സ്വർണം എങ്ങനെ ഭൂമിയിലെത്തുന്നു ?; നിഗൂഢമായ ഉറവിടം; നിർണായക കണ്ടെത്തൽ

kerala-gold
SHARE

വില മുകളിലേക്ക് കുതിയ്ക്കുമ്പോൾ സ്വർണം കൈവശമുള്ളവരുടെ മനസിൽ ലഡു പൊട്ടും. ഒരു അത്യാവശ്യം വന്നാൽ നൊടിയിടയിൽ കാശ് കയ്യിൽ കിട്ടണമെങ്കിൽ കയ്യിൽ അൽപം സ്വർണമുണ്ടായാൽ മതി. നൂറു ശതമാനം ഗാരന്റിയുള്ള നിക്ഷേപമായാണ് വിദഗ്ധർ സ്വർണത്തെ വിശേഷിപ്പിക്കുന്നത്. അതെല്ലാം അവിടെ നിൽക്കട്ടെ. ഈ സ്വർണത്തിന്റെ ഉറവിടമെവിടെയെന്നു ചിന്തിച്ചിട്ടുണ്ടോ? അതറിയണമെങ്കിൽ അൽപം പിറകിലേക്കു പോകണം. 

അയ്യായിരം വർഷങ്ങൾക്കു മുൻപ് ഈജിപ്തിൽ വ്യാപാരത്തിലെ വിലയേറിയ വസ്തുവായി സ്വർണം ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്വർണം സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായതിന്റെ ഏറ്റവും പുരാതന തെളിവുകളിലൊന്നാണിത്. ഈജിപ്തിലെ ഫറവോമാരുടെ ശവകുടീരങ്ങളിലും സ്വർണം കൊണ്ടുള്ള വസ്തുക്കളായിരുന്നു സൂക്ഷിച്ചു വച്ചവയിലേറെയും

പക്ഷേ എങ്ങനെയാണു ഭൂമിയിൽ ചിലയിടങ്ങൾ മാത്രം കേന്ദ്രീകരിച്ചു സ്വർണമുണ്ടായതെന്നതിൽ ഇപ്പോഴും കൃത്യമായ ഉത്തരം കണ്ടെത്താൻ ഗവേഷകർക്കായിട്ടില്ല. യുദ്ധത്തിനും പലായനത്തിനും ദേശാന്തരഗമനങ്ങൾക്കും കുടിയേറ്റത്തിനുമെല്ലാം കാരണമായ സ്വർണത്തിന്റെ ഭൂമിയിലെ ഉദ്ഭവം എവിടെ നിന്നാണെന്നതിന് വ്യക്തത തേടുന്നത് തുടരുകയാണ് ശാസ്ത്രലോകം ഇന്നും. ഭൂമിയിലെ സ്വർണത്തിന്റെ ‘ഉറവിടം’ തേടിപ്പോയ ഗവേഷകർ ഒടുവിൽ ആ നിർണായക കണ്ടെത്തലിന്റെ റിപ്പോർട്ട് നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയായ ഭൂവൽക്കത്തിലാണ് (ക്രസ്റ്റ്) സ്വർണം കാണപ്പെടുന്നത്. പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണിത്. ഭൂവൽക്കത്തിനു താഴെ ഏകദേശം 2900 കിലോമീറ്റർ കനമുള്ള പാളിയാണ് മാന്റിൽ. മാന്റിലിലുണ്ടായ മാറ്റങ്ങളാണ് ഭൂവൽക്കത്തിലേക്കു സ്വർണമെത്താൻ നിർണായക ഘടകമായതെന്നാണ് ഗവേഷകർ പറയുന്നത്.

രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങളുടെ കൂട്ടിയിടിയിൽ നിന്നാണ് പ്രപഞ്ചത്തിൽ സ്വർണം രൂപപ്പെടുന്നതെന്നാണ് നിലവിലെ നിഗമനം. അതല്ല, ഒരു തമോഗർത്തം ന്യൂട്രോൺ നക്ഷത്രത്തെ വിഴുങ്ങുന്ന പ്രക്രിയക്കിടെയാണ് സ്വർണത്തിന്റെ ആവിർഭാവമെന്നും കരുതുന്നവരുണ്ട്. ലഘു മൂലകങ്ങൾ കൂടിച്ചേർന്ന് സ്വർണം പോലുള്ള ഘന മൂലകങ്ങളായി മാറാനുള്ള എല്ലാ സാഹചര്യങ്ങളും ഈ രണ്ടു പ്രക്രിയകൾക്കിടയിലുമുണ്ടാകുന്നതാണ് ഇവയ്ക്ക് അനുകൂല ഘടകങ്ങളായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. (ആവർത്തനപ്പട്ടികയിൽ 79–ാം സ്ഥാനത്താണു സ്വർണം) 

ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമാണ് ഇന്നു ലോകത്തെ ഏറ്റവും പ്രധാന സ്വർണ ഖനന മേഖലകളുള്ളത്. ഇവ രണ്ടും കൂടിച്ചേർന്ന് വർഷങ്ങൾക്കു മുൻപ് സൂപ്പർ കോണ്ടിനന്റ് ‘ഗോണ്ട്വാന’യുടെ ഭാഗമായിരുന്നു. എന്നാൽ ഇവയ്ക്കിടയിലൂടെ മാന്റിലിലുണ്ടായ കൂറ്റൻ വിള്ളലായിരിക്കാം രണ്ടു വൻകരകളാക്കി മാറ്റാൻ കാരണമായത്. അതുവഴി ഉരുകിയൊലിച്ചെത്തി ഭൂവൽക്കത്തിൽ പരന്ന ലാവയായിരിക്കാം സ്വർണത്തെയും എത്തിച്ചതെന്നും ഗവേഷണത്തിനു നേതൃത്വം നൽകിയ ഗ്രനാഡ സർവകലാശാലയിലെ ഗോൺസാലസ് ജിമെനസ് പറയുന്നു. 

MORE IN BUSINESS
SHOW MORE