നിരക്ക് വർധന തിരിച്ചടിച്ചു; വിട്ടുപോയത് 2 കോടി പേർ; വോഡഫോൺ ഐഡിയക്ക് 1,98,980 കോടി കടം

vodafone-idea-new
SHARE

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ വൻ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം വോഡഫോൺ ഐഡിയയുടെ ഏകീകൃത നഷ്ടം 7,230.9 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേസമയത്ത് കമ്പനിയുടെ നഷ്ടം 4,532.1 കോടി രൂപയായിരുന്നു.

മൂന്നാം പാദത്തിലെ കമ്പനിയുടെ ഏകീകൃത വരുമാനം 10.8 ശതമാനം ഇടിഞ്ഞ് രൂപ 9,717.3 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 10,894.1 കോടി രൂപയായിരുന്നു. തുടർച്ചയായി നിരക്കുകൾ വർധിപ്പിച്ചിട്ടും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയക്ക് ലാഭത്തിലെത്താൻ കഴിഞ്ഞില്ല. നിരക്കുകള്‍ വർധിപ്പിച്ചതോടെ വിട്ടുപോകുന്ന വരിക്കാരുടെ എണ്ണവും കൂടി. 

കമ്പനി താരിഫ് വർധിപ്പിച്ചതിനാൽ വോഡഫോൺ ഐഡിയയുടെ വരിക്കാരുടെ എണ്ണം ഒരു വർഷം മുൻപ് ഇതേ പാദത്തിലെ 26.98 കോടിയിൽ നിന്ന് 24.72 കോടിയായി കുറഞ്ഞു. അതായത് ഏകദേശം 2 കോടി പേർ വിട്ടുപോയി. 2021 നവംബറിൽ അൺലിമിറ്റഡ് പ്ലാനുകളും കോംബോ വൗച്ചറുകളും ഉൾപ്പെടെ എല്ലാ പ്രീപെയ്ഡ് താരിഫുകളും വർധിപ്പിച്ചിരുന്നു, അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ 99 രൂപയിലേക്ക് മാറ്റുകയും ചെയ്തു.

തൽഫലമായി, നടപ്പ് സാമ്പത്തിക വർഷത്തിന്റെ (എഫ്‌വൈ) രണ്ടാം പാദത്തിലെ 109 രൂപയിൽ നിന്ന് മൂന്നാം പാദത്തിൽ 5.2 ശതമാനം ഉയർന്ന് വരിക്കാരിൽ നിന്നുളള പ്രതിമാസ വരുമാനം 115 രൂപയായി മെച്ചപ്പെട്ടു. ഇതിനിടെ വരിക്കാരുടെ എണ്ണം 24.72 കോടിയായി കുറയുകയും ചെയ്തു. എന്നാൽ, താരിഫ് വർധിപ്പിച്ചിട്ടും കഴിഞ്ഞ വർഷത്തെ കണക്കുകളുമായി നോക്കുമ്പോൾ ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം (ARPU) 5 ശതമാനം കുറഞ്ഞു. 2020-21 ലെ മൂന്നാം പാദത്തിൽ ഇത് 121 രൂപയായിരുന്നു. പാട്ട ബാധ്യതകൾ ഒഴികെയുള്ള കമ്പനിയുടെ മൊത്ത കടം ഡിസംബർ 31 ലെ കണക്കനുസരിച്ച് 1,98,980 കോടി രൂപയാണ്.

MORE IN BUSINESS
SHOW MORE