E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 24 2018 09:33 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ആത്മാക്കൾ ഉലാത്താനിറങ്ങുന്ന തറവാട്!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thravadu
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓർമയുടെ ഫ്രെയിമിൽ ആദ്യം തെളിയുന്നത് അമ്മയുടെ തറവാടാണ്. രണ്ട് നിലയുള്ള ആ വീടിന്റെ മുകളിലെ ജാലകങ്ങളിൽ പച്ച, നീല ഗ്ലാസുകൾ പതിച്ചിരുന്നു. ഫ്യൂഡൽ പാരമ്പര്യമുള്ളൊരു നായർ തറവാടായിരുന്നത്. കർക്കശക്കാരനായ മുത്തച്ഛൻ. അന്യജാതിക്കാരെയൊന്നും വീടിനകത്തു കയറ്റില്ല. എന്റെ കൂട്ടുകാർ മിക്കവരും ഇപ്പറഞ്ഞ കൂട്ടത്തിലായിരുന്നു. ചില്ലു ജാലകങ്ങളിലൂടെ ചുറ്റുപാടുകൾ നോക്കിക്കാണുക എന്നതാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം. മുത്തച്ഛൻ ഉറങ്ങുന്ന തക്കം നോക്കി ഞാൻ കുട്ടിസംഘത്തിനെ അകത്തു കയറ്റും. കവുങ്ങിൻതോട്ടവും തോടുമെല്ലാം മതിവരുവോളം കാട്ടിക്കൊടുക്കും. മുത്തച്ഛൻ ഉണർന്നാൽ സിഗ്നൽ തരാൻ ആളെ നിർത്തിയിട്ടാണ് ഈ സാഹസമെല്ലാം. അന്നത്തെ അന്തരീക്ഷം വച്ചു നോക്കിയാൽ ജീവൻ കയ്യിൽ പിടിച്ചുള്ള കളിയെന്നു തന്നെ പറയാം.

ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ പുതിയ വീട് വയ്ക്കുന്നത്. തെങ്ങിൻ തോട്ടത്തിനു നടുവിലൊരു രണ്ട് മുറി വീട്. ഞാനും അച്ഛനും ദാമു എന്നൊരു പട്ടിയുമാണ് അവിടെ താമസിക്കാൻ പോയത്. ഏറ്റവും അടുത്തുള്ള അയൽക്കാരന്റെ വീട്ടിലെ വെളിച്ചം പൊട്ടുപോലെ ദൂരെക്കാണാം. വീടിനു മുന്നിൽ പർവതം പൊലൊരു പാറ. അവിടെ അച്ഛനൊരു പനിനീർ തോട്ടമുണ്ടാക്കി. പനിനീർപ്പൂവിന് പറ്റിയ മണ്ണായിരുന്നതിനാൽ അവ വേഗം വേരു പിടിച്ചു. ഈ പൂക്കളെല്ലാം പറിച്ച് അമ്പലത്തിൽ കൊടുക്കുന്നതാണ് എന്റെ ജോലി. സ്കൂളിൽ ഇന്റർവെൽ സമയത്ത് ഞാൻ അമ്പലത്തിലേക്ക് വീണ്ടുമോടും. പൂജയ്ക്ക് വച്ച പൂക്കളെല്ലാം അമ്പലത്തിൽ വരുന്ന സ്ത്രീകൾക്ക് കൊടുക്കും. എന്റെ പനിനീർപ്പൂക്കളും തലയിൽ ചൂടി അവർ പോകുന്ന കാഴ്ച ഞാനങ്ങനെ നോക്കി നിൽക്കും.

santhosh-echikanam.jpg.image.784.410

സാമ്പത്തികമായി തകർന്ന്, ജീവിതത്തിലെ വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ് ഞങ്ങൾ അച്ഛന്റെ തറവാടായ ഏച്ചിക്കാനത്തേക്ക് താമസം മാറുന്നത്. പതിനാറു കെട്ടായ ആ തറവാടിന്റെ പഴക്കം എത്രയെന്ന് ഇന്നും നിശ്ചയമില്ല. ഓടിൽ 1882 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനു മുമ്പ് പുല്ല് മേഞ്ഞതായിരുന്നു. മംഗലാപുരത്തു നിന്ന് തലച്ചുമടായിട്ടായിരുന്നത്രേ ഓടുകൾ എത്തിച്ചത്.

രണ്ട് എട്ട് കെട്ട്, പടിഞ്ഞാറേ മാളിക, കിഴക്കേ മാളിക, പിന്നെ പത്തായപ്പുര എന്നിങ്ങനെ പല കെട്ടിടങ്ങളാണ് വലിയ കോംപൗണ്ടിനുള്ളിൽ. നാല് വശത്തും പാറ ചെത്തിയൊതുക്കിയ സ്ഥലത്താണ് തറവാട് നിൽക്കുന്നത്. ഇങ്ങോട്ടിറങ്ങാൻ കുറേ കൽപടവുകളുണ്ട്. മുൻവശത്ത് വലിയൊരു ഇലഞ്ഞി. പിന്നിലൊരു കൂറ്റൻ പാല. കൈതക്കാടുകൾ വളർന്നു നിൽക്കുന്നൊരു തോടാണ് അതിര്. അതിനിരുവശവും വിശാലമായ വയലുകൾ. നാല് ഭാഗവും ആകാശപ്പൊക്കത്തിൽ കുന്നുകൾ.

santhosh-echikanam-tharavadu.jpg.image.784.410

മേൽക്കൂര കോലായിലേക്ക് താഴ്ന്നിരിക്കും. പുറത്തുകൂടി പോകുന്നവർ ഉള്ളിലുള്ളവരെ കാണാതിരിക്കാനാണ് ഇങ്ങനൊരു ഡിസൈൻ. 18 മുറികളുണ്ടായിരുന്നു. പ്രസവിച്ചാൽ കിടത്താൻ, മരിക്കുമ്പോൾ കിടത്താൻ എന്നിവയ്ക്കെല്ലാം പ്രത്യേകം മുറികളുണ്ടായിരുന്നു. മരണം, ജീവിതം, ഭക്തി എന്നിവയെല്ലാം ഓരോ മുറികൾ കരസ്ഥമാക്കിയിരുന്നു. കോടതിയും ജയിലും വരെ പ്രവർത്തിച്ചിരുന്ന തറവാടാണത്. തറവാട്ടിലെ കാരണവൻമാരായിരുന്നു നാടിന്റെ ന്യായാധിപൻമാർ. ഒരിക്കൽ നിരപരാധിയായൊരു നമ്പൂതിരിയെ ശിക്ഷിച്ചു തുറുങ്കിലടച്ചു. തടവറയിൽ ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെയാണ് നമ്പൂതിരി ജീവിച്ചത്. ഒടുവിൽ അദ്ദേഹത്തിന് വസൂരി പിടിച്ചു.

തറവാടിന്മേൽ ഉഗ്രശാപം ചൊരിഞ്ഞ നമ്പൂതിരി കുടുമയഴിച്ച് നിലത്ത് തലയടിച്ചാണത്രേ മരിച്ചത്. അതോടെ തറവാടിന്റെ നല്ലകാലം അവസാനിച്ചു. പിൻതലമുറകളേയും ശാപം വിടാതെ പിടികൂടി. ഒടുവിൽ പ്രായശ്ചിത്തമായി 101 ബ്രാഹ്മണരുടെ കാൽ കഴുകി. അങ്ങനെ രണ്ടോ മൂന്നോ നോവലുകൾക്കുള്ള കഥ തറവാടിന്റെ ചരിത്രത്തിലുണ്ട്.

ഞങ്ങൾ അവിടെ താമസിക്കാനെത്തുമ്പോൾ പത്തായപ്പുര മാത്രമേ ബാക്കിയുള്ളൂ. മറ്റു കെട്ടിടങ്ങളെല്ലാം പല കാലത്തായി പൊളിച്ചു മാറ്റിയിരുന്നു. ചാമുണ്ഡി, പൊട്ടൻ തെയ്യം തുടങ്ങിയവയുടെ ആരൂഡങ്ങൾ പറമ്പിന്റെ പല ഭാഗങ്ങളിലായുണ്ട്. ഇവിടെയെല്ലാം സന്ധ്യക്ക് വിളക്ക് വയ്ക്കണം. സ്ത്രീകൾ വിളക്ക് വയ്ക്കാൻ പാടില്ല. ഇതിനായി ഒരാളെ പ്രത്യേകം ഏർപ്പാട് ചെയ്തിട്ടുണ്ട്. ചില ദിവസങ്ങളിൽ അയാൾക്ക് വരാൻ പറ്റിയില്ലെങ്കിൽ ഈ ജോലി എന്റെ തലയിലാവും. ജീവിതത്തിലിന്നുവരെ ഒന്നിനോടും ഭക്തി തോന്നിയിട്ടില്ലെങ്കിലും ഇക്കാര്യം ഞാൻ മുടക്കിയിട്ടില്ല. ഉഭയജീവിതം എന്ന കഥയുൾപ്പെടെ ഞാനെഴുതിയ മികച്ച സൃഷ്ടികളിൽ പലതും ഏച്ചിക്കാനം തറവാട്ടിൽ വച്ചായിരുന്നു.

പകൽ സമയത്ത് ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലമെന്ന് തോന്നിക്കുന്ന ഏച്ചിക്കാനം തറവാട് പക്ഷേ, ഇരുട്ടു വീണാൽ ഭീതിയുടെ മൂടുപടമണിയും. ഇലഞ്ഞിയും പാലയും പൂമണം വിതറി രാത്രിയെ മത്ത് പിടിപ്പിക്കും. മൺമറഞ്ഞ കാർന്നോൻമാർ ഭിത്തിയിലെ ചില്ലുകൂട്ടിലിരുന്നു തുറിച്ചു നോക്കും. തറവാട് മുടിക്കാൻ കഷ്ടപ്പെടുന്ന ബ്രഹ്മരക്ഷസ്സ് നേരത്തേ റോന്തു ചുറ്റൽ തുടങ്ങിക്കാണും. തൊട്ടപ്പുറത്ത് ശ്മശാനമാണ്.

santhosh-echikanam-home-memoirs.jpg.image.784.410

ആത്മാക്കൾ ഉലാത്താനിറങ്ങുന്ന നേരവും ഇതു തന്നെ. അയൽക്കാരുടെ പേടിപ്പെടുത്തുന്ന മുന്നറിയിപ്പ് കാതിൽ മുഴങ്ങും. മുത്തശ്ശി ഇന്നലെയും കാവിന്റടുത്ത് നിൽക്കുന്നത് കണ്ടു. മോക്ഷം കിട്ടീട്ടുണ്ടാവില്ല... ഈ അന്തരീക്ഷത്തിലേക്കാണ് ഞാൻ പല ദിവസവും അർധരാത്രി ഓട്ടോ പിടിച്ചെത്തുന്നത്. മേൽപറഞ്ഞ കൂട്ടത്തിലെ ഏതെങ്കിലും ഒരു പ്രേതത്തിനെ കാണണമെന്നാശിച്ച് പരിസരത്തൊക്കെ കറങ്ങി നടക്കും. ഇന്നുവരെയൊന്നിനെയും കാണാൻ സാധിച്ചിട്ടില്ല. അവിടെ താമസിച്ച 18 വർഷവും ഇക്കാര്യത്തിൽ നിരാശപ്പെടാനായിരുന്നു വിധി.

വീടെന്ന രണ്ടാനമ്മ

എറണാകുളത്ത് പോണോത്ത് റോഡിലുള്ള സജിയുടെ വീടിന്റെ കഥ കൂടി പറഞ്ഞാലേ ഈ കുറിപ്പ് പൂർത്തിയാകൂ. ജീവിതത്തിൽ ഇനിയെന്ത് എന്നറിയാത്തൊരു സാഹചര്യത്തിലാണ് സജിയുടെ വീട്ടിൽ എത്തപ്പെടുന്നത്. എഴുതിക്കൊണ്ടിരുന്ന സീരിയൽ തീർന്നു. കൈയിൽ കാശില്ല. എറണാകുളത്തെ പല സുഹൃത്തുക്കളുടെയും വീടുകളിൽ മാറി മാറി താമസം.

അങ്ങനെയൊരു ഇടത്താവളം എന്ന രീതിയിലാണ് സജിയുടെ അടുത്ത് എത്തപ്പെട്ടത്. എറണാകുളത്ത് ജോലി തേടിയെത്തിയ നിരവധി ചെറുപ്പക്കാരുടെ ആശ്രയമായിരുന്നു ആ വീട്. ആരു വന്നാലും സ്വീകരിക്കും. മക്കൾ പുറത്തുപോയാൽ വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മയെപ്പോലൊരു വീട്. ജീവിതത്തിലെ ഏറ്റവും ഉല്ലാസ ഭരിതമായ കാലഘട്ടം. ആ വീട്ടിൽ താമസിച്ചവർക്കെല്ലാം പിന്നീട് ഉയർച്ചയേ ഉണ്ടായിട്ടുള്ളൂ. എഴുത്തിന്റെ വഴികളിൽ ഞാനും ആ വീടിനോട് വിട പറഞ്ഞു.

വർഷങ്ങൾക്കുശേഷം സജിയുടെ ഫോൺ വരുന്നു. ആ വീട് വിൽക്കാൻ പോവുകയാണ്. സജി പുതിയ മേൽവിലാസത്തിലേക്ക് മാറുന്നു. ആ വീടിനെ അങ്ങനങ്ങ് കൈമാറാൻ പറ്റില്ലല്ലോ. കുറേനാൾ ഞങ്ങളെ ഊട്ടിയുറക്കിയതല്ലേ... വീടിനൊരു യാത്രയയപ്പ് നൽകണമെന്ന് ഞങ്ങൾ തീരുമാനിക്കുന്നു. മൊബൈൽ ഫോൺ ചിറകു വിടർത്തുന്നതേയുള്ളൂ. ആ വീട്ടിൽ താമസിച്ചിരുന്നവർക്കെല്ലാം . യാത്രയയപ്പിന്റെ കാര്യം പറഞ്ഞ് കാർഡ് ഇട്ടു. അവർ മറ്റുള്ളവരെ വിവരമറിയിച്ചു. ലോകത്തിന്റെ പല ഭാഗത്തേക്കും എഴുത്തുകളും ഫോൺ വിളികളും പാഞ്ഞു. അങ്ങനെ യാത്രയയപ്പിന്റെ ദിവസം വന്നുചേർന്നു. കൂടിപ്പോയാൽ പത്തോ പന്ത്രണ്ടോ പേർ വരുമായിരിക്കുമെന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആളുകളെ‌ത്തിത്തുടങ്ങി. ഒന്നും രണ്ടും പേരായി സംഘം വളർന്നു. അമ്പതോളം പേരാണ് സന്ധ്യയോടെ എത്തിച്ചേർന്നത്. ഗൾഫിൽ നിന്നുപോലും ആളുകൾ ലീവെടുത്ത് വന്നിരുന്നു. ആ രാത്രി ഞങ്ങൾ ഉറങ്ങിയില്ല. ആഘോഷം പുലർച്ച വരെ നീണ്ടു.

ആ വീട് തന്ന സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പങ്കുവയ്ക്കപ്പെട്ടു. ജീവിതകാലം മുഴുവൻ സൂക്ഷിക്കാനുള്ള ഓർമകളുമായാണ് ഞങ്ങൾ പടിയിറങ്ങിയത്. പരിചയപ്പെട്ട ഓരോ വീടുകളും തന്നത് അനുഭവത്തിന്റെ കടലാണ്. അതിന്റെ ചെറിയൊരു ഭാഗം മാത്രമേ എഴുത്തിലൂടെ വായനക്കാരിലേക്കെത്തിയിട്ടുള്ളൂ. ഏച്ചിക്കാനം തറവാടിന്റെ മാത്രം കഥകളെടുത്താൽ രണ്ട് നോവലിനുള്ളതുണ്ട്. എന്നെങ്കിലുമൊരിക്കൽ അവ വായനക്കാരുടെ മുന്നിലെത്തും. അതുവരെ അവ എന്റെ സ്വകാര്യസ്വത്തായിരിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.