ഐ ഫോണിനോടത്ര പഥ്യം പോരേ; തരംഗമാകുമോ പുതിയ പിക്സല്‍?

google-pixel
SHARE

ആരാണ് സ്മാര്‍ട്ഫോണുകളിലെ രാജാവ്? ഐ ഫോ‍ണ്‍ എന്നുതന്നെയായിരിക്കും ഭൂരിഭാഗത്തിന്‍റെയും ഉത്തരം. പുതിയ ഐ ഫോണ്‍ പുറത്തിറങ്ങുന്നതിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ഊഹാപോഹങ്ങളും വാര്‍ത്തകളില്‍ നിറയാറുണ്ട്. ടെക്നോളജി ലോകത്തുള്ളവര്‍ ഏറെ ആവേശത്തോടെയാണ് ഇത്തരം വിഷയങ്ങളെ സമീപിക്കാറുള്ളതും.

എന്നാല്‍ ഐ ഫോണിന്‍റെ മേധാവിത്വം അംഗീകരിക്കാത്ത ചിലരുണ്ട്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പുറത്തിറങ്ങുന്ന ഫോണുകള്‍ ഉപയോഗിക്കുന്ന ഇവര്‍ക്ക് ഐ ഫോണിനോടത്ര പഥ്യം പോര. സാംസങ് അടക്കമുള്ള നിരവധി കമ്പനികളുടെ മോഡലുകള്‍ വച്ചാണ് ഇവരുടെ വാദങ്ങള്‍. 

ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോണ്‍ ഏതാണ്? ഏതോ സിനിമയില്‍ പറഞ്ഞതുപോലെ, ഉത്തരം മുട്ടിക്കുന്ന ചോദ്യമാണത്. എന്നാല്‍ ഒരുകാര്യം നിസ്സംശയം പറയാം, ആന്‍ഡ്രോയിഡ് ഫോണുകളിലെ രാജാവാണ് പിക്സല്‍. ഗൂഗിള്‍ നേരിട്ട് പുറത്തിറക്കുന്നു എന്നതുകൊണ്ട് തന്നെ ടെക്നോളജി ലോകത്ത് പിക്സല്‍ ഫോണുകള്‍ക്ക് വലിയ സ്ഥാനമുണ്ട്. അതേസമയം, സാംസങ്, വണ്‍പ്ലസ് എന്നീ കമ്പനികളുടെ ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഉപഭോക്താക്കളില്‍ നിന്നും പിക്സല്‍ ഫോണുകള്‍ക്ക് ലഭിക്കാറില്ല. ഗുണമേന്മ കുറവായതുകൊണ്ടല്ല, മറിച്ച് ഉയര്‍ന്ന വിലയാണ് ഇതിനുകാരണം. വിലകൂടിയാലും പിക്സല്‍ സ്വന്തമാക്കാനാഗ്രഹിക്കുന്ന ഒരുവിഭാഗമുണ്ട്. കാരണം മറ്റൊന്നുമല്ല, മായം കലരാത്ത ആന്‍ഡ്രോയിഡ് അനുഭവം തന്നെ. ഇതോടൊപ്പം സുരക്ഷ, കൃത്യമായ അപ്ഡേറ്റുകള്‍, സുഗമമായ ഉപയോഗം, മികച്ച ക്യാമറ തുടങ്ങി നിരവധി ഗുണങ്ങള്‍ വേറെയും. ആനന്ദലബ്ദിക്ക് ഇതില്‍കൂടുതല്‍ എന്തുവേണം?    

2016 ഒക്ടോബർ 20നാണ് ആണ് ഒന്നാം തലമുറ പിക്സൽ ഫോണുകൾ ഗൂഗിൾ പുറത്തിറക്കുന്നത്. 2021 ഒക്ടോബറിലാണ്  ഇതിനുമുമ്പ് പിക്സല്‍ സീരീസിലെ ഫോണുകള്‍ പുറത്തിറക്കിയത്. പിക്സല്‍ 6, പിക്സല്‍ 6 പ്രൊ എന്നിവയായിരുന്നു അവ. ഗൂഗിളിന്‍റെ സ്വന്തം ടെന്‍സര്‍ പ്രൊസസറുകളിലായിരുന്നു പിക്സല്‍ 6 സീരീസ് ഫോണുകളുടെ വരവ്. അതിനുമുമ്പ് വരെ ക്വാല്‍കോമിന്‍റെ സ്നാപ്ഡ്രാഗണ്‍ പ്രൊസസറുകളിലാണ്  പിക്സല്‍ ഫോണുകള്‍ പുറത്തിറങ്ങിയിരുന്നത്.

പിക്സല്‍ 6a ഈ വരുന്ന മെയ് മാസത്തില്‍ പുറത്തിറങ്ങുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതിനിടയിലാണ് പിക്സല്‍ 7 സീരീസ് ഫോണുകളെക്കുറിച്ചുള്ള റൂമറുകള്‍ എത്തിത്തുടങ്ങിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ 7 സീരീസ് ഫോണുകള്‍ പുറത്തിറങ്ങുമെന്ന വാര്‍ത്തയാണ് ടെക് ലോകത്തുനിന്നും ലഭിക്കുന്നത്.  പിക്സല്‍ 7, പിക്സല്‍ 7 പ്രോ എന്നിവയായിരിക്കും അവ. ഗൂഗിളിന്‍റെ രണ്ടാം തലമുറ ടെന്‍സര്‍ ചിപ്പ്സെറ്റിലായിരിക്കും പുതിയ പിക്സല്‍ ഫോണുകളുടെ വരവ്. ഇതോടൊപ്പം സാംസങ് എക്സിനോസ് മോഡം 5300യും ഏഴാം സീരീസ് പിക്സല്‍ ഫോണുകള്‍ക്ക് കരുത്ത് നല്‍കും.  ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം പിക്സല്‍ 7, പിക്സല്‍ 7 പ്രോ എന്നിവയ്ക്ക് യഥാക്രമം ചീറ്റ, പാന്തര്‍ എന്നിവയായിരിക്കും കോഡ്നാമങ്ങള്‍. ആന്‍ഡ്രോയിഡ് 13ന്‍റെ ഡെവലപ്പര്‍ പ്രിവ്യൂ കഴിഞ്ഞ വാരമാണ് ഗൂഗിള്‍ പുറത്തിറക്കിയത്.  ഇതില്‍ നിന്നുമാണ് പുതിയ പിക്സലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായത്.

വിലയ്ക്കൊത്ത മൂല്യമില്ല എന്നതാണ് പിക്സല്‍ ഫോണുകള്‍ക്കെതിരെയുള്ള ഏറ്റവും വലിയ വിമര്‍ശനം. ഒരുതരത്തില്‍ നോക്കിയാല്‍ അത്തരം വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് മനസിലാകും. പിക്സല്‍ ഫോണിന് ചിലവാക്കുന്ന പണമുണ്ടെങ്കില്‍ അതിനേക്കാള്‍ ഉയര്‍ന്ന സാങ്കേതികമികവുള്ള ഫോണുകള്‍ ലഭിക്കും. പിന്നെന്തിനാണ് ഈ പാഴ്ച്ചിലവെന്ന ചോദ്യത്തിനുള്ള ഉത്തരം പിക്സല്‍ ഫോണുകള്‍ ഒരിക്കലെങ്കിലും ഉപയോഗിച്ച് നോക്കിയവര്‍ തന്നെ പറയും. അതുകൊണ്ടുതന്നെ ഗുണമേന്മയില്‍ മാറ്റംവരുത്താതെ വിലയില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ ഗൂഗിള്‍ തയ്യാറായാല്‍ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ പിക്സല്‍ തരംഗമാകുമെന്നുറപ്പ്.

(വിവരങ്ങള്‍ക്ക് കടപ്പാട് : 9to5google)

MORE IN BUSINESS
SHOW MORE