ഓൺലൈൻ കച്ചവടത്തിന് ടാറ്റയും ഇറങ്ങുന്നു; നെഞ്ചിടിപ്പോടെ ആമസോണും ഫ്ലിപ്പ്കാർട്ടും

tata-neu-e-commerce
SHARE

ഉപ്പു തൊട്ട് കർപ്പൂരം വരെ ഇന്ന് ഓൺലൈൻ വഴി വാങ്ങാനാകും. വൻ വിലക്കുറവും ഓഫറുകളുമായി കമ്പനികൾ മത്സരിച്ചതോടെ ഉപഭോക്താക്കൾക്കു മികച്ച ലാഭം നേടാനും സാധിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ഇ - കോമേഴ്സ് സൈറ്റുകൾ ആമസോണും ഫ്ലിപ്പ്കാർട്ടുമാണ്. ഈ നിരയിലേക്ക് കാലെടുത്തു വയ്ക്കാനൊരുങ്ങുകയാണ് ഇന്ത്യയിലെ മുൻനിര കമ്പനിയായ ടാറ്റ ഗ്രൂപ്പും. 

ഏപ്രിൽ 7 ന് ടാറ്റയുടെ സൂപ്പർ ആപ്പ് അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ടാറ്റ നിയു (Neu) എന്ന പേരിലുള്ള 'സൂപ്പർ ആപ്പ്' ഏപ്രിൽ 7 ന് പൊതുജനങ്ങൾക്കായി അവതരിപ്പിക്കാനാണ് പദ്ധതി. ആപ്പ് അവതരിപ്പിക്കുന്നത് സംബന്ധിച്ച് കമ്പനിയുടെ ഔദ്യോഗിക ആപ്പിലും പ്ലേ സ്റ്റോർ പേജിലും വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ ഇ-കൊമേഴ്‌സ് ഗ്രൂപ്പായ ആമസോൺ, പ്രാദേശിക ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോമുകളുമായി മൽസരിക്കാൻ ലക്ഷ്യമിട്ടാണ് ടാറ്റയുടെ ഓൺലൈൻ കച്ചവട ആപ്പ് വരുന്നത്. ഇന്ത്യന്‍ ബിസിനസ് രംഗത്തെ പഴയ പടക്കുതിരയായ ടാറ്റ വീണ്ടും സജീവമാകാന്‍ തന്നെയാണ് പദ്ധതിയിടുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ കമ്പനിയെ ആധുനികവല്‍ക്കരിക്കാനുള്ള നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. 

പലചരക്ക്, മരുന്നുകൾ, റിസോര്‍ട്ട് ബുക്കിങ്, ആഭരണ വില്‍പന, വാഹനവില്‍പന എന്നിവ ഏകീകരിച്ചായിരിക്കും ആപ്പ് പ്രവര്‍ത്തിക്കുക. ഇപ്പോള്‍ ഈ കൊമേഴ്‌സ് മേഖലയില്‍ സജീവമായി നില്‍ക്കുന്ന ആമസോണിനെയും ഫ്‌ളിപ്കാര്‍ട്ടിനെയും ഉടനെ കളത്തിലിറങ്ങാന്‍ പോകുന്ന റിലയന്‍സിനെയും നേരിടാനായിരിക്കും ടാറ്റ സൂപ്പര്‍ ആപ്പ് ഇറക്കുക. ഇവരെല്ലാം താമസിയാതെ ഏകദേശം 100 കോടിയോളം വരുന്ന ഇന്ത്യന്‍ ഓണ്‍ലൈന്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനായിരിക്കും ശ്രമിക്കുക.

MORE IN BUSINESS
SHOW MORE