ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍!; ആധികാരികത നഷ്ടപ്പെടുമോ?

twitter-2
SHARE

ട്വിറ്റർ തുടങ്ങി 16 വർഷത്തിനിടയിൽ പോസ്റ്റ് ചെയ്യുന്ന സന്ദേശത്തില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ പോലും അവ തിരുത്താന്‍ സാധിച്ചിരുന്നില്ല.. പ്രശസ്തരുടെയും മറ്റും അക്കൗണ്ടുകളില്‍ അറിയാതെ വരുന്ന അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും എന്തുകൊണ്ട് എഡിറ്റു ചെയ്യാന്‍ അനുവദിച്ചു കൂടാ എന്നൊരു ചോദ്യം ന്യായമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റു പറയാനുമാകില്ല. പക്ഷേ, ഒരിക്കല്‍ പോസ്റ്റു ചെയ്ത ട്വീറ്റുകള്‍ എഡിറ്റു ചെയ്യാന്‍ അനുവദിക്കില്ല എന്ന നിര്‍ബന്ധബുദ്ധിയുമായി നടക്കുകയായിരുന്നു ട്വിറ്റര്‍ ഇത്രയും കാലം. എന്നാലിനി ട്വിറ്ററിലേക്ക് എഡിറ്റ് ബട്ടണ്‍ എത്താന്‍ പോകുകയാണ്. ഈ മാസം അവസാനം 'ട്വിറ്റര്‍ ബ്ലൂ' ഉപ യോക്താക്കള്‍ക്കായിരിക്കും എഡിറ്റ് ബട്ടണ്‍ നല്‍കുക. 

ട്വിറ്ററിന്റെ ആധികാരികത നിലനിർത്താൻ വേണ്ടിയായിരുന്നു ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാന്‍ അനുവദിക്കാതിരുന്നത്. സർക്കാറുകളും പ്രശസ്ത വ്യക്തികളും അടക്കം നടത്തുന്ന ട്വീറ്റുകള്‍ എഡിറ്റു ചെയ്യാന്‍ അനുവദിച്ചു കഴിഞ്ഞാല്‍ അതില്‍ എന്തും എഴുതിവയ്ക്കാമെന്ന സ്ഥിതി വരും. ഒരു സർക്കാർ അല്ലെങ്കില്‍ ആരെങ്കിലും നടത്തുന്ന പ്രഖ്യാപനം വിവാദമായി കഴിഞ്ഞാല്‍ അത് വേഗം എഡിറ്റു ചെയ്ത് മാറ്റാം. അതിന് അനുവദിക്കാതിരുന്നതാണ് ട്വിറ്ററിനെ വേറിട്ടൊരു ആപ്പായി നിലനിര്‍ത്തിയിരുന്നത്.

‌‌എഡിറ്റ് ട്വീറ്റ്' (Edit Tweet) എന്ന ബട്ടണാണ് താമസിയാതെ ലഭിക്കുമെന്നു പറയുന്നത്. ഇതാകട്ടെ എല്ലാ ട്വിറ്റര്‍ യൂസര്‍മാര്‍ക്കും ലഭിക്കുകയുമില്ല. 'ട്വിറ്റര്‍ ബ്ലൂ' ഉപയോക്താക്കള്‍ക്കു മാത്രമാണ് ഇപ്പോഴിതു നല്‍കുന്നത്. ഇത് സബ്‌സ്‌ക്രിപ്ഷന്‍ ഫീ നല്‍കേണ്ട സേവനമാണ്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും മറ്റു മേഖലകളിലുള്ളവര്‍ക്കും ഇത് ആന്‍ഡ്രോയിഡിലും ഐഒഎസിലുമുള്ള ആപ്പുകള്‍ വഴി സബ്‌സ്‌ക്രൈബ് ചെയ്യാമെന്ന് ട്വിറ്റര്‍ പറയുന്നു. എന്നാൽ പബ്ലിഷ് ചെയ്ത ട്വീറ്റ് സദാ എഡിറ്റു ചെയ്തു കളിക്കാനുള്ള അനുമതി ലഭിക്കില്ല. ട്വീറ്റ് പോസ്റ്റ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്തിരിക്കണം. ഈ സമയത്തിനുള്ളില്‍ എഡിറ്റ് ചെയ്യുന്നില്ലെങ്കില്‍ പിന്നെ ട്വീറ്റ് ഡിലീറ്റു ചെയ്യാനുള്ള അനുമതിയായിരിക്കും ഉണ്ടായിരിക്കുക.ഒരു ട്വിറ്റര്‍ യൂസറെ ഫോളോ ചെയ്യുന്നവര്‍ക്ക് ട്വീറ്റ് എഡിറ്റു ചെയ്തുവെന്ന് മനസിലാക്കാനും സാധിക്കും. എഡിറ്റ് ചെയ്ത ചരിത്രം മുഴുവന്‍ നല്‍കുക വഴി ട്വീറ്റുകളിലെ ആധികാരികതയും സത്യസന്ധതയും നിലനിര്‍ത്താനാകുന്നു എന്ന് ട്വിറ്റര്‍ പറയുന്നു. എന്താണ് ആദ്യം പറഞ്ഞത് എന്നത് പരിശോധിക്കുകയും ചെയ്യാമെന്നും കമ്പനി പറയുന്നു.

MORE IN BUSINESS
SHOW MORE