സാംസങിന്റെ ഗ്യാലക്സി നോട്ട് 7 ഫോണുകൾ പൊട്ടിത്തെറിക്കാനിടയായ കാരണം കണ്ടെത്തി. ബാറ്ററിയുടെ തകരാർ മൂലമാണു ഫോണുകൾ പൊട്ടിത്തെറിച്ചതെന്നു കണ്ടെത്തിയതായി കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
സാംസങിന്റെ ഏറ്റവും മികച്ച ഫോണുകളിലൊന്നായ ഗ്യാലക്സി നോട്ട് 7 പൊട്ടിത്തെറിച്ചതായി വാർത്തകൾ വന്നതിനെത്തുടർന്ന് ഇതിന്റെ വിൽപ്പന നിർത്തിയിരുന്നു. വിപണിയിലിറക്കിയ ഫോണുകൾ പൂർണമായി പിൻവലിക്കുകയും ചെയ്തു. ഇപ്പോൾ പുതിയ ഗ്യാലക്സി എസ്8 മോഡൽ ഫോണുകൾ വിപണിയിലെത്തിക്കാനുള്ള പദ്ധതികൾ നടക്കവെയാണ് നോട്ട് 7നു സംഭവിച്ച ദുരന്ത കാരണം കമ്പനി കണ്ടെത്തിയിരിക്കുന്നത്.
നോട്ട് 7നു സംഭവിച്ച തകരാർ എന്താണെന്നു സാംസങ് ലോകത്തോടു വിശദീകരിക്കുമെന്നും റിപ്പോർട്ടുണ്ട്. ഈ മാസം 23ന് ഇതു സംബന്ധിച്ച വിശദീകരണമുണ്ടാകുമെന്നാണു സൂചന. തകരാറുകൾ പരിഹരിക്കുന്നതിനു സാംസങ് സ്വീകരിച്ച നടപടികളും പ്രഖ്യാപിക്കും.
സെപ്റ്റംബറിലാണ് നോട്ട് 7 മോഡൽ വിപണിയിലിറങ്ങിയത്. ഫോൺ പൊട്ടിത്തെറിച്ചതായ വാർത്തകൾ വന്നതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വിമാനത്തിൽ ഇത് ഉപയോഗിക്കരുതെന്നു നിർദേശം നൽകിയിരുന്നു.