റിലയൻസ് ജിയോയുടെ ഹാപ്പി ന്യൂ ഇയർ ഓഫർ മാർച്ച് 31ന് അവസാനിക്കുമെങ്കിലും സൗജന്യം മാർച്ച് കഴിഞ്ഞും തുടരുമെന്ന് സൂചന. മാർച്ച് കഴിഞ്ഞ് മൂന്നുമാസത്തേക്ക് ആകും ജിയോയുടെ സൗജന്യ സേവനം ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കിൽ പുതിയ ഓഫറിന് ജൂൺ 30 വരെ കാലവധിയുണ്ടാകും. എന്നാൽ പുതിയ പ്ലാനിൽ ഡാറ്റ സേവനത്തിനായി 100 രൂപ അധികം നൽകേണ്ടി വരുമെന്നും സൂചനയുണ്ട്. വോയ്സ് കോളുകൾ പൂർണ സൗജന്യമായിരിക്കും.
സെപ്തംബർ 5ന് ആരംഭിച്ച ജിയോയുടെ വെൽകം ഓഫർ ഡിസംബറിൽ അവസാനിച്ചിരുന്നു. അപ്പോഴാണ് ഹാപ്പി ന്യൂ ഇയർ ഓഫർ മാർച്ച് 31 വരെ പ്രഖ്യാപിച്ചത്. സൗജന്യ സേവനം പിൻവലിച്ചാൽ ജിയോയുടെ ഉപഭോക്താക്കളുടെ എണം കുറയുമെന്ന് അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് പുത്തൻ ഓഫറിന്റെ വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ പുതിയ ഓഫറിനെക്കുറിച്ച് റിലയൻസ് ജിയോ അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
999 രൂപയ്ക്ക് ഫോണും എത്തും
വിപണിയിൽ പിടിക്കാൻ ലക്ഷ്യമിട്ട് രാജ്യത്തെ സാധാരണക്കാർക്കായി കേവലം 999 രൂപയ്ക്ക് 4ജി ഫീച്ചർ ഫോൺ പുറത്തിറക്കാനും ജിയോ ആലോചിക്കുന്നുണ്ട്. ജിയോയുടെ 4ജി സേവനങ്ങളെല്ലാം ആസ്വദിക്കാൻ കഴിയുന്ന ഹാൻഡ്സെറ്റ് കേവലം 999 രൂപയ്ക്ക് പുറത്തിറക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് തയാറാണെന്ന് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. സ്മാർട്ട്ഫോണുകളിൽ 4ജി ഇന്റർനെറ്റ് ആസ്വദിക്കുന്നതു പോലെ ജിയോയുടെ പുതിയ ഫീച്ചർ ഫോൺ ഉപയോഗിക്കാം. ഇത് സംബന്ധിച്ച് മൂന്നു മാസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.
കുറഞ്ഞ വിലയിൽ 4ജി സൗകര്യത്തോടെ ഫീച്ചർഫോൺ വിപണിയിലെത്തിയാൽ രാജ്യത്തെ മൊബൈൽ ഫോൺ വിപണിയെ തന്നെ കീഴ്മേൽ മറിക്കും. ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിനു മുന്നിലും പിന്നിലും ക്യാമറയുണ്ടാകും. ജിയോ ചാറ്റ്, ലൈവ് ടിവി അടക്കമുള്ള സേവനങ്ങൾ ലഭിക്കുന്നതുമാകും പുതിയ ഫോണുകൾ. സാധാരണ ഫോണുകളിലെ പോലെയായിരിക്കും കീപാഡ്. ഡിജിറ്റൽ ഇടപാടുകൾക്കു വേണ്ട ഫിംഗർ പ്രിന്റ് സ്കാനറും ഉൾപ്പെടുത്തിയേക്കും.
ജിയോ മണി അടക്കമുള്ള മൊബൈൽ വോലറ്റുകളു ഉപയോഗിക്കാനാകും. ഈ ഹാൻഡ്സെറ്റിൽ നിന്നു പരിധിയില്ലാതെ സൗജന്യ കോളുകളും വിളിക്കാവുന്ന ഓഫറും പ്രഖ്യാപിച്ചേക്കുമെന്നാണു റിപ്പോർട്ടുകൾ. രാജ്യത്തെ 65 ശതമാനം പേരും ഇപ്പോഴും ഫീച്ചർ ഫോണുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോണിനു 3,000 രൂപ വരെ നൽകണം. നിലവിൽ ജിയോ 3,499 രൂപ വിലയുള്ള ലൈഫ് സ്മാർട്ട്ഫോണുകൾ വിതരണം ചെയ്യുന്നുണ്ട്.
എന്നാൽ പുതിയ 999 രൂപ ഫീച്ചർ ഫോൺ ജിയോ സിമ്മിനൊപ്പമാണ് നൽകുക. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ കമ്പനിയായ ലാവയാണ് 999 രൂപ വിലയുള്ള ജിയോ ഫീച്ചര്‍ ഫോൺ നിര്‍മിക്കുക. 2,000 രൂപയിൽ വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ നേരത്തെ കേന്ദ്ര സർക്കാർ തന്നെ വിവിധ കമ്പനികളോടു നിർദ്ദേശിച്ചിരുന്നു.