ആൻഡ്രോയ്ഡിലേക്കു നോക്കിയയുടെ വരവ് രാജകീയമായിത്തന്നെ. ആദ്യ ഫ്ലാഷ് സെയിലിൽ ഒറ്റ മിനിറ്റുകൊണ്ട് ഒന്നുപോലും ബാക്കിയില്ലാതെ നോക്കിയ 6 വിറ്റുതീർന്നു. ചൈനീസ് വിപണി ഉദ്ദേശിച്ചു പുറത്തിറക്കിയ ഫോൺ ചൈനീസ് ഇ-കൊമേഴ്സ് പോർട്ടലായ ജെഡി.കോം വഴിയാണു വിൽക്കുന്നത്.
രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കു മാത്രമായിട്ടായിരുന്നു ആദ്യ വിൽപ്പന. 10 ലക്ഷത്തിലേറെ പേർ ഫോണിനായി രജിസ്റ്റർ ചെയ്തു കാത്തിരുന്നു. വിപണിയിലേക്കു ഫോൺ എത്തുന്നതായി പ്രഖ്യാപിച്ചതിനു ശേഷമുള്ള 24 മണിക്കൂറിൽ മാത്രം രണ്ടര ലക്ഷം പേർ ഫോണിനായി അപേക്ഷിച്ചുവെന്നത് നോക്കിയയുടെ ഈ ആൻഡ്രോയ്ഡ് ഫോണിന്റെ ജനസ്വീകാര്യത ചൂണ്ടിക്കാണിക്കുന്നു.
ഇന്നു വിൽപ്പന ആരംഭിച്ച് ഒരു മിനിറ്റാകുംമുൻപേ എല്ലാ ഫോണും വിറ്റുപോയി. ഇപ്പോൾ ഔട്ട് ഓഫ് സ്റ്റോക്കാണു കാണിക്കുന്നത്. എന്നാൽ എത്ര ഫോണുകൾ വിറ്റുപോയെന്നോ എത്ര യൂണിറ്റുകൾ വിൽപ്പനയ്ക്കെത്തിച്ചിരുന്നുവെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും, വിപണിയിൽ പുതിയ ഫോൺ എന്തു ചലനം സൃഷ്ടിക്കുമെന്നറിയാൻ നോക്കിയ 6 നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ നടത്തിയ ലിറ്റ്മസ് ടെസ്റ്റിന്റെ ഫലം തീർത്തും ആഹ്ലാദം നൽകുന്നതാണ്.
ആധുനിക സ്മാർട്ട് ഫോണിലെ സാങ്കേതിക സവിശേഷതകൾ എല്ലാമുണ്ടെന്നതും കയ്യിലൊതുങ്ങുന്ന വിലയാണെന്നതുമാണു നോക്കിയ 6ന്റെ പ്രത്യേകത. ചൈനീസ് വിപണിയിൽ 1699 യുവാനാണ് ഇതിന്റെ വില. ഏകദേശം 17,000 രൂപവരും ഇത്.
5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, 2.5 ഡി ഗോറില്ല ഗ്ലാസ്, 4ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, 3000 എംഎഎച്ച് ബാറ്ററി(അഴിച്ചു മാറ്റാൻ പറ്റാത്ത മോഡൽ), ഡ്യുവൽ സിം, 16 മെഗാപിക്സൽ റിയർ ക്യമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് നൗഗട്ട് അധിഷ്ടിത ഓപ്പറേറ്റിങ് സിസ്റ്റം, ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനം എന്നിവ നോക്കിയ 6ന്റെ പ്രത്യേകതകൾ.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക www.manoramaonline.com