പണത്തിനായി മക്കള്‍ തമ്മിലടിക്കരുത്; സ്വത്ത് ഭാഗം വയ്ക്കാൻ അംബാനി സ്ട്രാറ്റജി

ambani-family
SHARE

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ ഇന്ത്യക്കാരൻ മുകേഷ് അംബാനി തന്റെ സ്വത്ത് ഭാഗംവയ്ക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് റിപ്പോർട്ടുകൾ. അറുപത്തിനാലുകാരനായ മുകേഷ് അംബാനി, പ്രമുഖ ബ്രാൻഡായ വാൾമാർട്ട് ഇൻ‌കോർപറേറ്റിന്റെ ഉടമസ്ഥരായ വാൾട്ടൺ കുടുംബത്തിന്റെ പാത പിന്തുടർന്നാണ് സ്വത്ത് ഭാഗംവയ്ക്കുകയെന്നാണ് അംബാനി കുടുംബവുമായി അടുത്ത ബന്ധമുള്ളവർ നൽകുന്ന സൂചന. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഉൾപ്പെടെയുള്ള കുടുംബ സ്വത്തുക്കളടക്കം ഒരു ട്രസ്റ്റ് ഘടനയിലേക്കു മാറ്റുന്നതാണ് അംബാനി പരിഗണിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

റിലയൻസിന്റെ മേൽനോട്ടം വഹിക്കുന്ന പുതിയ സ്ഥാപനത്തിൽ അംബാനി, അദ്ദേഹത്തിന്റെ ഭാര്യ നിത, മൂന്നു മക്കൾ എന്നിവർക്ക് ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. അംബാനിയുടെ വിശ്വസ്തരായ ഏതാനും പേർ ഉപദേശകരായി പ്രവർത്തിക്കും. ടെലികമ്യൂണിക്കേഷൻ, ഇകൊമേഴ്‌സ്, ഗ്രീൻ എനർജി, പെട്രോ കെമിക്കൽസ് തുടങ്ങിയ വിവിധമേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ബിസിനസുകളുടെ മേൽനോട്ട ചുമതല പൂർണമായും പുറത്തുനിന്നുള്ള പ്രഫഷനലുകൾക്കായിരിക്കും.

റിലയൻസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി സ്ഥാനം രാജിവയ്ക്കുമെന്ന സൂചനകളൊന്നും വന്നിട്ടില്ല. എന്നാൽ ഔദ്യോഗിക കാര്യങ്ങളിൽ മക്കൾ കൂടുതലായി ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവർ റിലയൻസിൽ പ്രധാന റോളുകൾ വഹിക്കുമെന്ന് ഈ ജൂണിൽ ഓഹരി ഉടമകളെ അഭിസംബോധന ചെയ്തപ്പോൾ അംബാനി സൂചന നൽകിയിരുന്നു.

2005ൽ, പിതാവ് ധീരുഭായി അംബാനി വളർത്തിയെടുത്ത 90,000 കോടി രൂപ ആസ്‌തിയുള്ള റിലയൻസ് വ്യവസായ ശൃംഖലയുടെ സ്വത്തുക്കൾ വീതംവച്ചപ്പോൾ ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വത്തുതർക്കമാണ് ഉണ്ടായത്. ഏഴുമാസം നീണ്ട തർക്കം റിലയൻസ് സാമ്രാജ്യത്തിന്റെ വിഭജനത്തിലാണ് അവസാനിച്ചത്. അമ്മ കോകില ബെന്നിന്റെ സാന്നിധ്യത്തിൽ കുടുംബ ചർച്ചയ്‌ക്കൊടുവിലാണു സഹോദരന്മാരായ മുകേഷ് അംബാനിയും അനിൽ അംബാനിയും ധാരണയിലെത്തിയത്.

MORE IN BUSINESS
SHOW MORE