മൊബൈൽ നിരക്കുകൾ വീണ്ടും കുത്തനെ കൂട്ടിയേക്കും; വരാനിരിക്കുന്നത് വൻതിരിച്ചടി

mobile tower
SHARE

സാധാരണക്കാർക്ക് തിരിച്ചടിയായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കൾ മൊബൈൽ നിരക്കുകൾ വീണ്ടും കൂട്ടിയേക്കുമെന്നു സൂചന.  വോഡഫോൺ ഐഡിയ ഈ വർഷം തന്നെ മൊബൈൽ സേവന നിരക്കുകളിൽ വീണ്ടും വർധനവ് നടത്തിയേക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് റിലയന്‍സ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ നിരക്കുകൾ 25 ശതമാനം വരെ കൂട്ടിയത്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയ ഈ വർഷവും മൊബൈൽ സേവന നിരക്കുകൾ ഉയർത്തിയേക്കും. എന്നാൽ നവംബറിൽ കമ്പനി വരുത്തിയ താരിഫ് വർധനയോടുള്ള വിപണിയുടെ പ്രതികരണത്തെ ആശ്രയിച്ചായിരിക്കും പുതിയ നീക്കമെന്നും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറും ഇത് സംബന്ധിച്ച് സൂചന നൽകിയിരുന്നു. ഏകദേശം ഒരു മാസത്തെ 4ജി സേവനങ്ങൾക്കായി കമ്പനി നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 99 രൂപ ഉപഭോക്താക്കൾ വലിയ തുകയല്ലെന്നാണ് വോഡഫോൺ ഐഡിയ മേധാവി പറഞ്ഞത്.

2022-ൽ മറ്റൊരു വിലവർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു, വില വർധന സംഭവിക്കുക തന്നെ ചെയ്യും. നവംബറിലെ വർധനയ്ക്ക് മുൻപ് അവസാനം നിരക്ക് കൂട്ടിയത് ഏകദേശം 2 വർഷം മുൻപായിരുന്നു. ഇനി അടുത്ത വർധനയ്ക്ക് രണ്ടു വർഷം കാത്തിരിക്കാനാവില്ലെന്നും താക്കർ പറഞ്ഞു. നിരക്ക് വർധിപ്പിച്ചതോടെ വിട്ടുപോകുന്ന വരിക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. വി വരിക്കാരുടെ എണ്ണം മുൻവർഷത്തെ 26.98 കോടിയിൽ നിന്ന് 24.72 കോടിയായി കുറഞ്ഞിട്ടുണ്ട്.

MORE IN BUSINESS
SHOW MORE