ബാഹുബലിയുടെ വലിയ വിജയത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് സാഹോ. തെലുങ്ക് സംവിധായകനായ സുജീത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 150 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം പ്രഭാസിന്റെ കരിയറിലെ മറ്റൊരു പ്രധാനചിത്രം കൂടിയാണ്.
ബാഹുബലിയുടെ വിജയം പ്രഭാസിനെ ആഗോളതാരമാക്കി മാറ്റി. ബോളിവുഡിൽ നിന്നുള്ള പല ഓഫറുകളും നിരസിച്ചാണ് താരം ഈ ചിത്രത്തിൽ കരാർ ഒപ്പിട്ടത്. 30 കോടിയാണ് സിനിമയ്ക്കായി പ്രഭാസിന്റെ പ്രതിഫലം.
ശ്രദ്ധ കപൂറാണ് ചിത്രത്തിൽ പ്രഭാസിന്റെ നായിക. നേരത്തെ കത്രീന, പൂജ ഹെഡ്ജ് എന്നിവരെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ശ്രദ്ധയില്‍ തന്നെ എത്തുകയായിരുന്നു. 12 കോടിയാണ് ചിത്രത്തിനായി ശ്രദ്ധ ചോദിച്ചത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം ഒരുമിച്ചാകും റിലീസ് ചെയ്യുക. മൂന്നു ഭാഷകളിലേയും ചേർത്താണ് പ്രതിഫലം. എന്നാൽ ആദ്യം ഇതേതുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ശ്രദ്ധയെ മാറ്റാൻ തീരുമാനിച്ചിരുന്നു.
ശേഷം പ്രതിഫലം കുറക്കാൻ നടി തയ്യാറാകുകയും 9 കോടി രൂപയ്ക്ക് കരാർ ഒപ്പിടുകയുമായിരുന്നു. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. നീൽ നിഥിൻ മുകേഷ് വില്ലൻ വേഷത്തിലെത്തുന്നു.
ബാഹുബലിയെപ്പോലെ തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലുമെത്തും ചിത്രം. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ, വിതരണ കമ്പനിയായ ഇറോസ് ഇന്റര്‍നാഷണല്‍ വന്‍തുകയാണ് 'സാഹൊ'യുടെ വിതരണാവകാശത്തിനായി വാഗ്ദാനം ചെയ്തത്.