നിയമപരമായി വിവാഹബന്ധം വേർപിരിഞ്ഞെങ്കിലും സുസെയ്നും ഹൃതിക്കും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. മക്കളുടെ സന്തോഷത്തിനുവേണ്ടി ഇരുവരും ഒത്തുകൂടാറുമുണ്ട്. എന്നാൽ ഇപ്പോഴത്തെ ചില വാർത്തകൾ ഇരുവരും വീണ്ടും ഒരുമിക്കുന്നതിന്റെ സൂചനയാണെന്നാണ് ബിടൗൺ അടക്കം പറയുന്നത്. പുതിയതായി വന്നിരിക്കുന്ന വാർത്ത ഹൃത്വിക് മുൻ ഭാര്യയ്ക്ക് വേണ്ടി തന്റെ വീടിനടുത്ത് പുതിയൊരു ലക്ഷ്വറി ഫ്ലാറ്റ് വാങ്ങിച്ചു നൽകിയെന്നാണ്. ബാന്ദ്രയിലെ ഈ വീടിനു ഏകദേശം 25 കോടിയോളം വില വരും. ഹൃതിക്കിന്റെ വീട്ടിൽ നിന്നും 15 മിനുട്ട് ദൂരം മാത്രമേ പുതിയ വീട്ടിലേക്ക് ഒള്ളൂ. സുസെയ്നും മക്കളും ഉടൻ തന്നെ വാടക വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് മാറുമെന്നാണ് സൂചനകൾ. ഇതൊക്കെ ആവാമെങ്കിൽ ഇവർക്ക് വീണ്ടും ഒരുമിച്ചാലെന്താ എന്നാണ് ബോളിവുഡിലെ അടക്കിപ്പിടിച്ച സംസാരം.
സഹകരണം മക്കൾക്ക് വേണ്ടിയിട്ടാണെന്നും ഹൃത്വിക്കുമായി വീണ്ടും ഒരുമിക്കാൻ സാധ്യതയില്ലെന്നും സൂസെയ്ൻ പലതവണ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുമുണ്ടെങ്കിലും ഇരുവരും ഒരുമിക്കണമെന്നു തന്നെയാണ് ഹൃതിക്കിന്റെയും സുസെയ്ന്റെയും ആരാധകർ ആഗ്രഹിക്കുന്നത്. ഹൃതിക്കിന്റെ ബാല്യകാലസുഹൃത്ത് കൂടിയാണ് സുസെയൻ. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.