തിരിച്ചെത്തുമോ കോണ്ടസാ കാറുകൾ? ബ്രാൻഡ് നാമം വിൽക്കാൻ ഉടമകൾ; ധാരണാപത്രം ഒപ്പുവച്ചു

Contessa-Car
SHARE

ഒരുകാലത്ത് ഇന്ത്യൻ റോഡുകളിലെ രാജാവായിരുന്നു ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ കോണ്ടസാ കാർ. നിരത്തുകളിൽ നിന്നും ഒഴിഞ്ഞിട്ടും ഇപ്പോഴും ആരാധകരുടെ മനസ്സിൽ കോണ്ടസാ എന്ന പേര് മാഞ്ഞിട്ടില്ല. അതുകൊണ്ടായിരിക്കണം കോണ്ടസാ ബ്രാൻഡ് നെയിം വലിയ വിലയ്ക്ക്  ഇപ്പോൾ എസ്ജി കോർപറേറ്റ് മൊബിലിറ്റിക്ക് വിൽക്കുവാൻ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് തീരുമാനിച്ചിരിക്കുന്നത്.  ട്രേഡ് മാർക് ഉൾപ്പെടെയാണ് വിൽപന നടത്തുന്നത്. നേരത്തെ സികെ ബിർള ഗ്രൂപ്പ് അംബാസിഡർ ബ്രാൻഡ് നാമം 80 കോടി രൂപയ്ക്ക് പിഎസ്എ ഗ്രൂപ്പിന് വിറ്റിരുന്നത് വലിയ വാർത്തയായിരുന്നു. എത്ര രൂപയ്ക്കാണ് കോണ്ടസ എന്ന പേര് വിൽക്കുന്നതെന്ന കാര്യം വ്യക്തമല്ല. 

എൺപതുകളിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ പ്രീമിയം ബ്രാൻഡുകളിൽ ഒന്നായിരുന്നു കോണ്ടസാ. ഒരവസരത്തിൽ അംബാസഡർ മോഡലിനെ വരെ ഇത്  മറികടന്നിരുന്നു. പിഎസ്എ ഗ്രൂപ്പും സികെ ബിർളയും ചേർന്ന് അംബാസിഡർ വീണ്ടും വിപണിയിലെത്തിക്കുകയാണ് എന്ന വാർത്തകളും പുറത്തുവന്നിരിന്നു. എന്നാൽ കോണ്ടസയുടെ ഭാവിയെപ്പറ്റി ഇതുവരെ വ്യക്തതയില്ല. ആ പേരിൽ തന്നെ പുതിയ വാഹനം പുറത്തിറക്കാനാണോ എസ്ജി കോർപറേറ്റ് മൊബിലിറ്റി ബ്രാൻഡ് നാമം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ കൊല്‍ക്കത്തയിലെ നിര്‍മാണശാലയിലായിരുന്നു ഇന്ത്യയുടെ സ്വന്തം ലക്ഷ്വറി കാറായ കോണ്ടസയുടെ ജനനം. 1982 ല്‍ ടെസ്റ്റ് കാറുകള്‍ പുറത്തിറക്കിയ കമ്പനി 1984 ല്‍ കോണ്ടസയെ നിരത്തിലെത്തിച്ചു. അംബാസിഡറും പ്രീമിയര്‍ പത്മിനിയും ഉൾപ്പെടെ കുറച്ചു കാറുകൾ മാത്രമുണ്ടായിരുന്ന ഇന്ത്യന്‍ നിരത്തിലെ ആദ്യകാല ലക്ഷ്വറി കാറുകളിലൊന്നായി കോണ്ടസ. ലക്ഷ്വറി കാറുകള്‍ അധികമില്ലാതിരുന്ന കാലത്ത് അത് ആഡംബരത്തിനു പുതിയ മാനങ്ങള്‍ നൽകുകയും ചെയ്തു. 

25 വര്‍ഷത്തോളം ഇന്ത്യൻ ആഡംബര കാർ വിപണിയിലെ രാജാവായിരുന്നു കോണ്ടസ. എന്നാല്‍ തൊണ്ണൂറുകളുടെ അവസാനത്തിൽ വിദേശ ആഡംബര കാറുകൾ ഇന്ത്യയിലേക്കെത്തിയതോടെയാണ് കോണ്ടസയുടെ പ്രതാപകാലത്തിന് അവസാനമായത്.

MORE IN BUSINESS
SHOW MORE