ആമസോണിലും ഫ്ലിപ്കാർട്ടിലും ഉത്സവ സീസൻ പൊടി പൊടിച്ചു; 32,000 കോടി രൂപയുടെ വിൽപന

amazon-flipkart
SHARE

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനികളുടെ ഉത്സവ സീസൻ വിൽപനയ്ക്ക് വൻ പ്രതികരണമാണ് ലഭിച്ചത്. വിൽപനയുടെ ആദ്യ ആഴ്ചയിൽ ആമസോൺ, ഫ്ലിപ്കാർട്ട് വഴി നടന്നത് 460 കോടി ഡോളറിന്റെ ( ഏകദേശം 32,000 കോടി രൂപ) ഇടപാടുകളാണ്. കൊറോണ വൈറസ് കാരണം വിപണികളിലെല്ലാം വൻ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഓൺലൈൻ കച്ചവടം പൊടി പൊടിക്കുകയാണ്. 

കഴിഞ്ഞ വര്‍ഷത്തേക്കാൾ ഈ വർഷം 23 ശതമാനത്തിന്റെ മുന്നേറ്റം പ്രകടമാണ്. സ്മാർട് ഫോൺ, ഫാഷൻ വിഭാഗത്തിലാണ് കാര്യമായ വിൽപന നടന്നത്. ഉത്സവ സീസൻ വിൽപനയിൽ ഫ്ലിപ്കാർട്ട് ഗ്രൂപ്പ് 64 ശതമാനം വിപണി വിഹിതവുമായി ഒന്നാം സ്ഥാനത്തെത്തി. 28 ശതമാനം വിപണി വിഹിതവുമായി ആമസോൺ രണ്ടാമതാണ്.

ആഭ്യന്തര വിപണി ഗവേഷണ സ്ഥാപനമായ റെഡ്‌സീർ നൽകിയ ഡേറ്റ അനുസരിച്ച് ഒക്ടോബർ 2 മുതൽ 10 വരെയുള്ള വിൽപന കാലയളവിൽ ഓരോ മണിക്കൂറിലും 68 കോടി രൂപയുടെ സ്മാർട് ഫോണുകളാണ് വിവിധ ഇ–കൊമേഴ്സ് കമ്പനികളിലൂടെ വിറ്റുപോയത്.

മൊത്തത്തിലുള്ള ഓൺലൈൻ വിൽപന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർധിച്ചു. ടയർ 2 പ്രദേശങ്ങളിലുള്ളവരാണ് ഇരു കമ്പനികളിൽ നിന്നും 61 ശതമാനം ഉൽപന്നങ്ങളും വാങ്ങിയത്. കഴിഞ്ഞ വർഷത്തെ മോശം പ്രകടനം കാരണം ഈ വർഷം ടയർ 2 ഉപയോക്താക്കളെ ടാർഗെറ്റുചെയ്‌തിരുന്നു. ഇതിനായി താങ്ങാനാവുന്ന വിലയ്ക്ക് സ്മാർട് ഫോൺ, ഫാഷൻ ഉൽപ്പടെയുള്ള വിഭാഗങ്ങളിൽ ഉൽപന്നങ്ങൾ ലഭ്യമാക്കിയിരുന്നു. എന്നാൽ വീട്ടുപകരണങ്ങൾ, അലങ്കാര ഉൽപന്നങ്ങൾ തുടങ്ങിയ മറ്റ് വിഭാഗങ്ങളിലെ വിൽപന ആദ്യ ആഴ്ചയിൽ കുറവാണ് രേഖപ്പെടുത്തിയത്.

മുന്‍നിര ബ്രാൻഡുകളായ സാംസങ്, ആപ്പിൾ, ഷഓമി, വൺപ്ലസ്, റിയൽമി, അസൂസ്, ലെനോവോ, എച്ച്പി, എൽജി, തോംസൺ, വേൾപൂൾ, ബജാജ് അപ്ലയൻസസ് തുടങ്ങിയവരാണ് ഉൽസവ സീസണിലെ ഏറ്റവും വലിയ വിൽപനയ്ക്ക് സാക്ഷ്യം വഹിച്ചത്. ആയിരത്തിലധികം പുതിയ ഉൽപന്ന ലോഞ്ചുകളും ആമസോണിലും ഫ്ലിപ്കാർട്ടിലും നടന്നു.

ഉപഭോക്താക്കൾ വാങ്ങിയ ഇലക്ട്രോണിക് വസ്തുക്കളിൽ പകുതിയും വർക്ക്ഫ്രോം-ഹോം വിഭാഗത്തിലാണെന്നാണ് കണക്കുകൾ പറയുന്നത്. വലിയ സ്‌ക്രീൻ ടെലിവിഷനുകൾ, ലാപ്‌ടോപ്പുകൾ, ഐടി ആക്‌സസറികൾ എന്നിവയുടെ വിൽപ്പന കഴിഞ്ഞ വർഷത്തേതിനേക്കാൾ വർധിച്ചു.

MORE IN BUSINESS
SHOW MORE
Loading...
Loading...