മമ്മൂട്ടിയും ലളിതയും ജയറാമിന് ഇരട്ടപ്പേരിട്ടു; പേരിടാന്‍ ഇന്നസെന്റിന് പേടി – കാരണം?

kpac-lalitha-mammootty
SHARE

കെ.പി.എ.സി. ലളിതയെ ആദരിക്കുന്ന വേദി. സ്റ്റേജില്‍ ആദ്യം കയറിയ മമ്മൂട്ടി അവതാരകയോട് ചോദിച്ചു. ഇനി ആരെയാണ് അടുത്തതായി വിളിക്കാന്‍ പോകുന്നത്. ‘നടന്‍ ജയറാമിനെ’. എന്നാല്‍ ജയറാം വന്നിട്ടില്ലെന്നായിരുന്നു മമ്മൂട്ടിയുടെ കമന്റ്. പകരം, മറ്റൊരാളാണ് വന്നത്. ജയറാമിന്റെ കുടുംബത്തില്‍ നിന്നുള്ള ബല്‍റാം. സദസ് കരുതി ഇനി കാളിദാസാകുമോ?... വീട്ടില്‍ വിളിക്കുന്ന പേരായിരിക്കുമോ ബല്‍റാം! സദസിന്റെ മുന്‍നിരയില്‍ നിന്ന് ഒരാള്‍ വേദിയിലേക്ക് കയറി വന്നു. തലയില്‍ ഒരുതുണ്ട് മുടിയില്ലാത്ത നല്ല മൊട്ടത്തലയന്‍. സാക്ഷാല്‍ ജയറാം പുതിയ രൂപപ്പകര്‍ച്ചയില്‍. ചിത്രീകരണം നടക്കുന്ന പുതിയ സിനിമയ്ക്കു വേണ്ടിയാണ് ഈ രൂപ മാറ്റം. 

കെ.പി.എ.സി. ലളിത ജയറാമിന് പേരിട്ടു

മൊട്ടത്തലയാനായ ജയറാമിന് മമ്മൂട്ടി ഒരു പേരിട്ടു. ഇനി, ലളിതചേച്ചിക്ക് പേരിടാന്‍ കഴിയുമോ. അവതാരകയുടെ ചോദ്യം മുഴുവനാകും മുമ്പേ ഒരു പേര് എത്തി. ഗണേഷ് അയ്യര്‍. അയ്യോ അയ്യര് വേണ്ട എന്നായി ജയറാം. എന്നാല്‍ പിന്നെ, ഗണേഷ് സ്വാമി ആയിക്കോട്ടേയെന്ന് ലളിതയും. അടുത്ത ഊഴം ഇന്നസെന്റിന്റേതായിരുന്നു. വേഗം പേര് പറയണമെന്ന് അവതാരിക മീര ആവശ്യപ്പെട്ടപ്പോള്‍ ഇന്നസെന്റ് ഒന്ന് ശങ്കിച്ചു. ‘‘അയ്യോ ഞാന്‍ പേര് പറയാനില്ല. ജയറാമിന്റെ അടുത്ത സിനിമയില്‍ എനിക്ക് നല്ലൊരു വേഷമുണ്ട്. ഇനി പേര് ജയറാമിന് ഇഷ്ടമായില്ലെങ്കില്‍ എന്നെ ആ സിനിമയില്‍ നിന്ന് ഒഴിവാക്കിയാലോ...?’’ . അങ്ങനെ, മമ്മൂട്ടിയും ലളിതയും പേരിടാന്‍ ധൈര്യം കാട്ടിയപ്പോള്‍ അമ്മ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ് ഒഴിഞ്ഞുമാറി. ജയറാമും ഇന്നസെന്റും തമ്മിലുള്ള അടുപ്പവും സൗഹൃദവും സിനിമാ മേഖലയില്‍ സുപരിചിതമാണ്. ഇനി ഏതെങ്കിലും പേരിട്ടാല്‍ അത് വൈറലായി ജയറാമിനെ ട്രോളര്‍മാര്‍ ഏറ്റെടുക്കുമോയെന്ന സംശയമായിരിക്കാം ഇന്നസെന്റ് പിന്‍മാറാന്‍ കാരണം.

ഇന്നസെന്റിന്റെ കൗണ്ടറില്‍ മമ്മൂട്ടി പിന്നിലായി

കെ.പി.എ.സി. ലളിതയുടെ അന്‍പതാം സിനിമാ വാര്‍ഷികം ആഘോഷിച്ചു. നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ കഴിയട്ടേയെന്നാണ് മമ്മൂട്ടി ആശംസിച്ചത്. പിന്നെ, പ്രസംഗിച്ച ഇന്നസെന്റാകട്ടെ നൂറ്റിയന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ കഴിയട്ടെ. ഒപ്പം, ആ ആഘോഷത്തില്‍ മുഖ്യാതിഥിയായി താനുണ്ടാകുമെന്നും മമ്മൂട്ടി കാണില്ലായിരിക്കാമെന്നും ഇന്നസെന്റ് പറഞ്ഞപ്പോള്‍ സദസിലാകെ കരഘോഷം.

മമ്മൂട്ടി പറഞ്ഞ രഹസ്യം ജയറാം പരസ്യമാക്കി

കെ.പി.എ.സി. ലളിതയെ തൃശൂരില്‍ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു മമ്മൂട്ടി. ജയറാമിന്റെ രൂപമാറ്റം കണ്ട ഉടനെ മമ്മൂട്ടി കാതില്‍ പറഞ്ഞു. ‘‘തലയില്‍ മുടി പോയപ്പോള്‍ വീണ്ടും ചെറുപ്പമായല്ലോ?.. ഈ തലയും മുടിയും വച്ച് ഒരുപാട്കാലം നിലനില്‍ക്കുമല്ലേ?’’ മമ്മൂട്ടി ഈ പറഞ്ഞ ഡയലോഗ് ജയറാം സ്റ്റേജില്‍ പ്രസംഗിക്കുന്നതിനിടെ പരസ്യമാക്കി. മമ്മൂട്ടിയില്‍ നിന്ന് കിട്ടിയ ഈയൊരു കമന്റ് വലിയ അംഗീകാരമാണെന്നായിരുന്നു ജയറാം കൂട്ടിചേര്‍ത്തത്. 

ലളിതയില്ലെങ്കില്‍ സിനിമ വേണ്ടെന്നു വയ്ക്കും

സംവിധായകന്‍ സത്യന്‍ അന്തിക്കാട് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ചിത്രീകരിക്കാന്‍ തയാറാടെക്കുന്ന സമയം. കെ.പി.എ.സി. ലളിതയാണെങ്കില്‍ ഭരതന്റെ മരണശേഷം അഭിനയിക്കാതെ വീട്ടില്‍ ഒതുങ്ങിക്കഴിയുന്നു. ചിത്രത്തിലെ നായക കഥാപാത്രമായ ജയറാമിന്റെ അമ്മയായി ഒരാള്‍ക്കു മാത്രമേ അഭിനയിക്കാന്‍ കഴിയൂ. അത് കെ.പി.എ.സി. ലളിതയ്ക്കാണ്. അഭിനയിക്കാന്‍ സമീപിച്ചപ്പോള്‍ ഭരതേട്ടിനില്ലാത്ത സിനിമാ ലോകത്തേയ്ക്ക് ഇനിയില്ലെന്നായിരുന്നു മറുപടി. മക്കളായ സിദ്ധാര്‍ഥും ശ്രീക്കുട്ടിയും നിര്‍ബന്ധിച്ചാണ് കെ.പി.എ.സി. ലളിത വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ അഭിനയിച്ചത്. ആ കഥാപാത്രത്തിന് സിനിമയിലുണ്ടായ പ്രാധാന്യം അത്രയ്ക്കേറെയായിരുന്നു. 

മഴവില്‍ മനോരമയില്‍ കാണിക്കും

ലളിതം 50 എന്ന േപരില്‍ തൃശൂരില്‍ നടന്ന ആഘോഷരാവ് മഴവില്‍ മനോരമ വരുംനാളുകളില്‍ സംപ്രേഷണം ചെയ്യും. സിനിമാ താരങ്ങളും രാഷ്ട്രീയ, സാംസ്ക്കാരിക പ്രമുഖരും അണിനിരന്ന ആഘോഷസന്ധ്യയില്‍ നല്ല മുഹൂര്‍ത്തങ്ങള്‍ അനവധിയുണ്ട്.

MORE IN ENTERTAINMENT
SHOW MORE