E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

‘അന്ത ഭയം ഇരിക്കട്ടും’; സെൻസുള്ള സിനിമ സെൻസറിൽ കുലുങ്ങില്ല !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mersal-2jpg
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

You can't write poems about trees when the woods are full of policemen  - Bertolt Brecht

ഇരുട്ടിൽ വിടരുന്ന സ്വപ്നമാണ് സിനിമ. സങ്കടങ്ങളും സ്വകാര്യങ്ങളും പ്രതിഷേധങ്ങളും പ്രതീക്ഷകളും നിറക്കൂട്ട് ചാലിക്കുന്ന ലോകകല. ആട്ടവും പാട്ടും തമാശയും ഫാന്റസിയും മാത്രമല്ല സിനിമ. മാജിക്കിന്റെ കലയായിരിക്കുമ്പോഴും കാലത്തിന്റെ കണ്ണാടിയാകാനും ജീവിതത്തിന്റെ പകർപ്പാവാനും അതിനാവും. എപ്പോഴും പുതുക്കുകയും മനുഷ്യരോട് അടുക്കുകയും ചെയ്യുന്ന അഭ്രകാവ്യം. ഭാഷാഭേദങ്ങളില്ലാതെ, ലോകത്തിന്റെയേതോ ഭാഗത്ത് സെല്ലുലോയ്ഡിൽ വിരിഞ്ഞ ചിത്രങ്ങൾ കണ്ടു കാണികൾ ചിരിച്ചു, കരഞ്ഞു, ഇങ്ക്വിലാബ് വിളിച്ചു. മാനവചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ കണ്ടുപിടിത്തവും സ്വാധീനശക്തിയുള്ള കലയുമാണത്. ആ വിശ്വകലയിലേക്ക് വിദ്വേഷത്തിന്റെ കല്ലെറിയുന്നവരെ കരുതിയിരിക്കണം. 

1895 ഡിസംബര്‍ 28ന് പാരിസില്‍ ലൂമിയര്‍ സഹോദരന്മാര്‍ തങ്ങളുടെ സൃഷ്ടിയുടെ ആദ്യ പൊതുപ്രദര്‍ശനം നടത്തിയപ്പോൾ, ഒരു സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിന്റെ ദൃശ്യം കണ്ട് തീവണ്ടി തങ്ങളുടെ നേരെ പാഞ്ഞുവരുകയാണെന്ന് ഭയന്ന് ആളുകള്‍ ചിതറിയോടി. നൂറ്റാണ്ടു പിന്നിട്ടിട്ടും ആദ്യത്തെ ‘ആ ഭയം’ ചിലർക്ക് ഇതുവരെ പോയിട്ടില്ല. ‘അന്ത ഭയം ഇരിക്കട്ടും’ എന്ന് സിനിമയും വിചാരിക്കുന്നുണ്ടാവാം. 

വിജയ്‍യുടെ മെർസലും മോദിയുടെ ജിഎസ്ടിയും 

സിനിമയും രാഷ്ട്രീയവും തമിഴർക്ക് തൈരുസാദം പോലെയാണ്. എത്ര കൂടിക്കുഴഞ്ഞാലും സ്വാദൊട്ടും കുറയുന്നില്ല. സിനിമയിൽനിന്നു രാഷ്ട്രീയത്തിലേക്കും അതുവഴി അധികാരത്തിലേക്കും വരുന്നത് നാട്ടുനടപ്പാണ്. രജനീകാന്തും കമലഹാസനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇളയ ദളപതി വിജയ്, തല അജിത് എന്നിവരും രാഷ്ട്രീയത്തിൽ കണ്ണുവച്ചിരിക്കുന്നു. തട്ടുപൊളിപ്പനെങ്കിലും സിനിമകളിലൂടെ തങ്ങളുടെ രാഷ്ട്രീയ മോഹങ്ങൾ തൃപ്തിപ്പെടുത്താൻ താരങ്ങൾ ശ്രമിക്കാറുണ്ട്; കാണികളത് ആവേശത്തോടെ സ്വീകരിക്കാറുമുണ്ട്. തമിഴ്നാട്ടിലെ രാഷ്ട്രീയം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ് അറ്റ്ലീയുടെ സംവിധാനത്തിൽ വിജയ്‌യുടെ പുതിയ ചിത്രമെത്തിയത്– മെർസൽ. 

വിജയ് മൂന്നു വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മെർസലിൽ, കാണികളുടെ കയ്യടിക്കായി ചില പഞ്ച് ഡയലോഗുകളുണ്ട്.  

mersal-2

സാമ്പിളുകൾ: 

1) ആയിരം കോടി കടം വാങ്ങിയ ബീയര്‍ ഫാക്ടറി ഓണര്‍ എനിക്കത് തിരികെത്തരാൻ പറ്റില്ലെന്ന് പറഞ്ഞു. അയാളെ പിടിക്കാന്‍ ഇവിടെ പൊലീസിനോ മറ്റോ പറ്റിയില്ല. കടം കൊടുത്ത ബാങ്കിനും പ്രശ്‌നമില്ല. എന്നാല്‍ 5000 രൂപ കടം വാങ്ങിയ കര്‍ഷകന്‍ അത് തിരിച്ചടയ്ക്കാന്‍ വയ്യാതെ പലിശയ്ക്കുമേല്‍ പലിശ കയറി വിഷം കുടിച്ച് ആത്മഹത്യ ചെയ്യുന്നു. 

2) മെഡിക്കല്‍ ഫീല്‍ഡിലെ ഏറ്റവും വലിയ അഴിമതി എന്താണ്? മെഡിക്കല്‍ ചെക്കപ്പ്. ഒരു രോഗവും ഇല്ലാത്ത നിങ്ങള്‍ ഒരുവട്ടം മെഡിക്കല്‍ ചെക്കപ്പിനു കയറി നോക്കൂ. എന്തെങ്കിലും ഒരു രോഗം നിങ്ങള്‍ക്ക് അവര്‍ എഴുതിത്തന്നിരിക്കും തീര്‍ച്ച. 

3) ഏഴു ശതമാനം ജിഎസ്ടി ഈടാക്കുന്ന സിംഗപ്പൂരില്‍ സൗജന്യ ചികില്‍സാ സൗകര്യം ഒരുക്കാമെങ്കില്‍ 28 ശതമാനം ഈടാക്കുന്ന ഇന്ത്യയില്‍ എന്തുകൊണ്ട് ആയിക്കൂടാ ? 

4) ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു, കാരണം ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്കു രണ്ടു കൊല്ലമായി പണം നൽകിയിട്ടില്ല. 

5) 120 കോടി ജനങ്ങളില്‍ വെറും 120 പേര്‍ സമ്പന്നരാകുന്നതിനെയല്ല വികസനം എന്നു വിളിക്കേണ്ടത്.

6) കോവിലുകളല്ല എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം...

തിയറ്ററിലെ ഇരുട്ടിൽ നായകൻ ശബ്ദം കനപ്പിച്ച് തൊടുത്തുവിട്ട ഡയലോഗുകൾക്ക് ഉയരുന്ന കയ്യടി ശ്രദ്ധിച്ചാൽ ഇതിലൊരു പ്രതിഷേധസ്വരം കൂടി കേൾക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിമാനത്തോടെ നടപ്പാക്കിയ നോട്ടുനിരോധനം, ജിഎസ്ടി, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയവയെ സാധാരണക്കാരന്റെ ഭാഷയിൽ വിമർശിക്കുകയാണ് മെർസൽ. ഉടൻ വന്നു ബിജെപിയുടെ പ്രതിഷേധവും- വിമർശന രംഗങ്ങളെല്ലാം നീക്കം ചെയ്യണം, സിനിമ വീണ്ടും സെൻസർ ചെയ്യണം. ഒരു തവണ സെൻസറിങ് പൂർത്തിയാക്കിയ സിനിമ വീണ്ടും സെൻസർ ചെയ്യണമെന്ന ആവശ്യം ഉയരുന്നത് അപൂർവം. അതൊരു ഭീഷണിയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൂടുതൽക്കൂടുതലായി കത്രിക വയ്ക്കാനുള്ള ദുരുദ്ദേശ്യം.  

vijay-mersal

വിവാദം ഹിറ്റായി, കയ്യടിച്ച് സിനിമയും 

ബിജെപിയുടെ തമിഴ്നാട് ഘടകം ഉയർത്തിവിട്ട വിവാദത്തിൽ പക്ഷേ സിനിമാലോകം കുലുങ്ങിയില്ല. ചലച്ചിത്ര പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും മറ്റു പ്രമുഖരും സിനിമയ്ക്കു പിന്നിൽ അണിനിരന്നു. സിനിമാ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ, വിശാൽ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, മുരളി ഗോപി, സംവിധായകരായ മണിരത്നം, പാ രഞ്ജിത്, എസ്.എ.ചന്ദ്രശേഖർ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ഡിഎംകെ വക്താവ് മനു സുന്ദരം തുടങ്ങിയവർ ചിത്രത്തിനു പിന്തുണ പ്രഖ്യാപിച്ചു. 

സമൂഹമാധ്യമങ്ങൾ മെർസലിലെ ഡയലോഗുകൾ പല ഭാഷകളിലേക്കു മൊഴിമാറ്റം വരുത്തി വ്യാപകമായി പ്രചരിപ്പിച്ചു. ഹാഷ്ടാഗുകൾ നിറഞ്ഞു. എന്നാൽ ഈ പ്രതിഷേധമൊന്നും വകവയ്ക്കാതിരുന്ന ബിജെപി ആരോപണങ്ങൾ ശക്തമാക്കി. സിനിമയെ തൊട്ടാൽ പൊള്ളുമെന്നു മനസ്സിലായപ്പോൾ വർഗീയ കാർഡ് ഇറക്കി. കോവിലുകളല്ല, ആശുപത്രികളാണ് രാജ്യത്തിനാവശ്യം എന്നു പറഞ്ഞ വിജയ്‍ ക്രിസ്ത്യാനിയാണെന്നും മുഴുവൻ പേര് ജോസഫ് വിജയ് എന്നാണെന്നും പറഞ്ഞ് എച്ച്.രാജ രംഗത്തെത്തി. ഇതൊന്നും കാണികൾ കാര്യമാക്കിയതേയില്ല. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയം സമ്മാനിച്ചാണ് അവർ ആരോപണങ്ങൾക്കു മറുപടി പറഞ്ഞത്. 

സെക്സി ദുർഗ മുതൽ സിക്കിം വരെ 

രാജ്യത്തെ സെൻസറിങ് വിവാദങ്ങൾക്കു പറയാൻ ഏറെ കഥകളുണ്ട്. രാഷ്ട്രീയത്തിനു പുറമെ സദാചാര, സാമൂഹിക, ദേശസുരക്ഷാ പ്രശ്നങ്ങളും സെൻസറിങ് വിവാദത്തിന് വഴിയൊരുക്കാറുണ്ട്. ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ സനൽകുമാർ ശശിധരന്റെ മലയാള സിനിമ ‘സെക്സി ദുർഗ’യുടെ പേര് ‘എസ് ദുർഗ’ എന്നാക്കിയത് സെൻസർ ബോർഡിന്റെ ഇടപെടൽ കൊണ്ടായിരുന്നു. കേരളത്തിലെ ദലിത് സമൂഹം അനുഭവിക്കുന്ന പ്രതിസന്ധികളെ ശക്തമായി അടയാളപ്പെടുത്തിയ പ്രവാസി മലയാളി ജയൻ കെ.ചെറിയാന്റെ ‘പപ്പീലിയോ ബുദ്ധ’യ്ക്കു കേന്ദ്ര സെൻസർ ബോർഡ് അനുമതി നിഷേധിച്ചു. 

നായികയുടെ നഗ്നശരീരത്തിന്റെ ദൃശ്യങ്ങളുണ്ടെന്നു പറഞ്ഞ് ‘ചായം പൂശിയ വീടി’നും വിലക്കുവന്നു. പിന്നീട് ‘എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി കൊടുക്കാൻ കോടതിയാണ് നിർദേശിച്ചത്. രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപ്പാട’ത്തിൽ ചില വാക്കുകൾ നിശബ്ദമാക്കണമെന്നു ബോർഡ് ആവശ്യപ്പെട്ടു. സൈജോ കണാനയ്ക്കലിന്റെ ‘കഥകളി’ക്കും കിട്ടി കത്രികപ്പൂട്ട്. ക്ലൈമാക്സ് രംഗങ്ങൾ അപ്പാടെ മുറിച്ചുമാറ്റിയാൽ മാത്രമേ അനുമതി നൽകൂ എന്നായിരുന്നു ബോർഡിന്റെ നിലപാട്. 

നൊബേൽ സമ്മാന ജേതാവ് അമർത്യ സെന്നിനെക്കുറിച്ചുള്ള ‘ദി ആർഗ്യുമെന്റേറ്റിവ് ഇന്ത്യൻ’ എന്ന ഡോക്യുമെന്ററിയിൽനിന്ന് പശു, ഗുജറാത്ത്, ഹിന്ദു ഇന്ത്യ, ഹിന്ദുത്വ കാഴ്ചപ്പാട് തുടങ്ങിയ പരാമർശങ്ങൾ നീക്കണമെന്ന നിർദേശവും വിവാദമായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ രാഷ്ട്രീയ ജീവിതകഥ പറയുന്ന ഡോക്യുമെന്ററിയിൽനിന്നു ബിജെപിയെയും കോൺഗ്രസിനെയും സംബന്ധിച്ച പരാമർശങ്ങൾ നീക്കം ചെയ്യാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) ആവശ്യപ്പെട്ടതും ചർച്ചയായി. 

അടുത്തിടെ ഏറ്റവും വലിയ സെൻസറിങ് ചർച്ച സൃഷ്ടിച്ചത് ബോളിവുഡ് ചിത്രം ‘ഉഡ്താ പഞ്ചാബ്’ ആണ്. 13 ഭാഗങ്ങളിലായി 89 പരാമർശങ്ങൾ നീക്കിയാൽ മാത്രമേ അഭിഷേക് ചൗബേ സംവിധാനം ചെയ്ത ത്രില്ലറിന് അനുമതി നൽകൂവെന്നായിരുന്നു സിബിഎഫ്സി നിലപാട്. വലിയ നിയമപോരാട്ടങ്ങൾക്കൊടുവിൽ, ഒരു ഭാഗം മാത്രം ഒഴിവാക്കി ചിത്രം റിലീസ് ചെയ്യാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. സെൻസറിനു വേണ്ടിയുള്ള കോപ്പി എന്നെഴുതിയ ചിത്രത്തിന്റെ പ്രിന്റ് ഇന്റർനെറ്റിൽ പ്രചരിച്ചതോടെ സെൻസർ ബോർഡ് വീണ്ടും പ്രതിരോധത്തിലായി. ഗുജറാത്തിലെ പട്ടേൽ സമരങ്ങളുടെ പശ്ചാത്തലത്തിലുള്ള ‘സാൽഗതോ സവാൽ അനാമത്’ എന്ന സിനിമയ്ക്കും പ്രദർശനാനുമതി കിട്ടിയില്ല. 

vijay-mersal

ഹിന്ദി ചിത്രം ‘ഹരംഖോറി’നും സെൻസർ വിലക്കുണ്ടായി. വിദ്യാർഥിനിയും ട്യൂഷൻ അധ്യാപകനുമായുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പ്രമേയം സ്വീകാര്യമല്ലെന്നും അധ്യാപകരെ മോശമായി ചിത്രീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രം സർട്ടിഫൈ ചെയ്യാൻ സെൻസർ ബോർഡ് വിസമ്മതിച്ചത്. ചിത്രത്തിന്റെ എല്ലാവിധ പ്രദർശനാനുമതിയും നിഷേധിച്ചു. ‘ബാഹുബലി’യുടെ തമിഴ് പതിപ്പിലെ ചില സംഭാഷണങ്ങൾ അരുന്ധതിയാർ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഈ ഭാഗം നീക്കണമെന്നും ആവശ്യമുണ്ടായി. 

മാനഭംഗക്കേസിൽ ജയിലിലായ ദേരാ സച്ചാ സൗദ മേധാവി ഗുർമീത് റാം റഹിം സിങ്ങിന്റേതായി നേരത്ത ഇറങ്ങിയ ‘മെസഞ്ചർ ഓഫ് ഗോഡ് ’ എന്ന വിവാദ സിനിമയ്‌ക്കു കേന്ദ്ര സർക്കാർ നേരിട്ടിടപെട്ടാണ് അനുമതി നൽകിയത്. ഇതിൽ പ്രതിഷേധിച്ച് കേന്ദ്ര സെൻസർ ബോർഡ് അധ്യക്ഷ ലീലാ സാംസണും ഷാജി എൻ. കരുൺ അടക്കമുള്ള അംഗങ്ങളും രാജിവച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ‘സോണിയ’ എന്ന സിനിമയ്ക്ക് ആദ്യം പ്രദർശനാനുമതി നിഷേധിക്കപ്പെട്ടു.  

ചരിത്രവസ്‌തുതയുമായി ബന്ധമില്ലെന്ന പ്രസ്‌താവന തുടക്കത്തിൽതന്നെ കാണിക്കണമെന്ന നിർദേശം വച്ചതോടെ ‘ദ് ഡാവിഞ്ചി കോഡി’നും റിലീസിങ് പ്രശ്നമുണ്ടായി. സ്‌ത്രീകളുടെ സ്വവർഗരതി വിഷയമാക്കിയ ‘ഗേൾഫ്രണ്ട്’ എന്ന സിനിമ അനധികൃതമായി പ്രദർശിപ്പിച്ചതിന്റെ പേരിൽ പൊലീസ് ഫിലിം റോളുകൾ പിടിച്ചെടുത്തു നശിപ്പിച്ചു. കോടതി ഇടപെടലിനെ തുടർന്നാണ് ഗുജറാത്ത് കലാപം പ്രമേയമായുള്ള ഡോക്യുമെന്ററി ‘ആക്രോശി’ന് പ്രദർശനാനുമതി കിട്ടിയത്. ആനന്ദ് പട്‍വർധന്റെ പ്രശസ്‌തമായ ഡോക്യുമെന്ററി ‘ഫാദർ, സൺ ആൻഡ് ഹോളി വാർ’ ദൂരദർശനിൽ സംപ്രേഷണം ചെയ്യാനും കോടതി ഇടപെടേണ്ടി വന്നു. 

2004 ൽ ഒൻപത് വിദേശ സിനിമകളെ മൂന്നുവർഷത്തേക്കു സെൻസറിങ്ങിൽ നിന്ന് ഒഴിവാക്കി കേന്ദ്രം ഉത്തരവിറക്കിയിരുന്നു. ഗോൺ ബ്രേക്കിങ് അപ്, ഗോ യെല്ലോ, ടെഹ്‌റാൻ 7 എ.എം. ലാസ് നോച്ചസ് ഡി. കോൺസ്‌റ്റാന്റിനോപ്ല, മിറാഡസ്, ട്രോപ് ബെല്ലെ പോർ ടോയ്, ടൈ മി അപ് ടൈ മി ഡൗൺ, സമ്മർ ലൗ എന്നിവയാണ് ആ ചിത്രങ്ങൾ. 

സത്യജിത് റേയ്ക്കും സെൻസറിങ് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട് എന്നതാണു കൗതുകം. സിക്കിമിന്റെ കഥ പറഞ്ഞ ‘സിക്കിം’ എന്ന സിനിമ ദേശവിരുദ്ധമെന്നാരോപിച്ച് സെൻസർബോർഡ് നിരോധിച്ചു. 1971 ലാണ് സത്യജിത് റേ ‘സിക്കിം’ എടുത്തത്. നിരോധനത്തിനു ശേഷം ചിത്രത്തിന്റെ പ്രിന്റുകളെല്ലാം നശിപ്പിക്കപ്പെട്ടു. 2003 ൽ ബ്രിട്ടിഷ് ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്ന് ഒരു പ്രിന്റ് കണ്ടെടുത്ത് ഡിജിറ്റൽ സാങ്കേതികവിദ്യയാൽ ഓസ്‌കർ അക്കാദമി സംരക്ഷിച്ചു. നിരോധനം നീക്കിയതിനെത്തുടർന്ന് 14–ാം കൊൽക്കത്ത ഫിലിം ഫെസ്‌റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചു. 

സിനിമയ്ക്കു മാത്രമെന്തിനാണ് സെൻസറിങ് ? 

ചലച്ചിത്ര പ്രവർത്തകർ നിരന്തരം ചോദിക്കുന്ന കാര്യമാണിത്. മറ്റു കലകൾക്കൊന്നും ഇല്ലാത്ത സെൻസറിങ് സിനിമയ്ക്കും വേണ്ടെന്നാണ് അവരുടെ നിലപാട്. ഉഡ്താ പഞ്ചാബിന് അനുമതി കൊടുത്ത് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ ഈ നിലയ്ക്കു ഗൗരവമുള്ളതാണ്. ‘രംഗങ്ങളും സംഭാഷണങ്ങളും വെട്ടിക്കളയലല്ല, സിനിമയ്ക്കു സർട്ടിഫിക്കറ്റ് നൽകുകയാണു സെൻസർ ബോർഡിന്റെ ജോലി. പൊതുജനത്തിനു സെൻസറിങ് ആവശ്യമില്ല. ഒരു സിനിമ നല്ലതോ ചീത്തയോ എന്നു നിശ്ചയിക്കാനുള്ള തീരുമാനം പ്രേക്ഷകർക്കു വിടുക. സിനിമാ പ്രവർത്തകരുടെ സർഗാത്മകതയ്ക്കു മേൽ കത്തിവയ്ക്കുകയാവരുത് സെൻസർ ബോർഡിന്റെ ജോലി.’ എന്നാണ് ഹൈക്കോടതി പറഞ്ഞത്. 

ഇന്ത്യൻ ഭരണഘടന അനുവദിച്ചിട്ടുള്ള പരിധികൾ പാലിച്ചു സിനിമയെടുക്കുന്നവരെ എന്തിനാണു സെൻസർ ചെയ്യുന്നതെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ചോദിക്കുന്നു. ‘ലോകത്തു സെൻസറിങ് നിലവിലുള്ള അപൂർവം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പരിധികൾ ലംഘിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ മാർഗങ്ങളുണ്ടെന്നിരിക്കേ ഇതൊരു അതിക്രമമായി ശേഷിക്കുകയാണ്. സെൻസറിങ് അപരിഷ്‌കൃത നടപടിയാണെന്നതിൽ കാര്യവിവരമുള്ളവർക്കാർക്കും ഒരു സംശയവുമില്ല. എങ്കിൽപിന്നെ എന്തിനാണു പല കാര്യാലയങ്ങൾ നിലനിർത്തി, നൂറുകണക്കിന് ഉദ്യോഗസ്‌ഥരെ പുലർത്തി, സിനിമയിൽ പ്രത്യേകിച്ചു വ്യുൽപത്തിയോ താൽപര്യം തന്നെയോ ഇല്ലാത്ത ഒരു കൂട്ടരെ ഏർപ്പെടുത്തി സിനിമാശ്രമങ്ങളെ ചിലപ്പോൾ അലസമായും ഇനി ചിലപ്പോൾ കർശനമായും വരുതിക്കു കൊണ്ടുവരാൻ ശ്രമിക്കുന്നത്?’– അടൂരിന്റെ കനപ്പെട്ട ചോദ്യങ്ങൾക്കു പക്ഷേ വ്യക്തമായി മറുപടി ഇതുവരെയും വന്നിട്ടില്ല. 

സംഘപരിവാറിന്റെ രാഷ്ട്രീയ നിലങ്ങൾ 

പുരോഗമന ആശയങ്ങളോടും ശീലങ്ങളോടും സംഘപരിവാറിനു തീരെ മതിപ്പില്ല. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും ഏതുവിധേനയും ഇല്ലാതാക്കാൻ ശ്രമമുണ്ടായി. മോദി സർക്കാർ അധികാരത്തിൽ വന്നതോടെ സംഘപരിവാർ ഇടപെടലുകൾ വർധിച്ചു. ആർഎസ്എസ് അവരുടെ ഏകാധിപത്യ, ഏകമുഖ അജൻഡകൾ കാര്യമായി നടപ്പാക്കിത്തുടങ്ങി. കലാ, സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തങ്ങളുടെ ആളുകളെ നിയോഗിച്ചും ആശയങ്ങൾ അടിച്ചേൽപ്പിച്ചുമാണ് അവർ പയറ്റിത്തുടങ്ങിയത്. 

ഫിലിം ആന്‍ഡ് ‍ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എഫ്ടിഐഐ) ബിജെപി അംഗം ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചു. മഹാഭാരതം  പരമ്പരയിൽ യുധിഷ്ഠിരനായി വേഷമിട്ടു എന്നതുമാത്രം എടുത്തുപറയാനുള്ള ഒരാളെ രാജ്യാന്തര പ്രശസ്തമായ സിനിമാ പാഠശാലയിലേക്കു നിയോഗിച്ച് സംഘപരിവാർ നയം വ്യക്തമാക്കി. 2015 ജൂണിലായിരുന്നു നിയമനമെങ്കിലും മുന്‍കാല പ്രാബല്യത്തോടെ 2014 മാര്‍ച്ച് മുതല്‍ 2017 മാര്‍ച്ച് വരെ ആയിരുന്നു കാലാവധി. 

സർക്കാർ നടപടിക്കെതിരെ ജൂണ്‍ 12ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭം രാജ്യമാകെ പടർന്നു. ചലച്ചിത്ര പ്രവർത്തകരും സാഹിത്യ, സാംസ്കാരിക നേതൃത്വവും പിന്തുണയുമായെത്തി. 139 ദിവസം വിദ്യാർ‌ഥികളുടെ സത്യഗ്രഹം നീണ്ടു. നിരവധി വിദ്യാർഥികൾ അറസ്റ്റിലായി. ദേശീയ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാൻ നിരവധിപേർ മുന്നോട്ടുവന്നു. എന്നാൽ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ സമവായ ശ്രമങ്ങളുണ്ടാകാത്തതിനെ തുടർന്നു സമരം പിന്‍വലിച്ചു. കാലാവധി തികഞ്ഞപ്പോൾ മാത്രമാണു ഗജേന്ദ്ര ചൗഹാനെ മാറ്റിയത്. പകരം കൊണ്ടുവന്നത് പ്രശസ്ത നടൻ അനുപം ഖേറിനെ. ബിജെപിയോടും മോദിയോടും വളരെയധികം ആഭിമുഖ്യമുള്ള അനുപം ഖേര്‍, ചൗഹാനേക്കാള്‍ സമർഥമായി സംഘപരിവാര്‍ അജൻഡ നടപ്പാക്കാന്‍ കഴിയുന്നയാളാണെന്ന് ആരോപണമുണ്ട്. 

കാലം ഇത്രമേൽ കലുഷിതമായിരിക്കേ പ്രതിപക്ഷത്തിരിക്കേണ്ട ചുമതല കൂടിയുണ്ട് സിനിമയ്ക്ക്. ഇക്കിളിയാക്കി ചിരിപ്പിക്കുന്നതിനൊപ്പം അച്ഛാ ദിനുകളുടെ പൊള്ളത്തരങ്ങളെ പൊളിച്ചു കാണിക്കേണ്ടതുണ്ട്, വികസന വായാടിത്തങ്ങളെ തെരുവുജീവിതങ്ങളുടെ നേർചിത്രം കൊണ്ട് പൊള്ളിക്കേണ്ടതുണ്ട്, വിലക്കുകളെ വെല്ലുവിളിക്കേണ്ടതുണ്ട്, ജീവിതത്തിന്റെ അടിവേരുകൾ ഇളക്കുന്നവരോട് എതിരിട്ട് ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്.  

‘ചീത്തക്കാലങ്ങളിൽ കവിതയുണ്ടാകുമോ’ എന്ന് ചോദിച്ച ബെർതോൾട് ബ്രെഹ്ത് തന്നെ അതിനുപറഞ്ഞ മറുപടി പ്രശസ്തമാണ്: ‘ഉവ്വ്, ചീത്തക്കാലങ്ങളെക്കുറിച്ചുള്ള കവിത’.

Vijay-Mersal