വാട്സാപ്പിന്റെ സ്വകാര്യതാനയം; സമയപരിധി അവസാനിച്ചു; അക്കൗണ്ടുകൾ നീക്കില്ല

whatsapp
SHARE

വാട്സാപ്പിന്റെ  പുതിയ സ്വകാര്യതാനയം അംഗീകരിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചെങ്കിലും നയം അംഗീകരിക്കാത്തവരുടെ  അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെടില്ല. എന്നാൽ പുതിയ വ്യവസ്ഥകൾ അംഗീകരിക്കാത്തവരുടെ വാട്സ്ആപ്പ് സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ നഷ്ടമാകും. 

വാട്സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കിനും  അനുബന്ധ പ്ലാറ്റ്ഫോമുകൾക്കും  കൈമാറുമെന്ന്  വ്യവസ്ഥചെയ്യുന്ന ടെംസ് ആൻഡ് കണ്ടീഷൻസ് അംഗീകരിക്കാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെടുമെന്നായിരുന്നു വാട്സാപ്പ് വ്യക്തമാക്കിയിരുന്നത്. ആരെയും നിർബന്ധപൂർവ്വം നയം അംഗീകരിപ്പിക്കില്ലെന്നും എപ്പോൾ വേണമെങ്കിലും ഉപഭോക്താക്കൾക്ക് ആപ്പ് ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും  ഡൽഹി  ഹൈക്കോടതിയിൽ വാട്സ്ആപ്പ്  കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

എന്നാൽ പുതിയ സ്വകാര്യത നയം അംഗീകരിക്കാത്തവർക്ക്  നിശ്ചിത സമയപരിധിക്കുള്ളിൽ വാട്സ്ആപ്പ് ഫീച്ചറുകൾ ഒന്നൊന്നായി നഷ്ടമാകും. ആദ്യഘട്ടത്തിൽ പുതിയ നയം സംബന്ധിച്ച ഓർമ്മപ്പെടുത്തലുകൾ സന്ദേശമായി എത്തും. എന്നിട്ടും അംഗീകരിക്കുന്നില്ലെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ചാറ്റ് ലിസ്റ്റുകൾ കാണാൻ കഴിയാതെ ആകും. വോയിസ് കോളും വീഡിയോകോളും അനുവദിക്കില്ല. ക്രമേണ വാട്സാപ്പിലെ ഒരു സേവനവും ലഭ്യമാകാത്ത സാഹചര്യത്തിൽ എത്തും  സാധാരണനിലയിൽ വാട്സ്ആപ്പ് 120 ദിവസം ഉപയോഗിക്കാതിരുന്നാൽ സ്വാഭാവികമായിത്തന്നെ അക്കൗണ്ട് നീക്കം ചെയ്യപ്പെടും. സേവനങ്ങൾ ലഭ്യമാകാതെ വരുന്നതോടെ ഉപഭോക്താക്കൾ വാട്സ്ആപ്പ് ഉപേക്ഷിക്കുകയോ മറ്റു സമാന ആപ്പുകളെ ആശ്രയിക്കുകയോ  വേണ്ടി വരും. എന്നാൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ പൂർണമായും സുരക്ഷിതമാണെന്നും  ആരുടെയും സ്വകാര്യ സന്ദേശങ്ങളോ  മറ്റു വിവരങ്ങളോ ആരുമായും  പങ്കു വയ്ക്കില്ല എന്നാണ് വാട്സ്ആപ്പ് നൽകുന്ന ഉറപ്പ്.  അതേസമയം വാണിജ്യ സ്ഥാപനങ്ങളുമായുള്ള  ആശയവിനിമയങ്ങൾ പരസ്യ വിതരണത്തിനായി  ഉപയോഗിക്കുമെന്നാണ് നിലപാട്

MORE IN BUSINESS
SHOW MORE
Loading...
Loading...