അംബാനി കുടുംബത്തിൽ തലമുറ മാറ്റം; വലിയ പദവിയിലേക്ക് ഇഷ അംബാനി

isha-ambani
SHARE

തലമുറ മാറ്റത്തിന്റെ വ്യക്തമായ സൂചന നൽകി, റിലയൻസിൽ ‘വലിയ പദവി’യിലേക്ക് മുകേഷ് അംബാനിയുടെ മകൾ ഇഷ വരുന്നു. റിലയൻസ് റീട്ടെയ്ൽ ചെയർമാൻ സ്ഥാനത്തേക്ക് ഇഷ അംബാനി വരുമെന്നാണു ബ്ലൂംബെർഗിന്റെ റിപ്പോർട്ട്. ബുധനാഴ്ച ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനം വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വിഷയത്തിൽ പ്രതികരണത്തിനു റിലയൻസ് പ്രതിനിധി തയാറായില്ല.

റിലയൻസ് ജിയോ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽനിന്ന് മുകേഷ് അംബാനി കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ചെയർമാനായി മകൻ ആകാശ് എം.അംബാനിയെ നിയമിക്കുകയും ചെയ്തു. ഇരട്ട സഹോദരങ്ങളായ ആകാശ്, ഇഷ എന്നിവർ റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്സ്, ജിയോ മാർട് എന്നിവയുടെ ബോർഡ് അംഗങ്ങളാണ്. മുപ്പതുകാരിയായ ഇഷ, യേൽ യൂണിവേഴ്‌സിറ്റിയിലാണു പഠനം പൂർത്തിയാക്കിയത്.

റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രധാന വിഭാഗമാണു റിലയൻസ് ജിയോ. ഇളയ മകൻ ആനന്ദ് അടുത്തിടെയാണു റീട്ടെയ്ൽ വെഞ്ച്വേഴ്സ് ബോർഡ് ഡയറക്ടറായത്. കഴിഞ്ഞ വർഷം നടന്ന റിലയൻസിന്റെ വാർഷിക പൊതു യോഗത്തിൽ റിലയൻസ് ഗ്രൂപ്പിൽ മക്കൾക്കു നിർണായക പങ്കാളിത്തം വൈകാതെ ഉണ്ടാകുമെന്ന സൂചനകൾ മുകേഷ് അംബാനി നൽകിയിരുന്നു.

MORE IN BUSINESS
SHOW MORE