാണ് പ്രണവ്. അദ്ദേഹം ഒരുപാട് ആലോചിച്ചശേഷമാണ് സമ്മതം മൂളിയത്.’ അരുണ്‍ ഗോപി പറയുന്നു. ആദിയോ രാമലീലയോ അല്ല പുതിയ ചിത്രമെന്നാണ് അരുണിന് സിനിമയെ പറ്റിയുള്ള ആദ്യ വാക്ക്. തീര്‍ത്തും വ്യത്യസ്ഥമയൊരു സിനിമ. ഒാരോ സിനിമയും ഒാരോ ഉത്തരവാദിത്തമാണ്. അത് ആത്മാര്‍ഥയോടെ ചെയ്യാനുള്ള ശ്രമത്തിലാണ് താനെന്നും അരുണ്‍ പറഞ്ഞു. ചിത്രം പ്രഖ്യാപിച്ച ശേഷം മോഹന്‍ലാല്‍ എന്തുപറഞ്ഞുവെന്ന ചോദ്യത്തിന് അരുണിന്റെ മറുപടി ഇങ്ങനെ. ‘ലാല്‍ സാര്‍ വിളിച്ചൊരു ഒാള്‍ ദി ബെസ്റ്റ് പറഞ്ഞു’. അതുതന്നെ പുതിയ ഉൗര്‍ജമാണെന്നാണ് അരുണിന്റെ പക്ഷം.

ടോമിച്ചന്‍ മുളകുപാടത്തിന് പ്രണവിനോടുള്ള വാല്‍സല്യം അടുത്തറിയാവുന്നയാളാണ് അരുണ്‍‌. പ്രണവിനെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നതിന്റെ ത്രില്ലിലാണ് അദ്ദേഹം– അരുണ്‍ പറഞ്ഞു. പുലിമുരുകനും രാമലീലക്കും ശേഷം ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമിട്ടുള്ള യാത്രയിലാണ് മുളകുപാടം ഫിലിംസ്. അതിന് അടിവരയിടുന്നു പുതിയ പ്രഖ്യാപനം. നിങ്ങളെ പോലെ എനിക്കും അതിയായ സന്തോഷമുണ്ടെന്ന വാചകത്തിലൂടെയാണ് ടോമിച്ചന്‍ മുളകുപാടം സിനിമയെ പറ്റി ഫെയ്സ്ബുക്കില്‍ കുറിച്ചത്. 

aadi-pranav

‘ആദിയോ രാമലീലയോ പ്രതീക്ഷിച്ച് സിനിമയെ സമീപിക്കരുത്. ഇത് വേറിട്ടൊരു ചിന്തയാണ്, പുതിയ സ്വപ്നമാണ്. പ്രണവില്‍ മലയാളി അര്‍പ്പിച്ച വിശ്വസത്തെ കാക്കുെമന്ന ഉറപ്പോടെ അരുണ്‍ പറഞ്ഞുനിര്‍ത്തി.

ഒന്നുറപ്പിക്കാം, മൂന്നുപേര്‍ക്കും സിനിമ ജീവനാണ്. അതുകൊണ്ട് തന്നെ നല്ല സിനിമയുടെ അമരക്കാരനായി നിലകൊള്ളുന്നവരുടെ ഇൗ പുതിയ സ്വപ്നത്തിനായി ടിക്കറ്റെടുക്കാം. കാത്തിരിക്കാം പ്രണവ് മോഹന്‍ലാല്‍–അരുണ്‍ഗോപി കൂട്ടുകെട്ടിലെ ആദ്യ വിസ്മയത്തിനായി.

MORE IN ENTERTAINMENT
SHOW MORE