ജിയോ വരിക്കാർ വിട്ടുപോകാൻ കാരണം ഞങ്ങളല്ല; പരാതി പുച്ഛത്തോടെ തള്ളണം; എയർടെൽ

ambani-jio-airtel-letter
SHARE

ടെലികോം കമ്പനിക്കെതിരെ പഞ്ചാബിലും മറ്റും നടക്കുന്ന കർഷക പ്രതിഷേധ, ആക്രമണങ്ങള്‍ക്ക് പിന്നിൽ തങ്ങളുടെ എതിരാളികളാണെന്ന് ജിയോ നല്‍കിയിരിക്കുന്ന പരാതി അര്‍ഹിക്കുന്ന പുച്ഛത്തൊടെ തള്ളിക്കളയണമെന്ന് എയര്‍ടെല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ജിയോയുടെ ആരോപണം അടിസ്ഥാനരഹിതവും അരോചകവുമാണെന്ന് എയര്‍ടെല്‍ പറയുന്നു. തങ്ങളുടെ വാദത്തിന് എന്തു തെളിവാണ് ജിയോയുടെ കൈവശമുള്ളതെന്നും എയര്‍ടെല്‍ ചോദിക്കുന്നു. ജിയോ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഭാര്‍തി എയര്‍ടെല്ലിന്റെ ഇടപെടലിനുള്ള തെളിവുകള്‍ പുറത്തു വിടണമെന്നും അല്ലാത്തപക്ഷം അവരുടെ ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നുമാണ് എയര്‍ടെല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

റിലയന്‍സ് ജിയോ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന് ഡിസംബര്‍ 28ന് നല്‍കിയ പരാതിയെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരാണ് എന്നാണ് ടെലികോം സെക്രട്ടറി അന്‍ശു പ്രകാശിനു നല്‍കിയ കത്തില്‍ എയര്‍ടെല്‍ പറയുന്നത്. പഞ്ചാബിലും ഹരിയാനയിലും നടക്കുന്ന കര്‍ഷക പ്രക്ഷോപത്തെ തുടര്‍ന്ന് റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ തടസപ്പെട്ടുവെന്നത് തങ്ങള്‍ക്ക് അറിയാമെന്നും എയർടെൽ പറയുന്നുണ്ട്. ഇപ്പോള്‍ നല്‍കിയിരിക്കുന്ന പോലെയൊരു പരാതി ഡിസംബര്‍ ആദ്യവും ജിയോ തങ്ങള്‍ക്കെതിരെ നല്‍കിയിരുന്നു. അതിനും അന്ന് മറുപടി നല്‍കിയിരുന്നുവെന്നും എയര്‍ടെല്‍ പറയുന്നു. കര്‍ഷക പ്രതിഷേധത്തിനു പിന്നില്‍ എയര്‍ടെല്‍ ആണെന്നും, അത് ജിയോയുടെ നെറ്റ്‌വര്‍ക്ക് അട്ടിമറിക്കാന്‍ (sabotage) നടത്തുന്നതാണെന്നും അതുവഴി ജിയോയുടെ വരിക്കാർ എയര്‍ടെല്ലിലേക്ക് എത്തുമെന്നു കരുതി നടത്തുന്നതാണ് എന്നും മറ്റുമുള്ള ആരോപണങ്ങള്‍ മര്യാദാലംഘനമാണ് – എയര്‍ടെലിന്റെ ചീഫ് റെഗുലേറ്ററി ഓഫിസര്‍ രാഹുല്‍ വാട്‌സ് ഡോട്ടിന് നല്‍കിയ കത്തില്‍ പറയുന്നു.

അതേസമയം, ജിയോ ഡോട്ടിനു നല്‍കിയ കത്തില്‍ ആരോപിച്ചിരിക്കുന്നത് ഇപ്പോള്‍ പഞ്ചാബിലും, ഹരിയാനയിലും, രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും ജിയോ നെറ്റ്‌വര്‍ക്ക് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ ഭൂരിഭാഗവും തങ്ങളുടെ എതിരാളികളായ എയര്‍ടെല്ലിന്റെയും, വോഡഫോണ്‍ ഐഡിയയുടെയും വിതരണക്കാരും, റീട്ടെയ്‌ലര്‍മാരും, ചാനല്‍ പാര്‍ട്ണര്‍മാരും ചേര്‍ന്ന് ഒപ്പിച്ച ലജ്ജാരഹിതമായ പദ്ധതിയുടെ ഭാഗമാണ് എന്നാണ്. അവര്‍ ഇപ്പോള്‍ നടന്നുവരുന്ന കര്‍ഷക പ്രതിഷേധം മുതലാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ജിയോയ്ക്കു നേരെ നടക്കുന്ന ദുഷ്ടലാക്കോടെയുള്ള ആക്രമണങ്ങള്‍ എന്നാണ് ജിയോയുടെ ആരോപണം. 

MORE IN BUSINESS
SHOW MORE
Loading...
Loading...