തിരിച്ചുവരാന്‍ വാഹനവിപണി; വില്‍പന കൂട്ടാന്‍ ഓഫറുകളുമായി നിര്‍മാതാക്കള്‍

onamvehicle
SHARE

മറ്റെല്ലാ മേഖലകളെയും പോലെ കോവിഡിനോട് പൊരുതി തിരിച്ചുവരവിനുള്ള തീവ്രശ്രമത്തിലാണ് വാഹനവിപണി. കോവിഡ് കാലത്ത് പൊതുഗതാഗതം ഒഴിവാക്കാന്‍ ഒട്ടേറെപ്പേര്‍ കാറുകളും ഇരുചക്രവാഹനങ്ങളും വാങ്ങിയെങ്കിലും പ്രതിസന്ധി മറികടക്കണമെങ്കില്‍ വിപണി വലുതായേ മതിയാകൂ എന്ന തിരിച്ചറിവ് വാഹനനിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമുണ്ട്. ഓണത്തിന് പതിവിലും വലിയ ഓഫറുകളുമായി വിപണിയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതിന് കാരണവും മറ്റൊന്നല്ല.

കാറുകള്‍ ആഡംബരമായി കണ്ടിരുന്ന പലരും കോവിഡ് കാലത്ത് നിലനില്‍പ്പിന്റെ ഭാഗമായാണ് വാഹനം വാങ്ങിയത്. പൊതുഗതാഗതം സാധാരണനിലയിലെത്താത്തതും രോഗപ്പകര്‍ച്ചയെക്കുറിച്ചുള്ള ആശങ്കയുമാണ് പലരെയും ഇക്കാലത്ത് കാറുടമകളാക്കിയത്. കോവിഡ് മാറുംവരെയെങ്കിലും ഈ മനോഭാവം തുടരുമെന്ന് വാഹനനിര്‍മാതാക്കള്‍ സ്വാഭാവികമായും പ്രതീക്ഷിക്കുന്നു. വാഹനവിലയുടെ പരമാവധി വായ്പ ഉറപ്പുനല്‍കിയും ഡിസ്ക്കൗണ്ടുകളും മറ്റ് സൗജന്യങ്ങളും വാഗ്ദാനം ചെയ്തും പരമാവധി പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. ലോക്ഡൗണ്‍ കടുപ്പിച്ചപ്പോള്‍ ഉല്‍പാദനം നിര്‍ത്തിവയ്ക്കേണ്ടി വന്നെങ്കിലും ഓണക്കാലത്ത് എല്ലാ മോഡലുകളും കേരളത്തില്‍ ലഭ്യമാക്കുമെന്ന് വില്‍പനയില്‍ ഒന്നാംസ്ഥാനക്കാരായ മാരുതി സുസുക്കി വ്യക്തമാക്കുന്നു.

കോവിഡ് കാലത്ത് രണ്ടാം വാഹനം എന്ന നിലയില്‍ ചെറുകാറുകള്‍ക്ക് ആവശ്യക്കാരേറിയിരുന്നു. മാരുതിയും ഹ്യുണ്ടേയും ചെറുകാറുകള്‍ക്കും എസ്‌യുവികള്‍ക്കും അരലക്ഷം രൂപ വരെ ഇളവുകളും എക്സ്ചേഞ്ച് ഓഫറുകളും പ്രഖ്യാപിച്ചുകഴിഞ്ഞു.

ടാറ്റ മോട്ടോഴ്സ് ഓണക്കാലത്ത് വലിയ വിലക്കുറവുകള്‍ പ്രഖ്യാപിച്ചാണ് മല്‍സരത്തിനിറങ്ങുന്നത്. ടിയാഗോയ്ക്ക് കാല്‍ലക്ഷം രൂപയാണ് ഇളവ്. മറ്റ് മോഡലുകള്‍ക്ക് വിലക്കുറവിനൊപ്പം വായ്പ്പാപദ്ധതികളുമുണ്ട്. കോവിഡ് കാലത്ത് പെട്ടെന്ന് തകരുകയും അതിലും വേഗത്തില്‍ ഉണരുകയും ചെയ്ത ഇരുചക്രവാഹനവിപണിയും ഓണത്തില്‍ വലിയ പ്രതീക്ഷ വയ്ക്കുന്നു. പെട്രോള്‍ വിലവര്‍ധനയും ഇരുചക്രവാഹനങ്ങളിലേക്ക് കൂടുതല്‍ പേരെ അടുപ്പിച്ചു.

കോവിഡ് കാലത്തും ആഡംബര കാര്‍ വിപണിക്ക് കാര്യമായ കുലുക്കമുണ്ടായില്ല. ഒരുമാസം മിനി കൂപ്പർ ഉൾപ്പടെ  വ്യത്യസ്തമായ60 മോഡലുകളാണ് ബിഎംഡബ്ല്യു കേരളത്തില്‍ വില്‍ക്കുന്നത്. ഓണക്കാലത്ത് ശക്തമായ മല്‍സരത്തിനാണ് അവരുടെയും നീക്കം.

ഈമാസം ഒന്നുമുതല്‍ പ്രളയ സെസ് ഒഴിവാക്കിയത് വാഹനവിപണിക്ക് കരുത്തായി. ഡിമാന്‍ഡിനനുസരിച്ച് വാഹനലഭ്യത ഉറപ്പാക്കുകയാണ് വിതരണക്കാര്‍ക്കുമുന്നിലുള്ള വെല്ലുവിളി. എങ്കിലും ഓണം കഴിയും മുന്‍പ് പരമാവധി തിരിച്ചുവരവ് സാധ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ മേഖല.

MORE IN BUSINESS
SHOW MORE
Loading...
Loading...