E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

പ്രധാനമന്ത്രി പറഞ്ഞ ഡിസംബർ 30 നാളെ; തീർന്നോ, പ്രശ്നങ്ങൾ...?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

PTI9_25_2016_000162B
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

‘ഡിസംബർ 30 വരെ കാത്തിരിക്കൂ. പിന്നെയും പ്രശ്നങ്ങൾ ബാക്കിയാണെങ്കിൽ എന്നെ ശിക്ഷിക്കൂ’’ – പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 13നു രാഷ്ട്രത്തോടു പറഞ്ഞത്. കറൻസി പിൻവലിക്കലിനു ശേഷം 50 ദിവസം പിന്നിട്ടു. ഡിസംബർ 30 അടുത്തെത്തി. വിവിധ മേഖലകളിലെ സ്ഥിതിയെന്ത്? ബാങ്കിങ്, വ്യവസായ മേഖലകളെപ്പറ്റി അവലോകനം.

ബാങ്കിങ് മേഖലയിൽ ഒരു ലക്ഷം കോടി രൂപയുടെയെങ്കിലും നഷ്‌ടം , മറ്റൊരു ജോലിയും നടക്കുന്നില്ല

വാസുദേവ ഭട്ടതിരി

അൻപതു ദിവസത്തെ കണക്കെടുക്കുമ്പോൾ ബാങ്കിങ് വ്യവസായത്തിന്റെ ബാക്കിപത്രത്തിൽ രേഖപ്പെടുത്തേണ്ടിവരുന്നത് ഒരു ലക്ഷം കോടി രൂപയുടെയെങ്കിലും നഷ്‌ടം. ബിസിനസ് നഷ്‌ടത്തിനു പുറമെ അവസരനഷ്‌ടവും വിശ്വാസ്യതയിലുണ്ടായ നഷ്‌ടവും കൂടി കണക്കിലെടുത്താൽ പലിശ ചേർത്തു പിഴയൊടുക്കേണ്ടിവന്ന അവസ്‌ഥ.

ബാങ്കിങ് മേഖലയ്‌ക്കു കഷ്‌ടനഷ്‌ടങ്ങൾ വരുത്തിവച്ചതിന്റെ പ്രധാന ഉത്തരവാദിത്തം മുന്നൊരുക്കങ്ങൾ ഉറപ്പാക്കാതെ നോട്ടുറദ്ദാക്കലും കറൻസി നിയന്ത്രണവും പ്രഖ്യാപിച്ച പ്രധാനമന്ത്രിക്കുള്ളതാണെങ്കിൽ പ്രഖ്യാപനം പ്രവൃത്തിപഥത്തിലെത്തിക്കുന്നതിൽ പ്രകടമാക്കിയ പിടിപ്പുകേടാകട്ടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കു (ആർബിഐ) ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായി. 

പ്രായോഗിക ബുദ്ധിമുട്ടുകൾ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താനായില്ല എന്നതാണ് ആർബിഐക്കു പറ്റിയ ആദ്യ തെറ്റ് എന്നു നിരീക്ഷകർ വിലയിരുത്തുന്നു. 15.5 ലക്ഷം കോടി രൂപയുടെ കറൻസി പിൻവലിക്കുമ്പോൾ പകരം നൽകാൻ അതിന്റെ മൂന്നിലൊന്നുപോലും ആർബിഐയുടെ കൈവശമുണ്ടായിരുന്നില്ല.

കൈവശമുണ്ടായിരുന്ന ശേഖരമാകട്ടെ ഇഷ്യു ഓഫിസുകളിലും കറൻസി ചെസ്‌റ്റുകളിലും എത്തിക്കുന്നതിനു സമയോചിതമായ നടപടികൾ സ്വീകരിച്ചതുമില്ല. 50 ദിവസം പിന്നിടുമ്പോഴും പിൻവലിച്ചതിനു തുല്യമായത്ര തുകയുടെ കറൻസി ലഭ്യമാക്കുന്നതിൽ ആർബിഐ പരാജയപ്പെട്ടിരിക്കുന്നു. 

എത്ര നോട്ടുകൾ അച്ചടിച്ചെന്നോ എന്നത്തേക്കു സാധാരണനില കൈവരിക്കാനാവുമെന്നോ പറയാൻപോലും ബാങ്കുകളുടെ ബാങ്കായ ആർബിഐക്കു കഴിയുന്നില്ല. 500ന്റെ നോട്ടുകൾ അങ്ങിങ്ങു മാത്രം; ആയിരത്തിന്റെ നോട്ട് എന്നെത്തുമെന്ന് അറിയുകയുമില്ല. അതിനിടെ, നോട്ടുവിതരണത്തിൽ ആർബിഐ സ്വകാര്യ ബാങ്കുകളോടു പ്രത്യേക താൽപര്യം കാണിച്ചെന്ന ആരോപണം പോലും ഉയർന്നിരിക്കുന്നു. 

ആർബിഐയിലെതന്നെ ഏതാനും ഉദ്യോഗസ്‌ഥർ പുത്തൻ കറൻസിയുടെ ‘കച്ചവട’ത്തിനു പിടിയിലായതും ശ്രദ്ധേയം. 50 ദിവസത്തിനിടയിൽ അറുപതിലേറെത്തവണ നിബന്ധനകൾ മാറിമാറി പ്രഖ്യാപിച്ചു ബാങ്കിടപാടുകാരെ വലയ്‌ക്കുന്നതിൽ ആർബിഐ ശരിക്കും സാമർഥ്യം കാട്ടുകയും ചെയ്‌തു. പിന്നിട്ട 50 ദിവസങ്ങളിലും ബാങ്കുകൾ ബാങ്കുകളായല്ല പണം കൈമാറ്റത്തിനുള്ള വെറും എക്‌സ്‌ചേഞ്ച് ഹൗസുകളായാണു പ്രവർത്തിച്ചത്. 

കുറെ ദിവസങ്ങൾ കൂടി അങ്ങനെതന്നെ വേണ്ടിവരുമെന്ന സ്‌ഥിതിയുമാണ്. ബാങ്കുകളിലേക്കുള്ള കറൻസി വിതരണത്തിൽ ഇപ്പോഴും 50 – 55% കുറവുണ്ടെന്നാണ് അറിയുന്നത്. എടിഎമ്മിൽനിന്നു ദിവസം 2500 രൂപ പിൻവലിക്കാമെന്നാണ് അറിയിപ്പെങ്കിലും ബഹുഭൂരിപക്ഷം മെഷീനുകളിലും രണ്ടായിരത്തിന്റെ നോട്ടുകൾ മാത്രമേ നിറയ്‌ക്കുന്നുള്ളൂ. 

ഫലത്തിൽ 2000 രൂപ മാത്രമാണു പിൻവലിക്കാനാവുന്നത്. അക്കൗണ്ടിൽനിന്ന് ആഴ്‌ചയിൽ 24,000 രൂപ പിൻവലിക്കാമെന്നാണ് അറിയിപ്പെങ്കിലും എല്ലാ ശാഖകളിലും ഇതു സാധ്യമാകുന്നില്ല. എല്ലാ ദിവസവും വളരെ വൈകിയും ജീവനക്കാർക്കു ജോലിചെയ്യേണ്ടിവരുന്ന അവസ്‌ഥയാണ് ഇപ്പോഴും. അധികജോലിക്ക് അധികവേതനമില്ലെന്നു മാത്രമല്ല അത്യാവശ്യത്തിനുപോലും അവധി അനുവദിക്കുകയുമില്ല. 

ചെയ്യുന്ന ജോലി മുഴുവൻ കറൻസി കൈമാറ്റവുമായി ബന്ധപ്പെട്ടവയായതിനാൽ പുതിയ ബിസിനസ് തേടുന്നതിനോ വായ്‌പയുടെ കുടിശിക പിരിക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കോ സമയമില്ലാതാകുന്നു. ലാഭകേന്ദ്രങ്ങളായി പ്രവർത്തിച്ചുപോന്ന ശാഖകൾക്കുപോലും പിന്നാക്കം പോകേണ്ടിവന്നിരിക്കുന്നു. ബാങ്കിങ് വ്യവസായം നേരിടുന്ന കിട്ടാക്കടത്തിന്റെ അളവ് ആറു ലക്ഷം കോടി രൂപയിലേറെ വരും. 

നോട്ടുറദ്ദാക്കലും കറൻസി നിയന്ത്രണവും വായ്‌പകളുടെ തിരിച്ചടവിനെ വലിയതോതിൽ ബാധിച്ചിരിക്കുന്നതിനാൽ കിട്ടാക്കടത്തിന്റെ അളവിൽ വൻ കുതിപ്പുണ്ടാകാമെന്നാണു ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ടവരുടെ അനുമാനം. നടപ്പു ത്രൈമാസത്തിൽ മാത്രം കിട്ടാക്കടത്തിന്റെ അളവിലുണ്ടായേക്കാവുന്ന വർധന രണ്ടു ലക്ഷം കോടി രൂപയോളമാകാമെന്നും അവർ കണക്കുകൂട്ടുന്നു.

വായ്‌പ നൽകാൻ പണം ഏറെ; എന്നാൽ ആവശ്യക്കാർ കുറവ്. ബാങ്കുകളിലെ സ്‌ഥിതി ഇപ്പോൾ ഇങ്ങനെയായിരിക്കുന്നു. ഉപഭോഗത്തിലെ ഇടിവുമൂലം ഉൽപാദനം കുറയുകയും വികസനാവസരങ്ങൾ ഇല്ലാതാകുകയും ചെയ്‌തതോടെ കോർപറേറ്റ് മേഖലയിൽനിന്നു വായ്‌പയ്‌ക്കുള്ള സമ്മർദം ഇല്ലാതായിരിക്കുകയാണ്. ചെറുകിട, ഇടത്തരം സംരംഭങ്ങളും മടിച്ചുനിൽക്കുന്നു. ഭവന, വാഹന വ്യക്‌തിഗത വായ്‌പകൾക്കുള്ള അന്വേഷണങ്ങളിൽപോലും 60% വരെ കുറവുണ്ടെന്നു ബാങ്കർമാർ പറയുന്നു. 

വായ്‌പ ഇനത്തിലുള്ള പലിശ വരുമാനത്തിൽ കുറവുണ്ടാകുന്നതിനു പുറമെ അധിക നിക്ഷേപം മൂലം പലിശച്ചെലവു വർധിക്കുകയുമാണ്. ബാങ്ക് നിക്ഷേപത്തിലെ വൻ വർധന വായ്‌പ നിരക്കുകൾ കുറയ്‌ക്കാൻ ഉപകരിക്കുമായിരുന്നെങ്കിൽ വാണിജ്യ, വ്യവസായ മേഖലകൾക്കു മാത്രമല്ല സാധാരണക്കാർക്കും നേട്ടമാകുമായിരുന്നു. 

എന്നാൽ വായ്‌പ നിരക്കുകൾ കുറയ്‌ക്കാൻ മറ്റു സാഹചര്യങ്ങൾ അനുകൂലമായിട്ടില്ല. വായ്‌പ നിരക്കുകൾ കുറയ്‌ക്കണമെങ്കിൽ അതിനു മുന്നോടിയായി നിക്ഷേപങ്ങൾക്കുള്ള പലിശ കുറയ്‌ക്കേണ്ടതുമുണ്ട്. അതു ജനവിരുദ്ധ നടപടിയായി വ്യാഖ്യാനിക്കപ്പെടാമെന്നു ബാങ്കർമാർ ഭയക്കുന്നു.

ബഹുഭൂരിപക്ഷം ജീവനക്കാർക്കും ക്രമക്കേടുകളിൽ പങ്കില്ലെങ്കിലും ബാങ്കിങ് മേഖല സംശുദ്ധമല്ലെന്ന് അൻപതു ദിവസത്തെ സംഭവവികാസങ്ങൾ വ്യക്‌തമാക്കുന്നു. പുത്തൻ കറൻസി അനർഹമായ കൈകളിലേക്ക് ഒഴുക്കിയതിനു പിന്നിൽ ശാഖകളിലെയും കറൻസി ചെസ്‌റ്റുകളിലെയും ഉദ്യോഗസ്‌ഥർക്കുള്ള പങ്കു പുറത്തായിട്ടുണ്ട്. ഇതോടെ ബാങ്കിങ് സംവിധാനത്തിന്റെ വിശ്വാസ്യതയാണു സംശയത്തിന്റെ നിഴലിലായിരിക്കുന്നതെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അൻപതു ദിവസംകൊണ്ടു ബാങ്കിങ് മേഖലയുടെ ചെലവിൽ നേട്ടം കൊയ്‌തതാര് എന്ന ചോദ്യമാണു ബാക്കിനിൽക്കുന്നത്. പണമിടപാടുകൾക്കു ഡിജിറ്റൽ സംവിധാനങ്ങൾ ലക്ഷ്യമാക്കുന്ന കമ്പനികളും അവർക്കു സാങ്കേതിക വിദ്യകൾ സജ്‌ജമാക്കിക്കൊടുക്കുന്ന കമ്പനികളും എന്ന് ഉത്തരം.

വീടുനിർമാണങ്ങൾ കുറഞ്ഞു; ചെറുകിട നിർമാണ മേഖലയിൽ പ്രതിസന്ധി

ജോ ജേക്കബ്

കറൻസി നിരോധനം അൻപതു ദിവസം പിന്നിടുമ്പോൾ ചെറുകിട നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ. അസംഘടിത നിർമാണ മേഖല ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്. കെട്ടിടനിർമാണ രംഗത്തു ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാർ ഒട്ടേറെപ്പേർ സ്വദേശങ്ങളിലേക്കു മടങ്ങിയെന്നതു പ്രതിസന്ധിയുടെ ആഘാതം വ്യക്തമാക്കുന്നു. 

വീടുനിർമാണത്തിനും മറ്റും ആവശ്യമായ പണം ആളുകളുടെ കയ്യിൽ ലഭ്യമല്ലാത്തതാണു പ്രതിസന്ധിക്കു കാരണമാകുന്നത്. ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയ്ക്കു പരിധിയുള്ളതിനാൽ ജോലിക്കാർക്കും മറ്റും പണം നൽകാൻ സാധിക്കുന്നില്ല. സാധനങ്ങൾ വാങ്ങുന്നതിനെയും ബാധിച്ചു.

നിർമാണ മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാ രംഗങ്ങളിലും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്നു കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ഭാരവാഹി ടി.കെ.രമേശൻ പറയുന്നു. വീടു നിർമാണം ആരംഭിച്ച പലരും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. വീടു നിർമാണം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നവരും മാറ്റിവയ്ക്കുന്നു. ഭൂമിക്കച്ചവടങ്ങൾ നടക്കാത്തതും പ്രതിസന്ധിക്കു കാരണമായിട്ടുണ്ട്. 

അതേസമയം, ഫ്ലാറ്റുകൾ ഉൾപ്പെടെയുള്ള വൻകിട പദ്ധതികളെ കറൻസി നിരോധനം ബാധിച്ചിട്ടില്ലെന്നും റിയൽ എസ്റ്റേറ്റ് രംഗം വൈകാതെ സാധാരണനിലയിലേക്കെത്തുമെന്നും കെട്ടിടനിർമാതാക്കൾ വിലയിരുത്തുന്നു. വിൽപനയ്ക്ക് ഇടിവുണ്ടായിട്ടുണ്ടെന്നും ഇതു താൽക്കാലികമാണെന്നും നിർമാതാക്കൾ വ്യക്തമാക്കുന്നു. 

ഫ്ലാറ്റുകളുടെയും മറ്റും വില കുറയുമെന്ന പ്രചാരണം തെറ്റാണെന്നും നിർമാണത്തിൽ വിട്ടുവീഴ്ച വരുത്താൻ ആരും തയാറാകുന്നില്ലെന്നും ക്രഡായ് കേരള സെക്രട്ടറിയും അബാദ് ബിൽഡേഴ്സ് മാനേജിങ് ഡയറക്ടറുമായ ഡോ. നജീബ് സക്കറിയ പറയുന്നു. നിർമാണ സാമഗ്രികളുടെ വില ഉയർന്നുതന്നെ നിൽക്കുകയാണ്. തൊഴിലാളികളുടെ കൂലിയിലും കുറവുണ്ടായിട്ടില്ല – അദ്ദേഹം പറയുന്നു. 

കറൻസി നിരോധനത്തിനു മുൻപുതന്നെ സംസ്ഥാനത്തെ പ്രമുഖ നിർമാതാക്കളിൽ പലരും തൊഴിലാളികളുടെ കൂലി അക്കൗണ്ട് വഴി വിതരണം ചെയ്യുന്ന സംവിധാനം ആരംഭിച്ചിരുന്നുവെന്നും അതിനാൽ നിരോധനം നിർമാണത്തെ ബാധിച്ചിട്ടില്ലെന്നും അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ വി. സുനിൽ കുമാർ പറയുന്നു. 

വരുംമാസങ്ങളിൽ ഹൗസിങ് ലോണിന്റെ പലിശനിരക്കിൽ കുറവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അതു റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു കരുത്തേകുമെന്നും അദ്ദേഹം പറയുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ ചെറിയ തളർച്ച ഏതാനുംമാസങ്ങൾക്കുള്ളിൽ മാറുമെന്നും വിദേശ മലയാളികൾ ഉൾപ്പെടെയുള്ളവർ മികച്ച താമസസ്ഥലം ഒരുക്കാൻ പണം മുടക്കുമെന്നും കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.എ.ജോസഫും പറയുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :