പുതുപുത്തന്‍ സവിശേഷതകളും നവീകരിച്ച യുഐയുമായി ആന്‍ഡ്രോയ്ഡ് ഫെയ്സ്ബുക്ക് മെസഞ്ചര്‍ ആപ്പ് അണിയറയില്‍ ഒരുങ്ങുന്നു. നേരത്തെ പ്രഖ്യാപിച്ച 'എം' അസിസ്റ്റന്റ് എന്ന സംവിധാനവും പുതിയ മെസഞ്ചറില്‍ സമന്വയിപ്പിക്കും. മെസഞ്ചറിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുന്നത്.
പുതിയ ബീറ്റ പതിപ്പിലെ മാറ്റങ്ങള്‍ ആദ്യം കണ്ടെത്തിയ ആന്‍ഡ്രോയ്ഡ് പൊലീസ് നല്കുന്ന വിവര പ്രകാരം ഫെയ്സ്ബുക്ക് മെസഞ്ചറിലെ ഏറ്റവും സുപ്രധാനമായ മാറ്റം നവീകരിച്ച ചാറ്റ് യുഐയാണ്. യുഐ എലമെന്റ്സ് ക്ലസ്റ്റര്‍ നേരത്തെ രണ്ട് നിരയായിരുന്നത് ഒറ്റ നിരയാക്കാന്‍ ഫെയ്സ്ബുക്ക് ശ്രമിച്ചിരിക്കുന്നു. അധികം ആവശ്യമില്ലാത്ത കാര്യങ്ങളായ റിമൈന്‍ഡര്‍ സെറ്റ് ചെയ്യുക, ഗെയിം കളിക്കുക പോലെയുള്ള കാര്യങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന സ്ക്രീന്‍ ഷോട്ടിലെ പോലെ ഒരു പ്ലസ് ചിഹ്നം നല്കി അതിനുള്ളിലേക്ക് മാറ്റിയിട്ടുണ്ട്.
എല്ലാ എലമെന്റുകളും ഒരു വരിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിരിക്കുന്നതിനാല്‍ ടെക്സ്റ്റ് ടൈപ് ചെയ്യുന്ന സ്ഥലം ഒരു ക്യാപ്സൂള്‍ പോലെ ചെറുതാക്കിയിരിക്കുന്നു. പുതിയ യുഐ ക്ലസ്റ്റര്‍ ചെറുതാക്കുമ്പോള്‍ ജിഫ്, ഇമോജികള്‍, സ്റ്റിക്കറുകള്‍ മുതലായവ അയക്കുന്നതിന് കൂടുതല്‍ ടാപ് ചെയ്യേണ്ടിവരും. അതേസമയം, മുന്‍ പതിപ്പില്‍ നിന്ന് കൂടുതല്‍ അടുക്കുംചിട്ടയും പുതിയ യുഐയില്‍ കാണാന്‍ കഴിയും.
പുതിയ മെസഞ്ചറില്‍ ആപ് അപ്ഡേറ്റുകള്‍ക്കായി നോട്ടിഫിക്കേഷന്‍ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. ഓരോ സമയവും ഫെയ്സ്ബുക്ക് മെസഞ്ചര്‍ ആപ് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ആഗ്രഹമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇത് ഓഫ് ചെയ്ത് വയ്ക്കാന്‍ സാധിക്കും. മറ്റൊന്ന് മെസഞ്ചറില്‍ വരുന്ന ലിങ്കുകള്‍ എവിടെ തുറക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം എന്നുള്ളതാണ്. 'ലിങ്ക് ഓപ്പന്‍ എക്സ്റ്റേണലി' എന്ന ഈ ഓപ്ഷന് ഓണ്‍ ചെയ്താല്‍ മെസഞ്ചറിലെ ഇന്‍-ബില്‍റ്റ് ആപ്പ് ബ്രൗസറില്‍ അല്ലാതെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ബ്രൗസറില്‍ ലിങ്കുകള്‍ ഓപ്പൺ ചെയ്യാം.
കഴിഞ്ഞ ഓഗസ്റ്റില്‍ പ്രഖ്യാപിച്ച ആന്‍ഡ്രോയ്ഡ് 'എം' വിര്‍ച്വല്‍ അസിസ്റ്റന്റ് ബീറ്റ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വാഗ്ദാനം ചെയ്തപോലെയുള്ള പ്രവര്‍ത്തനമല്ല അത് കാഴ്ച വയ്ക്കുന്നത്. ബീറ്റ പതിപ്പില്‍ 'എം' ന് നിരവധി പ്രശ്നങ്ങളുണ്ടെങ്കിലും സ്റ്റേബിള്‍ പതിപ്പില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം പ്രതീക്ഷിക്കാം.