കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി അപേക്ഷിച്ചാൽ ഉടൻ പാൻ കാർഡ് കിട്ടുന്ന സംവിധാനം വരുന്നു. ആധാർ ഇ-കെവൈസി ഉപയോഗിച്ചാണ് അപേക്ഷിച്ചാലുടൻ പാൻ കാർഡ് ലഭിക്കുന്ന സംവിധാനം നടപ്പാക്കുന്നത്.
ഇ-കെവൈസി ഉപയോഗിച്ച് സിം കാർഡ് നൽകാൻ കഴിയുമെങ്കിൽ പാൻ കാർഡും നൽകാൻ കഴിയുമെന്നാണ് ആദായ നികുതി വകുപ്പ് കണക്കാക്കുന്നത്. പാൻകാർഡ് നമ്പർ ഉടൻ ലഭിക്കുമെങ്കിലും കാർഡ് രൂപത്തിൽ കിട്ടുന്നതിന് കാലതാമസമെടുത്തേക്കാം.
രാജ്യത്തെ പൗരന്മാർക്ക് മൊബൈൽ ഫോണുകൾ വഴി ആദായ നികുതി അടയ്ക്കാവുന്ന സംവിധാനവും വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിനായി പ്രത്യേക ആപ്പ് രൂപകൽപ്പന ചെയ്യും. റിട്ടേണുകൾ ട്രാക്ക് ചെയ്യാനും ഈ ആപ്പ് ഉപയോഗിക്കാം.
പുതിയ രൂപത്തിലുള്ള പാൻ കാർഡ് കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെയുള്ള കാർഡിൽ ഹിന്ദിയിലും ഇംഗ്ലിഷിലും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. പുതിയ രൂപത്തിലുള്ള പാൻകാർഡുകളുടെ പ്രിന്റിങ് പുരോഗമിക്കുകയാണ്.