വൺപ്ലസ് 10 പ്രൊ: ഫ്ലാഗ്ഷിപ്പിന് തീ പിടിക്കുമ്പോൾ

one-plus
SHARE

നല്ല ക്യാമറ വേണം. കിടിലൻ പെർഫോമൻസ് ആവണം, ഞെട്ടിക്കുന്ന ഡിസ്പ്ലേയും, ഡിസൈനും നിർബന്ധം. പ്രശ്നങ്ങളൊന്നുമില്ലാതെ മൂന്നോ നാലോ വർഷം കയ്യിലിരിക്കുകയും വേണം. ഫ്ലാഗ്ഷിപ്പ് ഫോണുകളെടുക്കാൻ കാശുമുടക്കുന്നവരുടെ പ്രാഥമിക ആവശ്യങ്ങളാണ് ഇവയൊക്കെ. അതുകൊണ്ടുതന്നെ സ്മാർട്ഫോൺ വിപണിയിലെ വമ്പൻമാരായിരുന്നു ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ രാജാക്കന്മാർ.

ഐഫോണും, സാംസങ് ഗാലക്സി എസ് സീരീസുമെല്ലാം കൊമ്പുംകുലുക്കി ചിന്നംവിളിച്ചു നടന്നിരുന്ന ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലേക്ക് നിശബ്ദമായാണ് വൺപ്ലസ് കടന്നുവന്നത്. കയ്യിലൊതുങ്ങുന്ന വിലയിൽ മികച്ച പെർഫോമൻസും, ക്യാമറയുമായെത്തിയ വൺപ്ലസ് വളരെ പെട്ടെന്ന് തന്നെ ആരാധകരെ നേടിയെടുത്തു. വൺപ്ലസിന്റെ പുതിയ ഫോൺ വരുന്നുവെന്ന വാർത്ത വരുമ്പോൾ ടെക് ലോകം വൻപ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ആ പ്രതീക്ഷകൾ തെറ്റാറുമില്ല.

ഇത്തവണയും ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിനെ തീ പിടിപ്പിച്ചാണ് പുതിയ വൺപ്ലസ് എത്തിയിരിക്കുന്നത്. ഈ വർഷം തുടക്കത്തിൽ ചൈനീസ് വിപണിയിൽ എത്തിയിരുന്നുവെങ്കിലും, കഴിഞ്ഞ ദിവസമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വൺപ്ലസ് 10 പ്രൊ പുറത്തിറങ്ങിയത്.  ഒറ്റവാക്കിൽ പറഞ്ഞാൽ ആളൊരു പുലിയാണ്.  പെർഫോമൻസിലായാലും, ക്യാമറയിലായാലും, ഡിസൈനിലായാലും എതിരാളികൾക്ക് പോലും മറിച്ചൊരഭിപ്രായമുണ്ടാകാൻ സാധ്യതയില്ല.

1440x3216 റസല്യൂഷനിലുള്ള QHD+ 6.7 ഇഞ്ച് ഡിസ്പ്ലേയാണ് വണ്‍പ്ലസ് 10 പ്രൊയുടേത്. 120 Hz റിഫ്രഷ് റേറ്റില്‍ Fluid AMOLED ഡിസ്പ്ലേ മികച്ച ദൃശ്യാനുഭവം സമ്മാനിക്കും. ഗെയിമിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് മറ്റൊന്നും ചിന്തിക്കേണ്ടതില്ലെന്നര്‍ത്ഥം. പുത്തന്‍ ജനറേഷന്‍ ഗൊറില്ല ഗ്ലാസ് സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നു. 

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 Gen 1 പ്രൊസസറാണ് വൺപ്ലസ് 10 പ്രൊയ്ക്ക് കരുത്തു പകരുന്നത്. അഡ്രിനോ 730 ഗ്രാഫിക്സ് യൂണിറ്റ് കാര്യങ്ങള്‍ ഒന്നുകൂടി ഉഷാറാക്കും. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ ഒഎസ് അനുഭവം തന്നെ ഉപഭോക്താക്കള്‍ക്കാസ്വദിക്കാം. 8 അല്ലെങ്കില്‍ 12 ജിബി ഡിഡിആര്‍5 മെമ്മറിയില്‍ 128, 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയിലാണ് 10 പ്രൊ പുറത്തിറങ്ങുന്നത്. 

80W സൂപ്പര്‍ ചാര്‍ജിങ് ശേഷിയുള്ള 5000 mAh ഇരട്ടസെല്‍ ബാറ്ററിയാണ് പുതിയ ഫോണിലുള്ളത്. വയര്‍ലെസ് ചാര്‍ജിങ്ങും സാധിക്കും. 15 മിനിറ്റുകൊണ്ട് ഒരു ദിവസത്തേക്കുള്ള ചാര്‍ജിങ് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 5G കണക്ടിവിറ്റിയുമുണ്ട്. ഡോള്‍ബി അറ്റ്മോസ് സ്റ്റീരിയോ സ്പീക്കറുകള്‍, എന്‍.എഫ്.സി, ബ്ലൂടൂത്ത് 5.2, വൈഫൈ 6, വെള്ളം, പൊടി എന്നിവയില്‍ നിന്നും IP68 റേറ്റിങ് സംരക്ഷണം എന്നിങ്ങനെ പോകുന്നു 10 പ്രൊയുടെ ഫീച്ചറുകള്‍. മൊത്തത്തില്‍ നോക്കിയാല്‍ പെര്‍ഫോമന്‍സിന്‍റെ കാര്യത്തില്‍ ശങ്ക വേണ്ട.

ഹാസല്‍ബ്ലാഡുമായുള്ള കൂട്ടുകെട്ടില്‍ പുറത്തിറക്കിയ രണ്ടാം തലമുറ മൊബൈല്‍ ക്യാമറയാണ് പുതിയ വണ്‍പ്ലസിലേത്. അതിനാല്‍ 48 മെഗാപിക്സല്‍ ട്രിപ്പിള്‍ ക്യാമറയ്ക്ക് മികച്ച റേറ്റിങ് നല്‍കാന്‍ സംശയിക്കേണ്ടതില്ല. 48 മെഗാപിക്സല്‍ (f/1.8 ) സോണി IMX789 സെന്‍സറാണ് പ്രധാന ക്യാമറ. 50 മെഗാപിക്സലിന്‍റെ (f/2.4 ) അള്‍ട്രാ വൈഡ് ക്യാമറയാണ് രണ്ടാമത്തേത്. സാംസങ് JN1 സെന്‍സറാണ് രണ്ടാം ക്യാമറയുടേത്. 150 ഡിഗ്രിയില്‍ വരെ ചിത്രങ്ങളെടുക്കാന്‍ രണ്ടാം ക്യാമറ സഹായിക്കും.  മൂന്നാമത്തേത് 8 മെഗാപിക്സലിന്‍റെ ടെലിഫോട്ടോ ക്യാമറയാണ്. 4K, 8K ദൃശ്യങ്ങള്‍ മികച്ച രീതിയില്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുമെന്നതാണ് 10 പ്രൊയുടെ അടുത്ത സവിശേഷത. സ്ലോ മോഷന്‍ വിഡിയോകള്‍ പോലും 4K ക്വാളിറ്റിയില്‍ പകര്‍ത്താം. സൂപ്പര്‍ സ്ലോ മോഷന്‍ ദൃശ്യങ്ങള്‍ എച്ച്ഡി ക്വാളിറ്റിയില്‍ ലഭിക്കുമെന്നതും 10 പ്രൊയുടെ ആകര്‍ഷണമാണ്. 32 മെഗാപിക്സലിന്‍റെതാണ് മുന്‍ക്യാമറ. ഇമേജ് സ്റ്റെബിലൈസേഷന്‍, അള്‍ട്രാ എച്ച്ഡിആര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മറ്റു ഫീച്ചറുകളും വണ്‍പ്ലസ് 10 പ്രൊയെ ഫേവറിറ്റുകളാക്കി മാറ്റുന്നു.

എമറാള്‍ഡ് ഫോറസ്റ്റ്, വോള്‍കാനിക് ബ്ലാക്ക് എന്നീ രണ്ടുനിറങ്ങളിലാണ് വണ്‍പ്ലസ് 10 പ്രൊ പുറത്തിറങ്ങുന്നത്. 66,999 മുതലാണ് വിലയാരംഭിക്കുന്നത്. 12ജിബി മെമ്മറിയും 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള വേരിയന്‍റിന് 71,999 രൂപ നല്‍കണം. അതായത്, ഏറ്റവും മികച്ച മോഡല്‍ പോലും വിലയുടെ കാര്യത്തില്‍ ഐഫോണ്‍ 13, സാംസങ് ഗ്യാലക്സി എസ് 22 എന്നിവയുടെ അടിസ്ഥാന മോഡലിനേക്കാള്‍ താഴെയാണ്. എന്നാല്‍ പ്രകടനത്തിന്‍റെ കാര്യത്തില്‍ നേരെ തിരിച്ചുമെന്നാണ് ആരാധകരുടെ പക്ഷം. ചുരുക്കത്തില്‍ സ്മാര്‍ട്ഫോണ്‍ ഫ്ലാഗ്ഷിപ്പ് വിപണിയില്‍ ഇനി കാര്യങ്ങള്‍ രസകരമാകുമെന്നുറപ്പ്.

MORE IN BUSINESS
SHOW MORE