വിമര്‍ശനം ആ നടനെതിരെയല്ല; ഇത് ‘മ‍ഞ്ഞ ജേണലിസ’മെന്ന് പാർവതിയും ഗീതുവും

paravthy-mammoty
SHARE

മമ്മൂട്ടി നായകനായ കസബയെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച പാർവതി ഒടുവില്‍ വിശദീകരണവുമായി രംഗത്തെത്തി. നടിയും സംവിധായികയുമായി ഗീതു മോഹൻദാസ് ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സമൂഹമാധ്യങ്ങളിലിട്ട കുറിപ്പ് അതേപടി പകർത്തിയായിരുന്നു പാർവതി നിലപാട് അറിയിച്ചത്. കുറിപ്പില്‍ പാർവതി എന്നുളള സ്ഥലത്ത് ഞാൻ എന്നും പാർവതി എഡിറ്റ് ചെയ്തിട്ടുണ്ട്. 

ഒരു സിനിമയെപ്പറ്റിയുള്ള വിമർശനം ഇന്ത്യയിലെ ഏറ്റവും മികച്ച നടന് നേരെയുള്ള വിമർശനമാക്കി മാറ്റിയ ഓൺലൈൻ മാധ്യമങ്ങൾക്കും വാക്കുകളെ വളച്ചൊടിച്ച മഞ്ഞ പത്രങ്ങളിൽ വിശ്വസിച്ച ആരാധകരോടും നന്ദിയുണ്ടെന്നും പോസ്റ്റിൽ പറയുന്നു. തുടരെതുടരെയുള്ള ട്രോളുകളും അസഭ്യവർഷവും സൈബർ അബ്യൂസ് ആയി മാറുമെന്നും അതുകൊണ്ട് സൂക്ഷിക്കണമെന്നും നടി വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങള്‍ സൈബര്‍ അബ്യൂസിന്റെ ഗണത്തില്‍പ്പെടുന്നതാണെന്ന് ഓര്‍ത്താല്‍ നന്നെന്നും ഫെയ്സ്ബുക്ക് പോസ്റ്റ് വ്യക്തമാക്കി. 

ചലച്ചിത്രമേളയിൽ ഓപ്പൺ ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു കസബയെക്കുറിച്ചുള്ള പാർവതിയുടെ പ്രതികരണം. ആദ്യം പേരെടുത്തു പറയാതെയായിരുന്നു പാർവതി മമ്മൂട്ടി ചിത്രത്തെ വിമർശിച്ചത്. പിന്നീട് ഗീതു മോഹൻദാസ് നിർബന്ധിച്ചപ്പോഴാണ് പാർവതി കസബ എന്ന് എടുത്തു പറഞ്ഞത്. 

ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നും ഒരു നായകൻ പറയുമ്പോൾ തീർച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണെന്നും പാർവതി പറഞ്ഞിരുന്നു. മമ്മൂട്ടിയെ വിമർശിച്ച പാർവതിക്കെതിരെ വൻ വിമര്‍ശനം തന്നെ ഒരുവിഭാഗം ആരാധകർ അഴിച്ചുവിട്ടു. വിവാദം കത്തിയതോടെയാണ് വിശദീകരണവുമായി ഗീതു മോഹൻദാസ് രംഗത്തു വന്നത്. ഗീതുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അതേ പടി പകർത്തി പാർവതി തന്റെ ഭാഗം ന്യായീകരിക്കുകയും ചെയ്തു.

MORE IN ENTERTAINMENT
SHOW MORE