മഹാമാരിക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയില്‍ വല‍ഞ്ഞ് മരതകദ്വീപ്

srilanka-021
SHARE

കോവിഡ് മഹാമാരി സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ ഒരു വശത്ത്. ഭരണകൂടത്തിന്‍റെ അശാസ്ത്രീയ നിലപാടുകള്‍ മൂലമുള്ള വെല്ലുവിളികള്‍ മറുവശത്ത്. സാധാരണ ജനജീവിതം താറുമാറായിരിക്കുകയാണ് ശ്രീലങ്കയില്‍. വിലക്കയറ്റവും ഭക്ഷ്യോല്‍പ്പന്ന ദൗര്‍ലഭ്യവും ആണ് ശ്രീലങ്കയിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് കടകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥ.

തിരിച്ചടികളുടെ തുടക്കം

പ്രതിസന്ധി തുടങ്ങുന്നത് കോവിഡിന്‍റെ വരവോടെയാണ്. വിനോദസഞ്ചാര മേഖലയെ  ആശ്രയിച്ച് ഉപജീവനം നടത്തുന്നവരും സമ്പദ്‍വ്യവസ്ഥയാകെയും കോവിഡ് മൂലം സന്ദര്‍ശകര്‍ എത്താതായാതോടെ പ്രതിസന്ധിയിലായി. ശ്രീലങ്കയുടെ ജിഡിപിയുടെ 10 ശതമാനം സംഭാവന ചെയ്യുന്നത് വിനോദസഞ്ചാര മേഖലയാണ്.  സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ മറ്റൊന്ന് കൂടി സംഭവിച്ചു. വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞു. 2019ല്‍ 52,500 കോടി രൂപ മൂല്യമുള്ള വിദേശനാണ്യ ശേഖരം ഈ വര്‍ഷം ജൂലൈ ആയപ്പോഴേക്കും വെറും 19,600 കോടി രൂപയായി കുത്തനെ കുറഞ്ഞു. ഇതോടെ അവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് വിദേശനാണ്യം വാങ്ങാന്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ട അവസ്ഥയുണ്ടായി. ഇത് ശ്രീലങ്കന്‍ കറന്‍സിയുടെ മൂല്യം 8 ശതമാനം താഴുന്നതിനും ഇടയാക്കി. ഇന്ന് ഒരു ഡോളര്‍ വാങ്ങുന്നതിന് 200 ശ്രീലങ്കന്‍ രൂപ നല്‍കണം. മിക്ക നിത്യോപയോഗ സാധനങ്ങള്‍ക്കും വിദേശ രാജ്യങ്ങളെയാണ് ശ്രീലങ്ക ആശ്രയിക്കുന്നതെന്നിരിക്കെ രൂപയുടെ മൂല്യതകര്‍ച്ച പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

മഹാമാരിക്കാലത്തും മരുന്നില്ല

രാജ്യത്തെ ആരോഗ്യമേഖലയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മരുന്നുകള്‍ക്കും മറ്റും വിദേശരാജ്യങ്ങളെയാണ് രാജ്യം ആശ്രയിക്കുന്നത്.   21 ദശലക്ഷം ജനങ്ങള്‍ അടുത്ത കോവിഡ് തരംഗത്തെ അഭിമുഖീകരിക്കാനിരിക്കുമ്പോള്‍ അവശ്യ മരുന്നുകളോ  ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തത് ഭീതി വര്‍ധിപ്പിക്കുന്നുണ്ട്. വിദേശ നാണ്യം ശേഖരം ഇല്ലാതാകുന്നതോടെ പാചകവാതകവും ഇന്ധനവും ഇറക്കുമതി ചെയ്യാന്‍ സാധിക്കാതെ വരും. ഇത് രാജ്യത്തെയാകെ ഗുരുതരമായി ബാധിക്കും

srilanka-03

തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖല

കോവിഡ് മൂലം സ്വാഭാവികമായി സംഭവിക്കുന്നതിനിടയുള്ള ഒരു കാര്യമായി മേല്‍പറഞ്ഞവയെ കാണാം. എന്നാല്‍ യാതൊരു വകതിരിവുമില്ലാതെ കൈകൊണ്ട തീരുമാനമായി ശ്രീലങ്കന്‍ ജനത വിലയിരുത്തുന്ന ഒരു മനുഷ്യനിര്‍മിത ദുരന്തം കൂടിയുണ്ട്. ഈ വര്‍ഷം ആദ്യം ശ്രീലങ്കയില്‍ രാസവളങ്ങളുടേയും രാസ കീടനാശിനികളുടെയും ഉപയോഗം സര്‍ക്കാര്‍ നിരോധിച്ചു. ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ ഓര്‍ഗാനിക് കാര്‍ഷിക മേഖലയായി മാറുന്നതിന്‍റെ ഭാഗമായായിരുന്നു ഈ തീരുമാനം. എന്നാല്‍ ഫലത്തില്‍ സംഭവിച്ചത് കാര്‍ഷിക മേഖലയുടെ തകര്‍ച്ചയായിരുന്നു. ഭക്ഷ്യോല്‍പാദനം ഗണ്യമായി കുറഞ്ഞു. കീടങ്ങളുടെ ആക്രമണവും മണ്ണിലെ മൂലകങ്ങളും കുറവും കാര്‍ഷികോല്‍പാദന മേഖലയുടെ തകര്‍ച്ചക്കിടയാക്കി.അന്നന്നത്തെ അന്നം കണ്ടെത്താന്‍ പോലും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതായി ഈ തീരുമാനം. ലോകപ്രശസ്തമായ ശ്രീലങ്കന്‍ തേയിലയും , സുഗന്ധവ്യഞ്ജന കൃഷിയുമെല്ലാം താറുമാറായി. ഒറ്റ രാത്രികൊണ്ട് തീരുമാനിക്കേണ്ടതാണോ ജൈവകാര്‍ഷിക മേഖലയിലേക്കുള്ള പരിവര്‍ത്തനമെന്ന് കര്‍ഷകര്‍ ചോദിക്കുന്നു.

ഫലം കാണാത്ത നടപടികള്‍

നിലവില്‍ സാമ്പത്തിക അടിയന്തരാവസ്ഥയിലാണ് രാജ്യം. അവശ്യ സാധനങ്ങളുടെ പൂഴ്ത്തിവ‍യ്്പ് തടയാന്‍ ഒരു പട്ടാള ഉദ്യോഗസ്ഥനെയാണ് പ്രസിഡന്‍റ് നിയോഗിച്ചിരിക്കുന്നത്. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് മാത്രമായി വിദേശനാണ്യ ശേഖരഉപയോഗം പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജൈവകൃഷി എന്ന കാര്യത്തില്‍ സര്‍ക്കാര്‍ കടുംപിടിത്തം തുടരുകയാണ്. ഇപ്പോള്‍ കുറച്ചുബുദ്ധിമുട്ടിയാലും ഭാവിയിലേക്ക് അത് ഗുണംചെയ്യുമെന്നാണ് സര്‍ക്കാര്‍ വാദം. ചൈനയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമെല്ലാം പണം കടംവാങ്ങി പ്രശ്നം ലഘൂകരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് ചേട്ടനും അനിയനും ഭരിക്കുന്ന ശ്രീലങ്ക. 

srilanka-04

കടിഞ്ഞാണ്‍ രജപക്സെ കുടുംബത്തിന്‍റെ കൈകളില്‍

ദ്വീപ് രാഷ്ട്രത്തിന്‍റെ സാമ്പത്തിക മാനേജ്മെന്‍റ് നേരത്തെ തന്നെ അബദ്ധജടിലമായിരുന്നു. കടം കുന്നുകൂട്ടുന്നതായിരുന്നു മിക്ക തീരുമാനങ്ങളും. ചൈനയോടുള്ള അമിതവിധേയത്വമാണ് പ്രധാനമന്ത്രി മഹീന്ദരാജപക്സെക്കുള്ളത്. ചൈനീസ് നീരാളിപിടിത്തത്തില്‍ കടംകയറി മുടിയുമെന്ന് കണ്ടപ്പോള്‍ ഹംബന്‍തോട്ട തുറമുഖം തന്നെ അവര്‍ക്ക് പണയപ്പെടുത്തേണ്ടിവന്നു. മഹീന്ദയുടെ അനിയന്‍ ഗോതബായ രജപക്സെ പ്രസിഡന്‍റായ ഉടനെ വന്‍തോതില്‍ നികുതി ഇളവ് പ്രഖ്യാപിച്ചത് ഖജനാവ് കാലിയാക്കി. തന്നിഷ്ടക്കാരന്‍ എന്ന് നേരത്തെതന്നെ പേരു കേട്ട മഹീന്ദ രജപക്സെയും പ്രസിഡന്‍റായ മുന്‍പട്ടാളക്കാരന്‍ അനിയന്‍ ഗോതബായയും മറ്റ് രജപക്സെ കുടുംബാംഗങ്ങളും ചേര്‍ന്ന് ഭരിക്കുന്ന ശ്രീലങ്കയില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കുറച്ചുകാലം കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം

MORE IN BUSINESS
SHOW MORE
Loading...
Loading...