
ബാങ്കുകള്‍ പിഴപ്പലിശ ഈടാക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വായ്പാ തിരിച്ചടവ് മുടങ്ങുമ്പോള്‍ ബാങ്കുകള്‍ പിഴപ്പലിശയിനത്തില്‍ വന്‍ കൊള്ള നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിലക്ക്. വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ പിഴ ഈടാക്കാമെന്നും പക്ഷേ പിഴപ്പലിശ വേണ്ടെന്നുമാണ് സുപ്രധാന നിര്‍ദേശം. പിഴ ഈടാക്കുന്നതില്‍ സുതാര്യത വേണമെന്നും ആര്‍ബിഐ വ്യക്തമാക്കി. പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിശ്ചയിച്ചിരിക്കുന്നതിലും അധിക തുകയാണ് ഇത്തരത്തില്‍ ഈടാക്കുന്നതെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.
പിഴയായി ഈടാക്കുന്ന തുക മുതലിന്റെ ഭാഗമാക്കരുതെന്നും മറ്റൊരു പലിശയും ഇതില്‍ ഈടാക്കരുതെന്നും നിര്‍ദേശത്തില്‍ പറുയന്നു. ന്യായമായ തുക മാത്രമേ പിഴയായി ഈടാക്കാവൂ. വ്യക്തി വായ്പയെടുക്കുമ്പോള്‍ തന്നെ തിരിച്ചടവ് തുകയും, പലിശയും വായ്പ മുടങ്ങിയാല്‍ ഈടാക്കുന്ന തുകയുമടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി ധരിപ്പിക്കണമെന്നും സര്‍വീസ് ചാര്‍ജുകളെ കുറിച്ചും വായ്പയെടുക്കുമ്പോള്‍ ഉണ്ടാകുന്ന എല്ലാ ചെലവുകളെ സംബന്ധിച്ചും ബോധവല്‍ക്കരിക്കണമെന്നും ആര്‍ബിഐ വിശദമാക്കി.
പലിശ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ വായ്പയുടെ കാലാവധിയോ, തിരിച്ചടവ് തുകയോ വര്‍ധിപ്പിക്കുന്നുണ്ടെങ്കില്‍ വ്യക്തിയുടെ അനുമതി തേടണമെന്നും ആര്‍ബിഐ വ്യക്തമാക്കി. 2024 ജനുവരി ഒന്ന് മുതലാണ് ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരിക. നിലവിലുള്ള വായ്പകള്‍ക്കും നിര്‍ദേശം ജനുവരി ഒന്ന് മുതല്‍ ബാധകമാകും.
RBI forbids banks from charging penal interest