ഒ‌ട്ടേറെ സംരംഭങ്ങളുമായി 'ഉഷസ്'; ഒരു കൂട്ടം വനിതകളുടെ സ്വപ്നസാഫല്യം

ushus
SHARE

വയനാട് ജില്ലയിലെ കേണിച്ചിറ പൂതാടിയിലുള്ള ഉഷസ് കുടുംബശ്രീ ഒരു കൂട്ടം വനിതകളുടെ സ്വപ്ന സാഫല്യമാണ്. ആട്, കോഴി, പശുവളർത്തൽ മുതൽ ജൈവകൃഷിയും മീൻ വളർത്തലും വരെ ഒട്ടേറെ സംരംഭങ്ങൾ ഇവരുടേതായുണ്ട്. പ്രളയാനന്തര പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഉഷസ് കോവിഡ് കാലത്തും സേവനസന്നദ്ധരായി ഒട്ടേറെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

'ഉഷസ്സ് എന്നത് ഒറ്റവാക്കല്ല. ഒരു കൂട്ടം വനിതകളുടെ സ്വപ്ന സാഫല്യമാണ്.'  1999 ഡിസംബർ 29നാണ് പൂതാടി പഞ്ചായത്തിലെ കേണിച്ചിറയിൽ 15 ബിപിഎൽ അംഗങ്ങൾ ചേർന്ന് ഉഷസ്സ് എന്ന പേരിൽ കുടുംബശ്രീ കുട്ടായ്മ ആരംഭിച്ചത്. 10 രൂപ വീതം ഓഹരി സമാഹരിച്ചു പ്രവർത്തനം ആരംഭിച്ച സംഘത്തിലെ ഓരോ അംഗത്തിനും ഇന്ന് നീക്കിയിരിപ്പ് 80,000 രൂപയ്ക്ക് അടുത്താണ്. കൂടാതെ വിവിധ സംരംഭങ്ങളിലൂടെ മാസം ഒന്നര ലക്ഷം രൂപയ്ക്കടുത്തു വരുമാനം നേടുന്ന കൂട്ടായ്മയാണിന്ന് ഉഷസ്സ്. 19 പേർ ഇപ്പോൾ ഈ കൂട്ടായ്മയിലുണ്ട്. 

ആരോഗ്യമേഖലയിലും പ്രളയാനന്തര, കോവിഡ് പ്രതിരോധ പ്രവർത്തനത്തിലും എടുത്തു പറയാവുന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച ഉഷസ്സ് ഒട്ടേറെ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2 ഗ്രൂപ്പ് സംരംഭങ്ങളും 17 വ്യക്തിഗത സംരംഭങ്ങളും ഇവർക്ക് കീഴിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. ആട്, കോഴി, പശുവളർത്തൽ, തുന്നൽ കേന്ദ്രം, ബ്യൂട്ടി പാർലർ, സാരി പെയിന്റിങ് കേന്ദ്രം, ഓഡിയോ ഇലക്ട്രോണിക്സ് കേന്ദ്രം, മെസ്ഹൗസ്, തുണി വിൽപന കേന്ദ്രം, കരകൗശല നിർമാണം, പച്ചക്കറി പരിപാലനം, വിപണനം, സംസ്കരണം, പാഷൻ ഫ്രൂട്ട് കൃഷി, മീൻ വളർത്തൽ തുടങ്ങിയവ എടുത്തുപറയാവുന്ന പ്രവർത്തന മേഖലകളാണ്. 

ഫുഡ് പ്രോസസിങ്, കൂൺകൃഷി, സോപ്പ്, പേപ്പർ ബാഗ്, കുട, മാസ്ക്, തുണിസഞ്ചി കരകൗശല നിർമാണം, ജ്വല്ലറി മേക്കിങ് തുടങ്ങി ഒട്ടേറെ പരിശീലനക്കളരികൾക്ക് ഇവർ നേതൃത്വം നൽകുന്നു. പരിശീലനം ലഭിച്ചവരിൽ പലരും കുടുംബം പുലർത്തുന്നത് ഇതിൽ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടാണ്. 

എല്ലാവർക്കും തൊഴിൽ എല്ലാവർക്കും വരുമാനം, നമ്മുടെ ഭക്ഷണം നമ്മുടെ വീട്ടുമുറ്റത്ത് എന്നീ ആശയങ്ങൾ ഉയർത്തിയാണ് സംഘം പ്രവർത്തിക്കുന്നത്. കൂടാതെ കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനും സംഘം മുൻപന്തിയിലാണ്. മറ്റുള്ളവർക്കും മാതൃകയാക്കാവുന്ന തരത്തിലാണ് ഇവരുടെ പ്രവർത്തനങ്ങളെല്ലാം. 

MORE IN BUSINESS
SHOW MORE
Loading...
Loading...