5G കരുത്തിൽ പുതിയ ഐഫോൺ എസ്‌ഇ; വിലയും ഫീച്ചറുകളും ഇങ്ങനെ

apple-iphone-se-3
SHARE

ലുക്കിലല്ല വർക്കിലാണ് കാര്യമെന്ന് മറ്റാരേക്കാളും നന്നായി ആപ്പിളിനറിയാം. ഇത്തവണയും ആ നിലപാടിന് കാര്യമായ മാറ്റമുണ്ടായിട്ടില്ല. രണ്ടുവർഷം മുൻപിറങ്ങിയ മോഡലിൽ നിന്നും ഒറ്റനോട്ടത്തിൽ പ്രകടമായ മാറ്റമൊന്നും മൂന്നാം തലമുറ ഐഫോൺ എസ്ഇയിൽ (iPhone SE) കാണില്ല. എന്നാൽ വിശദമായി നോക്കിയാൽ കഥ മാറും.

ഇന്നലെ നടന്ന 'പീക് പെർഫോമൻസ്' ഇവന്റിലാണ് ഐഫോൺ എസ്ഇ 5G ആപ്പിൾ അവതരിപ്പിച്ചത്. മുൻഗാമികളെപ്പോലെ ബജറ്റ് സൗഹൃദ പതിപ്പായിത്തന്നെയാണ് പുതിയ ഐഫോൺ എസ്ഇയും എത്തിയിരിക്കുന്നത്. 13 സീരിസിനോട് സമാനമായി A15 ബയോണിക് പ്രൊസസറിന്റെ പരിഷ്ക്കരിച്ച പതിപ്പാണ് പുതിയ ഐഫോണിന്റെ കരുത്തിനാധാരം.  ഏറ്റവും ശ്രദ്ധേയമായ കാര്യം ടച്ച് ഐഡി സെൻസറോടുകൂടിയ ഹോം ബട്ടൺ എസ്ഇ 5Gയിൽ നിലനിർത്തിയിരിക്കുന്നു എന്നതാണ്.

വെള്ള(Starlight), കറുപ്പ്(Midnight), ചുവപ്പ്(Red) നിറങ്ങളിലാണ് പുതിയ ഐഫോൺ എസ്ഇ എത്തുന്നത്. 64 ജിബി, 128 ജിബി,256 ജിബി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള സ്റ്റോറേജ് ശേഷിയിൽ ഫോൺ ലഭ്യമാകും. 144 ഗ്രാം മാത്രമാണ് ഫോണിന്റെ ഭാരം. അതായത് പൂപോലെ കയ്യിൽ കൊണ്ടുനടക്കാമെന്നർഥം.

മികച്ച ദൃശ്യാനുഭവം സമ്മാനിക്കാൻ 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലേയാണ് മൂന്നാം തലമുറ SE യ്ക്ക് നൽകിയിട്ടുള്ളത്.   ഒക്ടാകോർ (6 കോർ) A15 പ്രൊസസറിന്റെ കരുത്തിൽ മികച്ച പെർഫോർമൻസ് കാഴ്ച്ച വെക്കാൻ പുതിയ ഫോണിനാകും. 4 കോർ ഗ്രാഫിക് പൊസസ്സിങ്ങ് യൂണിറ്റ് മുൻഗാമിയേക്കാൾ 1.2 മടങ്ങ് കൂടുതൽ പ്രകടനമികവ് നൽകുമെന്നും ആപ്പിൾ അവകാശപ്പെടുന്നുണ്ട്. 

ഐഫോൺ 13 ന് സമാനമായ ഗ്ലാസ് ബോഡി,പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP67 സ്റ്റാൻഡേർഡ് സംരക്ഷണം എന്നിവ പുതിയ ഫോണിലും കാണാം. സ്മാർട് ഫോണുകളിലെ ഏറ്റവും കടുപ്പമേറിയ ഗ്ലാസ് എന്നാണ് ബോഡിയെക്കുറിച്ച് ആപ്പിൾ പറയുന്നത്. മികച്ച ബാറ്ററി കപ്പാസിറ്റിയാണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്. 30 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് എത്തുന്ന ഫാസ്റ്റ് ചാർജിങ് ഫീച്ചറാണ് മറ്റൊരാകർഷണം.  ഐ ഒ സ് 15 തന്നെയാണ് പുതിയ ഐഫോൺ എസ്ഇയിലുമുള്ളത്.  അതുകൊണ്ട് തന്നെ സെക്യൂരിറ്റിയുടെ കാര്യത്തിൽ ശങ്കവേണ്ട.

ഐഫോണിന്റെ ഏറ്റവും വലിയ ആകർഷണം എന്താണ് ? സംശയമൊന്നുമില്ല, ക്യാമറ തന്നെ. മുൻവശത്തും പിറകിലും ഓരോ ക്യാമറ വീതമാണ് മൂന്നാം തലമുറ ഐഫോൺ എസ്ഇയിലുള്ളത്. 12 മെഗാപിക്സൽ (f 1.8)  വൈഡ് ക്യാമറയാണ് പിൻവശത്തേത്. സ്മാർട് എച്ച്ഡിആർ 4, ഫോട്ടോഗ്രാഫിക് സ്റ്റൈൽസ്, ഡീപ് ഫ്യൂഷൻ, പോട്രൈറ്റ് മോഡ് തുടങ്ങി മുൻനിര മോഡലുകളിലെ എല്ലാ ഫീച്ചറുകളും പുതിയ ഫോണിൽ ആപ്പിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 4K വീഡിയോ റെക്കോർഡിങ്ങ്(60 fpsവരെ), ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവ ക്യാമറ പ്രേമികളുടെ മനസ്സുനിറയ്ക്കും. 7 മെഗാപിക്സൽ (f2.2) ക്യാമറയാണ് മുൻവശത്ത്. ഫുൾ എച്ച്ഡിയിൽ (1080p) വരെയുള്ള സിനിമാറ്റിക്ക് വീഡിയോ സ്റ്റെബിലൈസേഷൻ വ്ലോഗർമാർക്ക് ഏറെ ഉപകാരപ്പെടും.

എസ്ഇ സീരീസിൽ 5G ടെക്നോളജി ഉൾപ്പെടുത്തിയിട്ടുള്ള ആദ്യ ഫോണാണ് മൂന്നാം തലമുറ ഐഫോൺ എസ്ഇ.  43,900 രൂപ മുതലാണ് പുതിയ ഫോണിന്റെ വിലയാരംഭിക്കുന്നത്. മാർച്ച് 11 മുതൽ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ മാർച്ച് 18 മുതൽ ഫോൺ ലഭ്യമായിത്തുടങ്ങും.

MORE IN BUSINESS
SHOW MORE