
മുതിർന്ന പൗരന്മാർക്ക് സഹായവും ചങ്ങാത്തവുമേകാൻ ബിരുദധാരികളും സഹാനുഭൂതിയുള്ളവരുമായ യുവാക്കളെ ലഭ്യമാക്കുന്ന സ്റ്റാർട്ടപ്പായ ‘ഗുഡ്ഫെലോസി’ൽ മൂലധന നിക്ഷേപം നടത്തി രത്തൻ ടാറ്റ. രത്തൻ ടാറ്റയുടെ ഓഫിസിൽ ജനറൽ മാനേജരായ ശന്തനു നായിഡുവാണ് സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ. എന്നാൽ നിക്ഷേപിച്ച തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
നിലവിൽ മുംബൈയിൽ, ഏകാന്തതയും വാർധക്യത്തിന്റെ വിഷമതകളും അനുഭവിക്കുന്ന 20 പേർക്ക് പരീക്ഷണാർഥം സേവനം നൽകുന്നുണ്ട്.
പ്രായമാവരും യുവാക്കളും തമ്മിലുള്ള സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ് ഈ സ്റ്റാർട്ടപ്പ്. രത്തന്‍ ടാറ്റയുമായുള്ള ബന്ധമാണ് തന്നെ ഇത്തരമൊരു സംരംഭത്തിലേക്ക് നയിച്ചതെന്നാണ് ശന്തനു സ്റ്റാര്‍ട്ടപ്പിന്റെ ഉദ്ഘാടന വേളയില്‍ പറഞ്ഞത്. ഒറ്റയ്ക്കാവുന്നതിന്റെ ബുദ്ധിമുട്ട് പറഞ്ഞാല്‍ മനസ്സിലാവില്ലെന്നായിരുന്നു സ്റ്റാര്‍ട്ടപ് അവതരിപ്പിച്ച് കൊണ്ട് രത്തന്‍ ടാറ്റ പറഞ്ഞത്.
സ്റ്റാർട്ടപ് നിയോഗിക്കുന്ന ആൾ പ്രായമായ ആളുടെ വീട്ടിൽ ആഴ്ചയിൽ 3 ദിവസം സന്ദർശനം നടത്തും. ഓരോ തവണയും 4 മണിക്കൂർ വരെ അവിടെ ചെലവിടും. മുതിർന്ന പൗരന് ആവശ്യമുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുകയും ഏറെ നേരം അവരോടു സംസാരിച്ചിരിക്കുകയും ചെയ്യും. പത്രം ഉറക്കെ വായിച്ചുകൊടുക്കുന്നതുൾപ്പെടെയുള്ള സഹായങ്ങൾ ചെയ്തുകൊടുക്കും.
ഒരു മാസത്തെ സൗജന്യ സേവനത്തിനുശേഷം മാസം 5000 രൂപ വരിസംഖ്യയാണ് സേവനത്തിനായി ചെലവിടേണ്ടത്. പുണെ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും ഗുഡ്ഫെലോസ് വ്യാപിപ്പിക്കുമെന്ന് ശന്തനു നായിഡു പറഞ്ഞു. മനഃശാസ്ത്രജ്ഞരുമായി ആലോചിച്ചാണ് യുവാക്കളെ തിരഞ്ഞെടുക്കുന്നതും പ്രവർത്തനം രൂപപ്പെടുത്തുന്നതും.തിരഞ്ഞെടുക്കപ്പെടുന്ന യുവതീ യുവാക്കള്‍ക്ക് ആകര്‍ഷകമായ ശമ്പളമാണ് ഗുഡ്ഫെലോസ് വാഗ്ദാനം ചെയ്യുന്നത്.