സാധനങ്ങൾ ഇനി പറന്ന് വീട്ടിലെത്തും; ഡ്രോൺ ഫുഡ് ഡെലിവറിയുമായി സ്വിഗ്ഗി

swiggy-drone-delivery
SHARE

ഡൽഹി, ബെംഗളൂരു തുടങ്ങിയ വൻനഗരങ്ങളിൽ പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം സ്വിഗ്ഗി ആരംഭിച്ചു. കമ്പനിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്‌റ്റാമാർട്ടിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യതകളാണ്  പരീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നത്. പുതിയ പദ്ധതി വിലയിരുത്തുന്നതിനായി ഡൽഹി എൻസിആറിലും ബെംഗളൂരുവിലും പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിച്ച് ട്രയൽ റൺ തുടങ്ങുകയും ചെയ്തു. ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി ഗരുഡ എയ്‌റോസ്‌പേസുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

പ്രധാന നഗരങ്ങളിലെ പീക്ക്-അവർ ട്രാഫിക് പ്രശ്നങ്ങൾ മറികടക്കാനാണ് ഡ്രോൺ ഡെലിവറി സംവിധാനം ഉപയോഗിക്കുക. ഏതു സമയത്തും ഭക്ഷണ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ഇതുവഴി സാധിക്കും.ഏതാനും ആഴ്ചകൾക്ക് മുൻപാണ് സ്വിഗ്ഗി ഇത്തരമൊരു നിർദേശവുമായി ഗരുഡ എയ്‌റോസ്‌പേസിനെ സമീപിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഭാവിയിൽ ഏറെ സാധ്യതകളുളള മേഖലയാണ് ഡ്രോൺ ഡെലിവറി സംവിധാനം. കൂടാതെ 2024 ഓടെ 100,000 തദ്ദേശീയ നിർമിത ഡ്രോണുകൾ നിർമിക്കാൻ ഗരുഡ എയ്‌റോസ്‌പേസിന് പദ്ധതിയുമുണ്ട്. 

‘ഡ്രോൺ ഡെലിവറിയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കം’ എന്നാണ് കമ്പനി സ്ഥാപകനും സിഇഒയുമായ അഗ്നിശ്വർ ജയപ്രകാശ് പുതിയ സംരംഭത്തെ വിശേഷിപ്പിച്ചത്. ഡ്രോൺ കമ്പനിക്ക് നിലവിൽ ഗുഡ്ഗാവിലും ചെന്നൈയിലും നിർമാണ സൗകര്യങ്ങളുണ്ട്.ചുരുക്കിപ്പറഞ്ഞാൽ അരിയും പഞ്ചസാരയും മറ്റു പലചരക്ക് സാധങ്ങളെല്ലാം വീട്ടിലേക്ക് പറന്നുവരുന്ന കാലം വിദൂരമല്ല എന്നർത്ഥം.  

MORE IN BUSINESS
SHOW MORE