പണം മുഴുവന്‍ പാവങ്ങൾക്ക് നല്‍കാന്‍ ബിൽഗേറ്റ്സ്; 2000 കോടി ഡോളര്‍ ഉടൻ നല്‍കും

bill-gates-new
SHARE

ലോകത്തെ ഇപ്പോഴത്തെ നാലാമത്തെ വലിയ ധനികനും മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകനുമായ ബില്‍ ഗേറ്റ്സ് തന്റെ ധനം മുഴുവനും തന്നെ ദാനം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അങ്ങനെ, ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയില്‍ ഇപ്പോള്‍ 11370 കോടി ഡോളര്‍ ആസ്തിയുള്ള താന്‍ ധനികരുടെ പട്ടികയില്‍ നിന്നു പുറത്തുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇതിന്റെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ ധര്‍മസ്ഥാപനമായ ബില്‍ ആന്‍ഡ് മെലിന്‍ഡാ ഫൗണ്ടേഷന് 2000 കോടി ഡോളര്‍ കൈമാറാനാണ് അദ്ദേഹം ഒരുങ്ങുന്നത്. മഹാമാരി വരുത്തിവച്ച പ്രശ്‌നങ്ങളുടെ ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണിത്. 

താനാര്‍ജിച്ച സമ്പത്ത് തിരിച്ച് സമൂഹത്തിലേക്ക് ഒഴുക്കേണ്ട കടമ തനിക്കുണ്ടെന്ന് ഗേറ്റ്സ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അങ്ങനെ താന്‍ ശതകോടീശ്വരൻമാരുടെ പട്ടികയില്‍ താഴേക്ക് ഇറങ്ങും. അവസാനം പട്ടികയ്ക്ക് വെളിയിലേക്കും പോകുമെന്നാണ് ഗേറ്റ്സ് പറഞ്ഞിരിക്കുന്നത്. തന്നെപ്പോലെ കാശുകാരായിട്ടുള്ളവരും ഇത്തരം നീക്കങ്ങളില്‍ പങ്കുകൊള്ളുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഇപ്പോഴത്തെ ലോകത്തെ ഏറ്റവും വലിയ ധനികനും ടെസ്‌ല കമ്പനിയുടെ ഉടമയുമായ ഇലോണ്‍ മസ്‌ക് തന്റെ ധനം ചൊവ്വായില്‍ മനുഷ്യവാസത്തിന് തുടക്കമിടുന്നതിന് അടക്കമുള്ള കാര്യങ്ങള്‍ക്ക് വിനിയോഗക്കാനാണ് ഉദ്ദേശിക്കുന്നത്.

കൂടുതല്‍ പണം നല്‍കുക വഴി ആളുകളുടെ വിഷമങ്ങള്‍ കുറയ്ക്കാമെന്നാണ് താന്‍ കരുതുന്നതെന്ന് ഗേറ്റ്സ് പറയുന്നു. ഓരോ മനുഷ്യനും ആരോഗ്യകരവും ഫലപ്രദവുമായ ഒരു ജീവതം നടത്താന്‍ സഹായിക്കുക എന്ന ഫൗണ്ടേഷന്റെ ലക്ഷ്യം നിറവേറ്റാന്‍ സഹായിക്കാനായേക്കുമെന്ന് അദ്ദേഹം ഒരു പ്രസ്താവനയില്‍ പറയുന്നു. ഓരോ വര്‍ഷവും 900 കോടി ഡോളര്‍ വീതം വിതരണം ചെയ്യാനാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ഈ ലക്ഷ്യം 2026 ല്‍ നേടാനാകുമെന്നാണ് പറയുന്നത്. ഇപ്പോള്‍ ഫൗണ്ടേഷന് നല്‍കുന്നതിന്റെ ഇരട്ടി തുകയാണ് ഇനി നല്‍കുക. തന്റെ കൈയ്യില്‍ നിന്ന് 2000 കോടി ഡോളര്‍ കൂടി നല്‍കുക വഴി ഫൗണ്ടേഷന്റെ ആസ്തി 7000 കോടി ഡോളറായി തീര്‍ന്നുവെന്നും പ്രസ്താവനിയില്‍ പറയുന്നു. 

MORE IN BUSINESS
SHOW MORE