രണ്ടാം പാദത്തിൽ ജിഡിപി 8.4 %; വളർച്ചയിൽ ശുഭ പ്രതീക്ഷയോടെ രാജ്യം

gdp-14
പ്രതീകാത്മക ചിത്രം
SHARE

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ ഏറ്റവും മികച്ച സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇന്ത്യയില്‍. ജൂലൈ–സെപ്റ്റംബര്‍ കാലയളവില്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 8.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 

രാജ്യത്തെ സാമ്പത്തിക രംഗത്തുണ്ടാകുന്ന വളര്‍ച്ച സ്ഥിരപെടുന്നതിന്‍റെ സൂചനയാണ് തുടര്‍ച്ചയായി രണ്ട് പാദങ്ങളിലുണ്ടായ ജിഡിപി വര്‍ധനവ്. ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെയുള്ള കാലയളവില്‍ 20.1 ശതമാനം വളര്‍ച്ചയാണ് ജിഡിപിയില്‍ രേഖപ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍, ഉയര്‍ന്ന വാക്സിനേഷന്‍ നിരക്ക് , സമ്പദ് വ്യവസ്ഥയിലുണ്ടായ ഉണര്‍വ്, വ്യവസായിക സേവന മേഖലകളിലെ പുരോഗതി എന്നിവ വര്‍ധനവിന് കാരണമായി.  കൂടാതെ ആവശ്യവസ്തുക്കളുടെയും ആവശ്യേതര വസ്തുക്കളുടെയും വര്‍ധിച്ച് വരുന്ന ഡിമാൻഡും ജിഡിപിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.  കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ തവണ 8 ശതമാനത്തിലധികം വളര്‍ച്ചയുണ്ടായിരിക്കുന്നത്.

സര്‍ക്കാര്‍ ചെലവ് 8.7 ശതമാനമായി വര്‍ധിച്ചതും,  കുറഞ്ഞ പലിശ നിരക്കും രാജ്യത്തെ ഉപഭോഗം വര്‍ധിക്കാന്‍ സഹായിച്ചു. കോവിഡിന്‍റെ രണ്ടാം വ്യാപനം രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചില്ല എന്നതിന്‍റെ കൂടി  തെളിവാണ് തുടര്‍ച്ചയായി രണ്ട് പാദങ്ങളിലുണ്ടായ വളര്‍ച്ച. അടുത്ത പാദത്തിലും ജിഡിപിയില്‍ വര്‍ധന പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കോവിഡ് വൈറസിന്‍റെ ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമോയെന്ന ആശങ്ക ശക്തമാണ്. 

MORE IN BUSINESS
SHOW MORE