
6ജിയുടെ വേഗത്തിലേക്ക് കുതിക്കുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ വന്‍കിട മൊബൈല്‍ കമ്പനികള്‍ മെയ്ഡ് ഇന്‍ ഇന്ത്യയുടെ ഭാഗമായത് വന്‍ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപിഎ സര്‍ക്കാരിന്‍റെ കാലത്തെ 2ജി സ്പെക്ട്രം വിവാദം പരമാര്‍ശിച്ച പ്രധാനമന്ത്രി തന്‍റെ സര്‍ക്കാരിന്‍റേമേല്‍ അഴിമതിയുടെ കറയില്ലെന്നും ഏഴാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
ഫൈവ് ജി യാഥാര്‍ഥ്യമായതോടെ ഇനി 6ജിയിലേക്കുള്ള ഗവേഷണവും കാത്തിരിപ്പും. ഡ്രോണുകളും സെമി കണ്ടക്ടറുകളും നിര്‍മിത സാങ്കേതികവിദ്യയും തുറന്നിടുന്ന അനന്ത സാധ്യതകള്‍. ലോകം ശ്രദ്ധിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ മൊബൈല്‍ കോണ്‍ഗ്രസിലെ പ്രദര്‍ശനങ്ങള്‍ പ്രധാനമന്ത്രി നടന്നുകണ്ടു.
ആപ്പിളും ഗൂഗിളും സാംസങ്ങും അവരുടെ ഏറ്റവും പുതിയ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ തുടങ്ങിയത്,, മെയ്ഡ് ഇന്‍ ഇന്ത്യയുടെ വളര്‍ച്ചയാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി. ഇന്‍റര്‍നെറ്റ് വേഗതയിലടക്കം ഇന്ത്യ കൈവരിച്ച നേട്ടങ്ങളും മോദി എണ്ണിപ്പറഞ്ഞു. 2ജി സ്പെക്ട്രം ലേലലത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാമല്ലോയെന്നും അഴിമതിയില്ലാത്ത സര്‍ക്കാരാണ് ഇപ്പോഴത്തേതെന്നും മോദി.
ജിയോ സ്പേസ് ഫൈബര്‍ തുറന്നിടുന്ന സാധ്യതകളെക്കുറിച്ച് റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് ആംബാനി പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ ഭാരതി മിത്തല്‍, അദിത്യ ബിര്‍ല ഗ്രൂപ്പ് മേധാവി കുമാര്‍ മംഗലം ബിര്‍ല എന്നിവരും പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തി. വിവിധ സ്ഥാപനങ്ങളില്‍ 100 ഫൈവ് ജി ലാബുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 31 രാജ്യങ്ങളിലെ 1,300 ഡെലിഗേറ്റുകളും ഒരു ലക്ഷത്തോളം സന്ദര്‍ശകരും മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഭാരത് മണ്ഡപത്തിലെ മൊബൈല്‍ കോണ്‍ഗ്രസ് വേദിയിലെത്തും.