ടെക് ലോകത്തെ ഏറ്റവും വലിയ ഇ–മെയിൽ സേവനമായ ജിമെയിൽ വൻ പരിഷ്കാരങ്ങൾ വരുത്തുന്നു. ജാവ സ്ക്രിപ്റ്റ് ഫയലുകൾ ഉപേക്ഷിക്കുന്നു എന്ന റിപ്പോർട്ടിന് തൊട്ടുപിന്നാലെ പഴയ ക്രോം വേർഷനുകൾ, വിൻഡോസ് എക്സ്പി, വിസ്റ്റ ഉപേക്ഷിക്കാൻ പോകുകയാണെന്ന് ജിമെയിൽ അറിയിച്ചു. ഈ ഡിവൈസുകളിൽ തുറക്കുന്ന ജിമെയിൽ അക്കൗണ്ടുകൾക്ക് സപ്പോർട്ടിങ് നൽകുന്നത് നിർത്തുകയാണ്.
സുരക്ഷാ പ്രശ്നങ്ങളെ തുടർന്നാണ് വിൻഡോസിന്റെ ഈ വേർഷനുകൾ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ക്രോമിന്റെ ഏറ്റവും പുതിയ വേരഷൻ 55 ഉപയോഗിക്കാനാണ് നിർദ്ദേശം. ഫെബ്രുവരി 8 ന് ഇത് സംബന്ധിച്ച് ജിമെയിൽ ഉപയോക്താക്കളെ അറിയിക്കും.
ജിമെയിൽ ഉപയോഗിക്കുന്ന നിരവധി പേർ ഇപ്പോഴും ക്രോം 53 വേര്‍ഷനു താഴെയുള്ള ബ്രൗസറുകളാണ് ഉപയോഗിക്കുന്നത്. ഇതിനു പുറമെ വിൻഡോസ് എക്സ്പി, വിസ്റ്റ വേർഷനുകൾക്ക് മൈക്രോസോഫ്റ്റ് തന്നെ സപ്പോർട്ടിങ് നൽകുന്നത് നിർത്തിയിരിക്കുന്നു. ഇതോടെയാണ് ജിമെയിലും പുതിയ തീരുമാനമെടുത്തത്.
ക്രോം 53 വേർഷനു താഴെയുളളവർക്ക് ഈ വർഷം അവസാനം വരെ സേവനം നൽകും. പഴയ വേർഷനുകളിൽ ജിമെയിൽ തുറന്നാൽ എച്ച്ടിഎംഎൽ വേർഷനിലേക്ക് താനെ മാറ്റുന്നതാണ്. വിൻഡോസ് എക്സ്പി, വിസ്റ്റ ഒഎസുകൾക്ക് വേണ്ടിയാണ് ക്രോം 49 പതിപ്പ് പുറത്തിറക്കിയത്. ഇതിൽ നിരവധി സുരക്ഷാ പ്രശ്നങ്ങളുണ്ട്. പഴയ വേർഷനുകൾ മാറ്റാൻ നേരത്തെയും മുന്നറിയിപ്പ് മെസേജുകൾ ഗൂഗിൾ നൽകിയിട്ടുണ്ട്. പഴയ വേർഷനുകളിൽ ജിമെയിൽ തുറന്നാൽ ഹാക്കിങ് സാധ്യത കൂടുതലാണ്.