ജവാൻ ക്ഷാമം പരിഹരിക്കണം; ഉൽപാദനം ഇരട്ടിയിലധികമാക്കണമെന്ന് ആവശ്യം

jevanrumproduction-02
SHARE

തിരുവല്ല പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ ജവാന്‍ റമ്മിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ അനുമതി തേടി ബവ്റിജസ് കോര്‍പറേഷന്‍. ജവാന്‍ ക്ഷാമം പരിഹരിക്കാന്‍ ഉല്‍പാദനം ഇരട്ടിയിലധികമാക്കണമെന്നാണ് ആവശ്യം. അതേസമയം പുതിയ താല്‍ക്കാലിക കെമിസ്റ്റിനെ നിയമിച്ചത് വേണ്ട പരസ്യംനല്‍കാതെയെന്നും വിമര്‍ശനമുണ്ട്.

പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ 67, 500 ലീറ്ററാണ് പ്രതിദിന ഉല്‍പാദനം. ഇത് 1,44,000 ആയി ഉയര്‍ത്തണമെന്നാണ് ആവശ്യം. ഇതിനുള്ള സംവിധാനം കമ്പനിയിലുണ്ടെന്നും പറയുന്നു. ബവ്കോ എംഡിയാണ് ആവശ്യമുന്നയിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയത്. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ 180പേരാണ് ജോലി ചെയ്യുന്നത്. ഉല്‍പാദനം ഉയര്‍ത്തിയാല്‍ മുന്നൂറോളം പേര്‍ക്കു കൂടി ജോലി ലഭിക്കും. കുടുംബശ്രീയില്‍ നിന്നാണ് കരാര്‍ അടിസ്ഥാനത്തില്‍ പാക്കിങ് വിഭാഗത്തിലേക്ക് അടക്കം തൊഴിലാളികളെ എടുക്കുന്നത്. 

സര്‍ക്കാര്‍ അനുമതി ലഭിച്ചാലും ഉല്‍പാദനം ഇരട്ടിയാക്കണമെങ്കില്‍ ആറുമാസത്തോളം സമയമെടുക്കും. സ്പിരിറ്റ് മോഷണക്കേസില്‍പ്പെട്ട് പ്രൊഡക്ഷന്‍ മാനേജര്‍ സസ്പെന്‍ഷനിലായതോടെ താല്‍ക്കാലിക കെമിസ്റ്റാണ് മദ്യനിര്‍മാണത്തിന്‍റെ കൂട്ടൊരുക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ വിരമിച്ച കെമിസ്റ്റിനെ ജോര്‍ജ് ഫിലിപ്പിനെ നിര്‍മാണച്ചുമതല ഏല്‍പിച്ചിരുന്നു. ജോര്‍ജ് ഫിലിപ് ഒഴിഞ്ഞതോടെ നൈസി ജോണ്‍ എന്ന പുതിയ കെമിസ്റ്റിനെ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ പരസ്യപ്പെടുത്താതെ കമ്പനിയുടെ നോട്ടിസ് ബോര്‍ഡില്‍ മാത്രം അറിയിപ്പിട്ടായിരുന്നു ഈ നിയമനം. ഇതിനെതിരെ വിമര്‍ശനമുണ്ട്. പിഎസ്.സി വഴിയോ ഡെപ്യൂട്ടേഷനിലൂടെ സ്ഥിരം കെമിസ്റ്റിനെ നിയമിക്കാനുള്ള ന‌ടപടിയുണ്ടാകുമെന്നാണ് കമ്പനിയുടെ വിശദീകരണം. 

MORE IN BUSINESS
SHOW MORE