‘സുരാജിന്‍റെ തുടയ്ക്ക് എ സര്‍ട്ടിഫിക്കറ്റോ..?’ സെന്‍സര്‍ ബോര്‍ഡിന്‍റെ വിചിത്രവാദങ്ങള്‍ക്കെതിരെ ‘ആഭാസം’ ടീം

abasam
SHARE

ആഭാസം എന്ന പേരില്‍ തുടങ്ങുന്നു ഈ സിനിമയുടെ പുതുമ. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ആഭാസം എന്ന സിനിമയ്ക്കെതിരെ സെൻസർ ബോർഡ് എടുത്ത നടപടി പക്ഷേ അണിയറക്കാരെയും ഒപ്പം സിനിമാസ്വാദകരെയും അമ്പരപ്പിക്കുന്നതാണ്. റിലീസിനരികിലെത്തിയ സിനിമയെ മൂക്കുകയറിട്ട് പിടിച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. ഡയലോഗുകൾ മ്യൂട്ട് ചെയ്താൽ എ സർട്ടിഫിക്കറ്റ് തരാമെന്നാണ് സെന്‍സര്‍ ബോർഡ് വാഗ്ദാനം. 26 കട്ടുകള്‍ പറഞ്ഞപ്പോള്‍ അത് സമ്മതിക്കേണ്ടി വന്ന പത്മാവതി സംവിധായകന്‍രെ ഗതികേട് ഇന്ത്യ കണ്ടിട്ട് ദിവസമധികം ആയിട്ടില്ല.  പക്ഷേ ഇവിടെ കന്നി സംവിധായകന്‍ ജുബിത് നമ്രാഡത്ത് സെന്‍സര്‍ ബോര്‍ഡിന് വഴങ്ങാന്‍ തയ്യാറല്ല.  തീരുമാനത്തിനെതിരെ അപ്പീൽ പോകുകയാണ് അണിയറക്കാര്‍. ബെംഗളൂരുവില്‍ സിനിമ ചിത്രീകരിക്കുന്ന സമയത്തും ഒരുകൂട്ടം സിനിമയുടെ ചിത്രീകരമം തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. 

സംവിധായകന്‍റെ വാക്കുകള്‍ 

സെന്‍സര്‍ബോര്‍ഡിന്‍റേത് തീരുമാനിച്ചുറപ്പിച്ച നയമാണ്. കൃത്യമായ ചില രാഷ്ട്രീയം വെച്ചുപുലര്‍ത്തിക്കൊണ്ടാണ് ‍ബോര്‍ഡ് കത്രിക വെക്കുന്നത്. എ സർട്ടിഫിക്കറ്റ് നൽകാൻ മാത്രം വയലൻസോ സെക്സ് രംഗങ്ങളോ ഒന്നും തന്നെ ഈ സിനിമയിലല്ല. കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന രീതിയിലുള്ള സിനിമയാണ് ആഭാസം. സിനിമയുടെ പേര് നോക്കി മുൻവിധിയോട് കൂടി സമീപിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. 

ശ്രീനാരായണ ഗുരുവിന്‍റേത് എന്ന പേരില്‍ ചിത്രത്തില്‍ ഉപയോഗിച്ച ഒരു ഉദ്ധരണി ആണ് സെന്‍സര്‍ബോര്‍ഡ് ചൂണ്ടിക്കാണിച്ച ഒരു കാര്യം. രണ്ടിടങ്ങളില്‍ ഗാന്ധിയെക്കുറിച്ച് വിദൂരമായൊരു സൂചന നല്‍കുന്നതാണ് മറ്റൊരു കാര്യം. ഗുരുവിനോട് തമാശ വേണ്ട എന്നായിരുന്നു ഒരു ബോര്‍ഡ് അംഗം പറഞ്ഞത്. മറ്റൊരു രംഗത്ത് സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച കഥാപാത്രത്തിന്‍റെ തുട കാണുന്നുവെന്നും ആ രംഗം വന്നപ്പോൾ സെൻസർ ബോർഡിലെ സ്ത്രീ അംഗങ്ങൾ തലതാഴ്ത്തിയിരിക്കുകയായിരുന്നു എന്നും അഭിപ്രായപ്പെടുകയുണ്ടായി. 

ഇങ്ങനെയുള്ള ന്യായങ്ങളാണ് അവർ പറയുന്നത്. എ സർട്ടിഫിക്കറ്റ് നൽകിയാൽ സിനിമയുടെ ഗതി എന്താകും. തിയറ്ററിൽ ആരുകാണാൻ. സാറ്റലൈറ്റ് പോലും ലഭിക്കില്ല. സിനിമയെ തകർക്കുകയാണോ ഉദ്ദേശം...?

MORE IN ENTERTAINMENT
SHOW MORE