
ബിസിനസ് രംഗത്തെ അവസരങ്ങളും വെല്ലുവിളികളും ഡിജിറ്റലൈസേഷനും അടക്കം ചര്‍ച്ച ചെയ്ത് കേരളം ബിസിനസ് സമ്മിറ്റ് 2023. കൊച്ചിയില്‍ മലയാള മനോരമ സമ്പാദ്യം മാസിക സംഘടിപ്പിച്ച കേരള ബിസിനസ് സമ്മിറ്റ് ഐബിഎസ് സോഫ്റ്റ്വെയര് സര്‍വീസസ് എക്സിക്യുട്ടീവ് ചെയര്‍മാന്‍ വി.കെ.മാത്യൂസ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി ബിസിനിസ് രംഗത്തെ പ്രമുഖര്‍ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു.
സ്വയംവിമര്‍ശനാത്മകമായ ചിന്തകളോടെ പുതിയ കാലത്തിന്റെ വികസനമാതൃകയെ ഉള്‍ക്കൊള്ളണമെന്ന് കേരള ബിസിനസ് സമ്മിറ്റിന് തിരിതെളിച്ച് ഐബിഎസ് സോഫ്റ്റ്വെയര് സര്‍വീസസ് എക്സിക്യുട്ടീവ് ചെയര്‍മാന്‍ വി.കെ.മാത്യൂസ് പറഞ്ഞു. പാശ്ചാത്യരാജങ്ങളോട് കിടപിടിക്കുന്ന നേട്ടങ്ങള്‍ ആരോഗ്യരംഗത്തും ഇതര മേഖലകളിലും ഉണ്ടായിട്ടും കേരളത്തിന് സാധ്യമായതിന്റെ പത്തുശതമാനം പോലും കാര്യനിര്‍വഹണത്തില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ലെന്നതാണ് നിരാശ. എന്നാല്‍ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ സംരംഭകര്‍ക്കടക്കം ഭരണകര്‍ത്താക്കളിലേക്കും ഉദ്യോഗസ്ഥരിലേക്കും എത്തിപ്പെടാന്‍ എളുപ്പമാണെന്നും വി.കെ.മാത്യൂസ് പറഞ്ഞു.
കെ–റെറ ചെയര്‍മാന്‍ പി.എച്ച്.കുര്യന്‍, ബാങ്ക് ഒാഫ് ബറോഡ സോണല്‍ മാനേജര്‍ ശ്രീജിത് കൊട്ടാരത്തില്‍,ദോഹ ബ്രോക്കറേജ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സിഇഒ പ്രിന്‍സ് ജോര്‍ജ്, യൂണിമണി സിഎഫ്ഒ മനോജ് മാത്യു , മലയാള മനോരമ മാര്‍ക്കറ്റിങ് സര്‍വീസസ് ആന്‍ഡ് സൊല്യൂഷന്‍സ് വൈസ് പ്രസിഡന്റ് ജോയ് മാത്യു തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.പുതിയ കേരള മോഡല്‍ തുടങ്ങി ആറ് സെഷനുകളിലായാണ് ബിസിനിസ് രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തത്.