മുൻപ് ജോലിക്ക് പോകാൻ പറയും; ഇന്ന് സ്റ്റാർട്ട് അപ്പ് തുടങ്ങാൻ പറയും’; പ്രശംസിച്ച് മോദി

modi-startup2
SHARE

സംരംഭകരെ വാനോളം പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ പ്രമുഖ സംരംഭകരുമായി നടത്തിയ അന്താരാഷ്ട്ര സമ്മിറ്റിലാണ് അദ്ദേഹം സംരംഭകരെ പ്രകീർത്തിച്ചത്. സംരംഭകർക്ക് നാളെയെ മാറ്റാനുളള കരുത്തുണ്ടെന്ന് പ്രധാനമന്ത്രി വിഡിയോ കോൺഫറൻസിങിലൂടെയുളള സമ്മിറ്റിൽ പറഞ്ഞത്.  

'പണ്ട് സ്റ്റാർട്ട് അപ്പ് തുടങ്ങാൻ പോകുകയാണെന്ന് പറയുന്നവരോട് ജോലിക്ക് ശ്രമിച്ചുകൂടെ എന്നാണ് ചോദിച്ചിരുന്നതെങ്കിൽ ഇന്ന് മറിച്ചാണ് കാര്യങ്ങൾ. ജോലി തേടുന്നതിന് പകരം സ്റ്റാർട്ട് അപ്പ് തുടങ്ങൂ എന്ന മാറ്റത്തിലെത്തി നിൽക്കയാണ്'  സമ്മിറ്റിൽ പങ്കെടുക്കുന്നതിനിടെ പ്രധാമന്ത്രി പറഞ്ഞു. 

ഇത് ഡിജിറ്റൽ വിപ്ലവങ്ങളുടെ കാലമാണെന്നും പുതിയ കണ്ടെത്തലുകളുടെ സമയമാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഏഷ്യയിൽ നിന്ന് കൂടുതൽ സംരംഭകർ ഉണ്ടാകേണ്ടത്  ആവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഭാവിയിലെ സാങ്കേതിക സിരാകേന്ദ്രമായി ഏഷ്യൻ ലാബുകൾ മാറണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 

ഇന്ത്യയിൽ ഏതാണ്ട് 41,000 സ്റ്റാർട്ട് അപ്പുകളാണ് ഉളളത്. അതിൽ 5700 എണ്ണം ഐടി മേഖലയിലും 3600 എണ്ണം ആരോഗ്യ മേഖലയിലും 1700 എണ്ണം കാർഷിക മേഖലയിലുമാണുളളത്. ഇവയെല്ലാം രാജ്യത്തിന്റെ പുരോഗതിയിൽ വലിയ പങ്കു വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സർക്കാരിന്റെ പദ്ധതിയായസ്റ്റാർട്ട് അപ്പ് ഇന്ത്യ സീഡ് ഫണ്ട് പുതിയ സംരംഭകർക്ക് ആയിരം കോടി രൂപയുടെ  സാമ്പത്തിക സഹായമാണ് നൽകാൻ ഉദ്ദേശിക്കുന്നത്. യുവസംരംഭകരെ മുന്നോട്ടു കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാമന്ത്രി വ്യക്തമാക്കി. 

സ്വയം പര്യാപ്തമായ രാജ്യത്തിനു സ്റ്റാർട്ട്് അപ്പുകൾ സഹായകരമാണെന്ന് കോവിഡ് കാലം തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ആരംഭിച്ച സമ്മിറ്റിന്റെ ഉദ്ഘാടനം മന്ത്രി പിയുഷ് ഗോയലാണ്  നിർവഹിച്ചത്. ഒരു ലക്ഷത്തിലേറെ പേരാണ് സമ്മിറ്റിൽ ഒാൺലൈനായി പങ്കെടുത്തത്.

MORE IN BUSINESS
SHOW MORE
Loading...
Loading...