നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് അപൂര്‍വ അംഗീകാരം. ലോകത്ത് തന്നെ കൂടുതൽ തവണ രചന, അഭിനയം, സംവിധാനം എന്നിവ ഒന്നിച്ചു ചെയ്ത ആള് എന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്.
36 ചിത്രങ്ങള്‍ രചിച്ച് സംവിധാനം ചെയ്യുകയും അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള ബാലചന്ദ്ര മേനോന് താൻ സംവിധാനം ചെയ്ത 29 ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രഖ്യാപനമനുസരിച്ച് 26 സിനിമകള്‍ രചിച്ച് സംവിധാനം ചെയ്ത് അഭിനയിച്ചിട്ടുള്ള അമേരിക്കന്‍ സംവിധായകന് വൂഡി അലനാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ബാലചന്ദ്രമേനോന്റെ കുറിപ്പ് വായിക്കാം–
ഒരുപാട് സന്തോഷമുണ്ട് മനസ്സിന്. ആ സന്തോഷം മറ്റുള്ളവരുമൊത്തു പങ്കിടുക എന്നത് അതിലും സന്തോഷകരമായ കാര്യമാണ് .'ലോകത്തിൽ ഒന്നാമൻ ' എന്ന എന്റെ പോസ്റ്റ് ഇതിനകം തന്നെ രണ്ടു ലക്ഷത്തിനു മീതെ റീച് ആയിക്കഴിഞ്ഞു .നിങ്ങൾ കലവറയില്ലാതെ എന്നെ അഭിനന്ദിക്കുകയും ചെയ്തു . വളരെ വളരെ സന്തോഷമുണ്ട്. ഇന്നലെ രാത്രിയിൽ ന്യൂജേഴ്സിയിലുള്ള മകൾ ഭാവനയുമായി സ്കൈപ്പിൽ സംസാരിക്കവെ അവൾ തമാശരൂപേണയാണെങ്കിലും ഒരു കാര്യം പറഞ്ഞു.
"അച്ഛാ, ഇങ്ങനെ നിരന്തരമായി ഇതേ സംബന്ധിച്ച് പോസ്റ്റുകൾ വന്നാൽ ഫെസ്ബൂക് മിത്രങ്ങൾ അഭിനന്ദിച്ച് , നിരന്തരം അഭിനന്ദിച്ചു ക്ഷീണിതരാവും.അതിനൊരു പരിഹാരം അച്ഛൻ തന്നെ കാണണം ."
അവൾ പറഞ്ഞത് ശരിയാണ് എന്ന് എനിക്കും തോന്നി.
ചടങ്ങു കഴിഞ്ഞു വന്ന റിപ്പോർട്ടുകളിൽ മിക്കതും പുറത്തുകൊണ്ടുവന്ന ആശയം 'റോസസ്സ് ദി ഫാമിലി ക്ളബ്ബ് ' എന്റെ നാൽപ്പതാം വർഷം എന്നെ ആദരിച്ചു ' എന്നാണു. റോസെസ്സ് ഫാമിലി ക്ലബ് എന്നെ ആദരിക്കുന്നതിനു വേണ്ടിയല്ല ,മറിച്ചു ലോകസിനിമയിൽ എനിക്ക് വന്ന റെക്കോർഡ് ശ്രീ അടൂർ ഗോപാലകൃഷ്ണൻ പ്രഖ്യാപിക്കുന്നതു പൊതു ജനസമക്ഷം ശ്രദ്ധയിൽ വരണം എന്നായിരുന്നു ആശയം. അത് വിഫലമായപ്പോൾ ഈ സന്തോഷവാർത്തമാനം നിങ്ങളിൽ എത്തിക്കാൻ ഞാൻ അവലംബിച്ച മാർഗ്ഗങ്ങളിൽ ഒന്ന് ഫേസ്ബുക്കാണ് .
ഒരു പനി വന്നാൽ മാറാൻ ഒരു നേരം കഴിയണം എന്ന് പറയുന്നതുപോലെ ഈ ലോക റെക്കോർഡിന്റെ പ്രചാരണത്തിന്റെ കാര്യത്തിലും ഒരല്പ സമയം വേണ്ടിവരും. ഞാനാകട്ടെ ഫാൻസ് അസോസിയേഷൻ എന്ന കാര്യം ആയ കാലത്തേ ഉപേക്ഷിച്ച ആളാണ്. അതുകൊണ്ടു എന്റെ സന്തോഷം ഞാൻ നേരിട്ട് എത്തിക്കാൻ ബാധ്യസ്തനുമാണ്.
അതുകൊണ്ടു ഇനീം ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വരുമ്പോൾ "അയ്യോ, ബാലചന്ദ്ര മേനോന്റെ പോസ്റ്റ് വന്നല്ലോ എന്ന് കരുതി വീണ്ടും അഭിനന്ദിക്കണമല്ലോ" എന്ന ബേജാർ വേണ്ട . ഞാൻ നിങ്ങളുടെ വാത്സല്യം നിങളുടെ അക്ഷരങ്ങളിലൂടെ അറിയുന്നുണ്ട് . കമന്റുകൾ മാത്രം, ഉണ്ടെങ്കിൽ, അയച്ചുകൊള്ളൂ.
ഇവിടെ കാണുന്ന ഫോട്ടോ ഞാൻ വർഷങ്ങൾക്ക് മുൻപ് ഊട്ടിയിൽ പോയപ്പോൾ എടുത്തതാണ്.ആ ഫോട്ടോക്ക് ഒരു വലിയ അർത്ഥമുണ്ട്. എന്നെ കൊതിപ്പിക്കുന്ന ആ കുമിളകളുടെ സ്ഥാനമേ നമ്മുടെ ജീവിതത്തിനുള്ളതെന്നു അങ്ങേയറ്റം മനസ്സിലാക്കിയിട്ടുള്ള ആളാണ് ഞാൻ.
ലോകത്തിൽ ഒന്നാമനായിട്ടും എന്റെ ആ വീക്ഷണത്തിനു മാറ്റമുണ്ടായിട്ടില്ല. അതേ സമയം കൊച്ച കൊച്ചു കാര്യങ്ങളിൽ ആനന്ദം കണ്ടെത്തുന്ന ഒരു മനസ്സും എനിക്ക് ദൈവം തന്നിട്ടുണ്ട് . അപ്പോൾ ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തിൽ ഞാൻ നിങ്ങളോടൊപ്പം ഒന്ന് ആനന്ദിച്ചോട്ടെ . അല്ലെ ?നിങ്ങൾക്ക് ബോറടിക്കാതെ ഞാൻ ശ്രദ്ധിച്ചോളാം.