ഡിജിറ്റൽ രൂപ പുറത്തിറക്കി ആർ‌.ബി.ഐ; അറിയാം നേട്ടങ്ങൾ

digitalrupeeexplainer-30
SHARE

സാമ്പത്തിക രംഗത്ത് പുത്തൻ വിപ്ലവം ലക്ഷ്യമിട്ട് ഇ– രൂപ പരീക്ഷണാടിസ്ഥാനത്തിൽ റിസർവ് ബാങ്ക് പുറത്തിറക്കി. ക‌ടലാസ് രഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ സുപ്രധാന ചുവടുവയ്പ്പാണ് ഡിജിറ്റൽ രൂപ. ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പെന്ന് പറയാം. 

എന്താണ് ഇ– രൂപ, എങ്ങനെയാണ് ഇതിന്റെ പ്രവർത്തനം?

നിലവിൽ വിനിമയത്തിലുള്ള കറൻസി നോട്ടുകൾ പോലെ തന്നെയുള്ള നിയമാനുസൃത വിനിമയ മാർഗമായിരിക്കും ഇ–രൂപ. ഡിജിറ്റലാണെന്ന് മാത്രം. അതായത് സാധാരണ നോട്ട് പോലെ കയ്യില്‍ പിടിക്കാനാവില്ലെന്നെയേള്ളൂ. വിര്‍ച്വല്‍ രൂപ ഉപയോഗിച്ച് പണമിടപാടുകള്‍ വേഗത്തിലും കുറഞ്ഞ ചിലവിലും നടത്താനാകും. രൂപത്തിൽ മാത്രമാകും വ്യത്യാസം. രൂപയ്ക്ക് പകരക്കാരനല്ല ഡിജിറ്റൽ രൂപയെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.  

ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു വർഷം നീണ്ട തയ്യാറെടുപ്പുകളാണ് ഇ–രൂപ പുറത്തിറക്കാൻ ആർബിഐ നടത്തിയത്. പഠന ഗവേഷണങ്ങൾക്കൊടുവിൽ രണ്ട് തരം ഡിജിറ്റൽ രൂപയാണ് ആർബിഐ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്. ബാങ്കുകൾ തമ്മിലുള്ള ധനവിനിമയത്തിനായി ഹോൾസെയിലും വ്യക്തികൾക്ക് കൈമാറ്റം ചെയ്യുന്നതിനായി റീട്ടെയിൽ രൂപയും. ഹോൾസെയിൽ ഡിജിറ്റൽ രൂപയാണ് പരീക്ഷണാടിസ്ഥാനത്തിൽ നവംബറിൽ പുറത്തിറക്കിയത്. ഇതിനായി എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊട്ടക് മഹിന്ദ്ര, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ്, എച്ച്എസ്ബിസി എന്നീ 9 പ്രമുഖ ബാങ്കുകളെയും തിരഞ്ഞെടുത്തു.

റീടെയിൽ ഡിജിറ്റൽ രൂപ ഡിസംബർ ഒന്നിന് ആർബിഐ പുറത്തിറക്കും. ആദ്യഘട്ടത്തിൽ മുംബൈ, ന്യൂഡൽഹി, ബെംഗളുരു, ഭുവനേശ്വർ എന്നീ നഗരങ്ങളിലാണ് ഡിജിറ്റൽ രൂപ വരിക. എസ്ബിെഎ അടക്കം നാല് ബാങ്കുകള്‍ വഴിയാണ് ആദ്യഘട്ടം പുറത്തിറക്കുക. ബാങ്ക് ഓഫ് ബറോഡ ഉൾപ്പടെ നാല് ബാങ്കുകൾ കൂടി രണ്ടാംഘട്ടത്തിൽ ഇതിനൊപ്പം ചേരും. രണ്ടാം ഘട്ടത്തിലാണ് കൊച്ചിയിൽ ഡിജിറ്റൽ രൂപ എത്തുക. 

നേട്ടങ്ങൾ

  • നോട്ട് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളെല്ലാം നടത്താം.
  •  നോട്ടുമായും അല്ലാതെയും ക്രയവിക്രയത്തിന് സാധ്യത.
  •  ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഉപയോഗിക്കാം. 
  •  വാണിജ്യ ഇടപാടുകള്‍ അതീവ ലളിതമാകും.
  •  ഡിജിറ്റലായി ലഭിക്കുന്ന പണം ഇ–വാലറ്റിലോ റജിസ്ട്രേഡ് സേവനദാതാവിന്റെ പക്കലോ സൂക്ഷിക്കാം.
  • മൊബൈല്‍ ഫോൺ വഴി പണം അതിവേഗം കൈമാറാം.
  •  ഇടപാടുകള്‍ക്ക് ഉള്ള നിരക്കുകൾ ഗണ്യമായി കുറയും.
  •  കറന്‍സി അച്ചടിക്കാനും സൂക്ഷിക്കാനുമുള്ള ചെലവ് കുറയും.
  • കീറില്ല, മുഷിഞ്ഞ് പോവില്ല.
  • സ്വകാര്യ ഡിജിറ്റല്‍ കറന്‍സികളേക്കാള്‍ സുരക്ഷിതം.
  •  ഡിജിറ്റല്‍ കറന്‍സിയുടെ ബാധ്യത റിസര്‍വ് ബാങ്ക് നേരിട്ട് വഹിക്കും.
  •  പേപ്പര്‍ലെസ് ആകുന്നതോടെ പ്രകൃതിക്കും ഗുണം.

ഔദ്യോഗികമായതിനാൽ തന്നെ ഡിജിറ്റൽ രൂപയ്ക്ക് ലോകമെങ്ങും സ്വീകാര്യത ഉണ്ടാകും. ഇതോടെ വിദേശത്തേക്കുള്ള പണമിടപാടുകള്‍ എളുപ്പമാകുമെന്നും പ്രതീക്ഷിക്കുന്നു. ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യ തന്നെയാകും ഡിജിറ്റല്‍ രൂപയുടെയും നട്ടെല്ല്.  മാറ്റം വരുത്താനോ, ഹാക്ക് ചെയ്യാനോ, കബളിപ്പിക്കാനോ സാധ്യമല്ലാത്തത്തവിധം വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കുന്ന രീതിയാണ് ബ്ലോക്ചെയിന്‍. ഇടപാടുകളുടെ ഡിജിറ്റല്‍ വിവരങ്ങള്‍ ബ്ലോക് ചെയിന്‍ ശൃംഖലയിലെ എല്ലാ ഡിവൈസുകളിലേക്കും ഒരേ സമയം കോപ്പി ചെയ്യപ്പെടുകയും വിതരണം നടക്കുകയും ചെയ്യും. അതായത് ഡിജിറ്റല്‍ മാര്‍ഗം കറന്‍സി വിനിമയം ചെയ്യാനുള്ള സുരക്ഷിതമായ രീതിയാണ് ബ്ലോക്ചെയിന്‍

വെല്ലുവിളികള്‍

  • സൈബര്‍ സുരക്ഷ

സൈബര്‍ സുരക്ഷയാണ് ഡിജിറ്റല്‍ കറന്‍സി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അനുനിമിഷം മാറുന്ന ഡിജിറ്റല്‍ ലോകത്ത് ഉറപ്പുള്ള സുരക്ഷാ പ്രോട്ടോക്കോളുകള്‍ സജ്ജമാക്കാതെ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ ആരംഭിച്ചാല്‍ രാജ്യത്തിന്റെ തന്നെ സാമ്പത്തിക സുരക്ഷയ്ക്ക് വെല്ലുവിളിയാകും.

  •  ഡാറ്റ സുരക്ഷ

ഡിജിറ്റല്‍ രൂപ ഇടപാടുകള്‍ വ്യാപകമായിക്കഴിഞ്ഞാല്‍ വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളുടെ അതിബൃഹത്തായ ഡാറ്റയാണ് രൂപപ്പെടുന്നത്. ഇത് തെറ്റായ കരങ്ങളിലെത്തിയാല്‍ വ്യക്തികളുടെയടക്കം സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കാനും വലിയ തോതിലുള്ള ക്രമക്കേടുകള്‍ക്കും വഴിയൊരുക്കും. അതീവസുരക്ഷിതമായ ഡിജിറ്റല്‍ സേഫ്റ്റി ഇന്‍ഫ്രാസ്ട്രക്ചറും പ്രോട്ടോക്കോളുകളും ഒരുക്കുക എന്നതാണ് ഈ ആശങ്ക പരിഹരിക്കാനുള്ള മാര്‍ഗം. 

ഡിജിറ്റൽ രൂപയുടെ പ്രഖ്യാപനം വന്നത് മുതലേ ഉടലെടുത്ത ആശങ്കയാണ് 'ബിറ്റ് കോയിൻ' പോലെയാണോ 'ഇ–രൂപ'യുമെന്നത്.  ബിറ്റ്കോയിനാണ് ഡിജിറ്റല്‍ രൂപയുടെ പ്രചോദനമെങ്കിലും രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിയമപരമായ സാധുത തന്നെയാണ് ഇതില്‍ പ്രധാനം. വിശ്വസനീയവും കാര്യക്ഷമവും സുതാര്യവുമായ ഡിജിറ്റല്‍ പണമെന്ന ഉറപ്പാണ് ഡിജിറ്റല്‍ രൂപയിലൂടെ ആര്‍ബിഐ മുന്നോട്ട് വയ്ക്കുന്നത്. ആര്‍ബിഐയുടെ പൂര്‍ണ നിയന്ത്രണത്തിലാകും ഡിജിറ്റല്‍ രൂപയുടെ പ്രവര്‍ത്തനം. ഇന്ത്യാഗവണ്‍മെന്റ് നിയമപരമായി അംഗീകരിക്കുന്ന ഡിജിറ്റല്‍ പണവും ഡിജിറ്റല്‍ രൂപയാണ്.

പണമിടപാടിലെ സങ്കീർണത തീർക്കുന്നതിനൊപ്പം കള്ളനോട്ടുകളുടെയും കള്ളപ്പണത്തിന്റെയും വ്യാപനം തടയാനാകുമെന്നാണ് ആർബിഐ പറയുന്നത്. ഓരോ ഡിജിറ്റൽ രൂപയും എവിടെയാണെന്ന് കൃത്യമായി ട്രാക്ക് ചെയ്യാൻ കഴിയും. ഇതിന് പുറമേ ഓരോ ഡിജിറ്റൽ രൂപയുടെയും ഉപയോഗത്തിന് സമയവും കാലാവധിയും നിശ്ചയിക്കാൻ കഴിയും. ഇതുവഴി പണമിടപാടുകളെല്ലാം സർക്കാരിന് നിയന്ത്രിക്കാനും കഴിയും.

Digital Rupee; Advantages, Challenges

MORE IN BUSINESS
SHOW MORE